ജനങ്ങളെ ബൂത്തിൽ എത്തിക്കാൻ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണം പാൽ കവറിൽ കൂടി

single-img
3 April 2014

voteഎന്നും രാവിലെ വാങ്ങുന്ന പാക്കറ്റ് പാലിന്റെ കവറുകള്‍ക്കു മുകളില്‍ വോട്ടു നഷ്ടപ്പെടുത്തി കളയരുതെന്ന ഒരു സന്ദേശവും കണ്ടാല്‍ കർണാടകയിലെ ജനങ്ങൾ അത്ഭുതപ്പെടില്ല . കാരണം ജനങ്ങളെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പാല്‍പ്പാക്കറ്റുകളില്‍ പുതിയ സന്ദേശങ്ങള്‍ കുറിച്ചിരിക്കുന്നത്.കർണാടകയിലെ ഏറ്റവും വലിയ പാല്‍ശേഖരണ-വില്‍പ്പന സംഘമായ മൈസൂര്‍-ചാമരാജനഗര്‍ പാലുല്‍പ്പാദക സംഘത്തിന്റെ സഹായത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആശയം നടപ്പാക്കുന്നത്.

വെള്ളിയാഴ്ച മുതല്‍ മൈസൂര്‍ മേഖലയില്‍ വില്‍പ്പനക്കെത്തിയ നന്ദിനി പാല്‍പാക്കറ്റുകളിലെല്ലാം ഈ സന്ദേശം പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പുകളില്‍ ഈ മേഖലയില്‍ പോളിംഗ് ശതമാനം കുറഞ്ഞുവരുന്നതാണ് അധികൃതരെ ഇത്തരമൊരു പ്രചരണത്തിനു പ്രേരിപ്പിച്ച ഘടകം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും 60 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് ശതമാനം ഇവിടെ ഉയര്‍ന്നിട്ടില്ല.

എന്നാല്‍ ഇക്കുറി 75 ശതമാനം പേരെ ബുത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.തിരഞ്ഞെടുപ്പിനോടു മുഖം തിരിക്കുന്ന മേഖലയിലെ വനിതാ വോട്ടര്‍മാരെയും ഇതിലൂടെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി കന്നടത്തിലും, ഇംഗ്ലീഷിലും തയ്യാറാക്കിയ സന്ദേശങ്ങളാണ് ഉപയോഗിക്കുന്നത്.