രാജ്യത്ത് പുതിയ ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി

single-img
3 April 2014

bankരാജ്യത്ത് പുതിയ ബാങ്ക് തുടങ്ങാന്‍ രണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) ബുധനാഴ്ച തത്ത്വത്തില്‍ അനുമതി നല്‍കി. ഐ.ഡി.എഫ്.സി. ലിമിറ്റഡ്, ബന്‍ദന്‍ ഫിനാഷ്യല്‍ സര്‍വീസ് എന്നിവയാണ് ഈ സ്ഥാപനങ്ങള്‍. ഒരു ദശാബ്ദത്തിനുശേഷമാണ് റിസര്‍വ് ബാങ്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നത്.

തപാല്‍ വകുപ്പ്, ഐ.എഫ്.സി.ഐ., അനില്‍ അംബാനി ഗ്രൂപ്പ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, ബജാജ് ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 27 സ്ഥാപനങ്ങള്‍ ബാങ്കിങ് ലൈസന്‍സിന് അപേക്ഷിച്ചെങ്കിലും രണ്ട് സ്ഥാപനങ്ങളെ മാത്രമാണ് റിസര്‍വ് ബാങ്ക് തിരഞ്ഞെടുത്തത്.
വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കും അടിസ്ഥാനസൗകര്യപദ്ധതികള്‍ക്കും മറ്റും വായ്പ നല്‍കുന്ന സ്ഥാപനമാണ് ഐ.ഡി.എഫ്.സി. മുംബൈ ആണ് ആസ്ഥാനം. ബന്‍ധന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇടത്തരക്കാര്‍ക്കും ഗ്രാമീണമേഖലയിലുള്ളവര്‍ക്കും ചെറുകിട വായ്പ നല്‍കുന്ന സ്ഥാപനമാണ്. കൊല്‍ക്കത്തയാണ് ആസ്ഥാനം. വിവിധ സംസ്ഥാനങ്ങളിലായി 2016 ശാഖകളുണ്ട്.

അതേസമയം ബാങ്കിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് തടസ്സമില്ലെന്നു തിരഞ്ഞെടുപ്പുകമ്മീഷന്‍ ചൊവ്വാഴ്ച റിസര്‍വ് ബാങ്കിനെ അറിയിച്ചിരുന്നു. 2003-’04-ല്‍ ആണ് അവസാനമായി ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവയ്ക്കാണ് അന്ന് ലൈസന്‍സ് കിട്ടിയത്