കേരളത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാർഥികൾക്ക് വോട്ട് പിടിക്കാൻ രാഹുൽ ഗാന്ധിയും ,സോണിയ ഗാന്ധിയും എത്തുന്നു

single-img
4 April 2014

rahulയൂത്ത് കോണ്‍ഗ്രസ്‌ , മഹിളാ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിച്ച് രാഹുല്‍ ഗാന്ധി ശനിയാഴ്ച എത്തും. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദിഖിനുവേണ്ടി വോട്ട് ചോദിച്ചാണ് അദ്ദേഹത്തിന്റെ സംസ്ഥാനത്തെ പര്യടനം ആരംഭിക്കുക. രാവിലെ 10 നാണ് കാസര്‍ഗോട്ടെ യോഗം തീരുമാനിച്ചിരിക്കുന്നത് .

ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മത്സരിക്കുന്ന ഇടുക്കി മണ്ഡലത്തിലാണ് യോഗം . കട്ടപ്പനയില്‍ 12.30 നാണ് യോഗം. അതിന്ശേഷം ഉച്ചക്ക് രണ്ടിന് ചെങ്ങന്നൂരില്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിനുവേണ്ടിയാണ് അടുത്ത യോഗം. അവസാനയോഗം ആറ്റിങ്ങലിലാണ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ ബിന്ദു കൃഷ്ണയാണ് ഇവിടത്തെ സ്ഥാനാര്‍ഥി. മൂന്നരയ്ക്കാണ് ആറ്റിങ്ങലിലെ യോഗം.

ഞായറാഴ്ച പ്രധാനമന്ത്രിയും കേരളത്തിലെത്തും. എന്നാല്‍ അദ്ദേഹത്തിന് വിപുലമായ പരിപാടികളില്ല. ആകെ എറണാകുളം മണ്ഡലത്തിലെ പള്ളുരുത്തിയില്‍ മാത്രമാണ് അദ്ദേഹം പ്രസംഗിക്കുക. വൈകിട്ട് അഞ്ചരയ്ക്ക് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ കെ.വി. തോമസിനായി അദ്ദേഹം വോട്ട് തേടും.

തിങ്കളാഴ്ചയാണ് സോണിയാ ഗാന്ധിയുടെ പ്രചാരണം. തൃശ്ശൂരും കോഴിക്കോട്ടുമാണ് സോണിയ പ്രസംഗിക്കുക. അടുത്തയാഴ്ച എ.കെ. ആന്റണിയുടെ പ്രചാരണം റോഡ്‌ഷോയോടെ തിരുവനന്തപുരത്ത് സമാപിക്കും വിധമാണ് യു.ഡി. എഫ് പ്രചാരണം ക്രമീകരിച്ചിരിക്കുന്നത്.