വനിതാ മാദ്ധ്യമ ഫോട്ടോഗ്രാഫറെ മാനഭംഗത്തിനിരയാക്കിയ കേസിൽ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് മുംബൈ പ്രിൻസിപ്പൽ സെഷൻസ് കോടതി

single-img
3 April 2014

mumശക്തി മില്‍സ് വളപ്പിൽ വനിതാ മാദ്ധ്യമ ഫോട്ടോഗ്രാഫറെ മാനഭംഗത്തിനിരയാക്കിയ കേസിൽ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് മുംബൈ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഇവരുടെ ശിക്ഷ നാളെ കോടതി പ്രഖ്യാപിക്കും.

വിജയ് യാദവ്,​ കാസിം ഷെയ്‌ക്ക്,​ സലിം അൻസാരി എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. ഇതേ വളപ്പിൽ ഒരു വനിതാ ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഇവരടക്കം നാലുപ്രതികള്‍ക്ക് കോടതി നേരത്തെ ജീവപര്യന്തം വിധിച്ചിരുന്നു.

പരേലിൽ പൂട്ടിക്കിടക്കുന്ന മില്ലുകളെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി ചിത്രങ്ങളെടുക്കാൻ 2013 ഓഗസ്റ്റ് 22ന് അവിടെയെത്തിയ യുവതിയെ കൂട്ടമാനഭംഗത്തിന് വിധേയയാക്കുകയായിരുന്നു. സഹപ്രവര്‍ത്തകനെ കെട്ടിയിട്ട ശേഷമായിരുന്നു സംഘം യുവതിയെ ആക്രമിച്ചത്.

ശിക്ഷ വർദ്ധിപ്പിക്കുന്ന തരത്തിൽ കൂടുതൽ കുറ്റങ്ങൾ വിചാരണയ്ക്കിടെ പ്രതികളുടെ മേൽ പ്രോസിക്യൂഷൻ ചാർജ് ചെയ്തിരുന്നു. ഇവ കോടതി അംഗീകരിച്ചതുകൊണ്ട് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് സൂചന.