കേരളത്തിൽ ബി ജെ പി ഇത്തവണ അക്കൗണ്ട്‌ തുറക്കും:എം.വെങ്കയ്യ നായിഡു

single-img
5 April 2014

venkaഇത്തവണ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് 250 സീറ്റുകളിലധികവും എൻ.ഡി.എയ്ക്ക് 300 സീറ്റുകളിലധികവും ലഭിക്കുമെന്ന് ബി.ജെ.പി മുൻപ്രസിഡന്റ് എം.വെങ്കയ്യ നായിഡു പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ് നടത്തിയ ദില്ലി ചലോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കും.

ബി.ജെ.പിക്ക് ഒട്ടുമിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സഖ്യ കക്ഷികളായി കഴിഞ്ഞു. തമിഴ്നാട്ടിൽ ഇത്തവണ ബി.ജെ.പി സഖ്യം മുന്നേറ്റമുണ്ടാക്കും. ആന്ധ്രയിൽ ടി.ഡി.പിയുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലാണെന്നും നായിഡു സൂചിപ്പിച്ചു.

കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. എം.പിമാരില്ലാഞ്ഞിട്ടും ഒ.രാജഗോപാലിനെ വാജ്പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയാക്കി. ഇത്തവണയും ബി.ജെ.പി അധികാരത്തിൽ വന്നാൽ കേരളത്തിന് അർഹമായ പ്രാതിനിധ്യമുണ്ടാകും.

മൂന്നാം മുന്നണിയെന്നത് ഒരു മരീചികയാണ്. പരാജയപ്പെട്ട പരീക്ഷണമാണ്. യു.പി.എ നടത്തിയ അഴിമതികളിൽ നിന്നും വിവാദങ്ങളിൽ നിന്നും ഇടതുപക്ഷം ഉൾപ്പെടെയുള്ള മൂന്നാംമുന്നണിക്ക് ഒഴിഞ്ഞു മാറാൻ ആവില്ല.

രാജ്യം കണ്ട ഏറ്റവും മോശപ്പെട്ട പ്രതിരോധ മന്ത്രിയാണ് എ.കെ.ആന്റണി എന്നാൽ ആന്റണി ശുദ്ധനും മാന്യനുമാണെന്നതിൽ സംശയമില്ല. പക്ഷെ,​ ഒന്നും പ്രവർത്തിക്കാത്ത ശുദ്ധനായിപ്പോയി അദ്ദേഹം. കഴിഞ്ഞ 10 വർഷവും ആന്രണി പൂർണ്ണ പരാജയമായിരുന്നുവെന്നും നായ്ഡു കുറ്റപ്പെടുത്തി.