സ്വവര്‍ഗ്ഗവിവാഹ വിവാദം : മോസില്ല തലവന്‍ ബ്രെണ്ടന്‍ ഈക് രാജിവെച്ചു

single-img
4 April 2014

ഫയര്‍ഫോക്സ് വെബ്‌ ബ്രൌസറിന്റെ ഉപജ്ഞാതാക്കളായ മോസില്ലയുടെ തലവന്‍ ബ്രെണ്ടന്‍ ഈക് രാജിവെച്ചു. സ്വവര്‍ഗ്ഗ വിവാഹത്തോടുള്ള ബ്രെണ്ടന്‍റെ നിലപാടിനെച്ചോള്ളി സൈബര്‍ ലോകത്തുണ്ടായ വിവാദങ്ങളുടെ ഭാഗമായാണ് രാജി.

കഴിഞ്ഞ മാസമാണ് ബ്രെണ്ടന്‍ ഈക് മോസില്ല കോര്‍പറേഷന്‍റെ ചീഫ് എക്സിക്യുട്ടീവ്‌ ആയി ചുമതലയേറ്റത്.സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്തു കൊണ്ടുള്ള നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ബ്രെണ്ടന്‍ മോസില്ല പോലെയുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത് വരുന്നതിനെച്ചൊല്ലി സൈബര്‍ ലോകത്ത് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.

മോസില്ലയുടെ എക്സിക്ക്യൂട്ടിവ് ചെയര്‍വുമണ്‍ ആയ മിച്ചെല്‍ ബേക്കര്‍ ഒരു ബ്ലോഗ്‌ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.മോസില്ല നേടിയെടുത്ത നിലവാരത്തിനു യോജിക്കുന്ന കാര്യങ്ങളല്ല കഴിഞ്ഞ ആഴ്ചകളില്‍ അതിനുള്ളില്‍ നടന്നതെന്ന് അവര്‍ തുറന്നു സമ്മതിക്കുന്നു.ആളുകള്‍ എന്തിനാണ് ദേഷ്യപ്പെടുകയും പ്രതികരിക്കുകയും ചെയ്തതെന്ന് തങ്ങള്‍ക്കു മനസ്സിലാകുമെന്നും തങ്ങളുടെ ഭാഗത്ത്‌ നിന്നുണ്ടായ വീഴ്ച അംഗീകരിക്കുന്നു എന്നും അവര്‍ പറയുന്നു.

മോസില്ല കോര്‍പറേഷന്‍റെ ഉടമയായ ലാഭേതര സ്ഥാപനമായ മോസില്ല ഫൌണ്ടേഷന്റെ ബോര്‍ഡ്‌ അംഗത്വവും  ബ്രെണ്ടന്‍ രാജിവെച്ചു.മോസില്ലയുടെ സ്ഥാപകരില്‍ ഒരാളും “ജാവ സ്ക്രിപ്റ്റ് ” എന്ന പ്രോഗ്രാമിംഗ് ലാംഗ്വേജിന്റെ ഉപജ്ഞാതാവുമാണ് ബ്രെണ്ടന്‍ ഈക്.

2008-ല്‍ കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ വിവാഹ നിരോധന നിയമം പാസ്സാക്കാന്‍ ശ്രമിച്ചവര്‍ക്ക് ബ്രെണ്ടന്‍ 1000 ഡോളര്‍ സംഭാവന കൊടുത്തിരുന്നു.ഈ നിയമം അന്ന് പാസ്സാക്കിയെങ്കിലും പിന്നീട് 2013-ല്‍ യു എസിലെ സുപ്രീം കോടതി ഈ നിയമം റദ്ദാക്കി.ഈ കഴിഞ്ഞ മാര്‍ച്ച് 24-നു ബ്രെണ്ടനെ മോസില്ലയുടെ ചീഫ് എക്സിക്യൂട്ടിവ് ആയി പ്രഖ്യാപിച്ചയുടന്‍ തന്നെ അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി മോസില്ലയ്ക്കെതിരെ പ്രതിഷേധങ്ങളും ആരംഭിച്ചു.

ഏറ്റവും ശക്തമായ പ്രതിഷേധം ഉണ്ടായത് ഡേറ്റിംഗ് സൈറ്റ് ആയ ‘ഒകെ ക്യുപിഡി’ന്റെ ഭാഗത്ത് നിന്നാണ്.മോസില്ല ഫയര്‍ഫോക്സ് ഉപയോഗിച്ച് ഈ വെബ്‌സൈറ്റില്‍ കയറുന്ന ഉപയോക്താക്കളെ സ്വാഗതം ചെയ്തത് ഇങ്ങനെയൊരു സന്ദേശമാണ് : “ഹലോ,മോസില്ല ഉപഭോക്താവേ , തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു.മോസില്ലയുടെ പുതിയ സി ഇ ഒ ആയ ബ്രെണ്ടന്‍ ഈക് സ്വവര്‍ഗ ദമ്പതികളുടെ തുല്യമായ അവകാശത്തിനു എതിര് നില്‍ക്കുന്നയാളാണ്.അതുകൊണ്ട് ഒകെ ക്യുപിഡിന്റെ ഉപയോക്താക്കള്‍ മോസില്ല ഉപയോഗിക്കരുതെന്ന് ഞങ്ങള്‍ താല്പര്യപ്പെടുന്നു”.

ഇത്തരം പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ബ്രെണ്ടനെ നീക്കാന്‍ മോസില്ല കോര്‍പറേഷന്‍ തീരുമാനിച്ചത്.