പത്താം ക്ലാസ് പാസാകാത്ത 93 പേര്‍, 74 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി; കേരളത്തിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇങ്ങനെ

single-img
3 April 2014

Criminal Candidateപത്താം ക്ലാസ് പാസാകാത്ത 93 പേര്‍, ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 74 പേര്‍, 31 പേര്‍ക്കെതിരെ വധശ്രമക്കുറ്റം, 46 കോടിപതികള്‍…. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥി ലിസറ്റ് ഇങ്ങനെ.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂജനറേഷന്‍ തരംഗം കയ്യടക്കിയ ഈ കാലത്തുപോലും പത്താം ക്ലാസ് പാസാകാത്ത 93 പേര്‍ മത്സരിക്കുന്നവെന്നു പറഞ്ഞാല്‍ അതൊരു അത്ഭുതം തന്നെയാണ്. പ്ലസ് 2 വിദ്യാഭ്യാസമുള്ള 33 പേരും 31 ബിരുദക്കാരും 42ബിരുദാനന്തര ബിരുദക്കാരും ഈ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നു. ഇതിനിടയില്‍ ഡോക്ടറേറ്റ് നേടിയ മൂന്നു പേരുണ്ട്.

അതുപോലെ ഈ സ്ഥാനാര്‍ത്ഥികളില്‍ ക്രിമിനല്‍ പ്രതികളായ 74 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറയുന്നതും. പൊതുവേ കേരളത്തെ സംബന്ധിച്ച് പുതുമയുള്ള കാര്യം തന്നെയാണ്.

വധശ്രമമുള്‍പ്പെടെയുള്ള ക്രമിനല്‍ കേസിന്റെ കാര്യം പരിശോധിച്ചാല്‍ മുന്നില്‍ നില്‍ക്കുന്നത് എസ്.ഡി.പി.ഐ ആണ്. എസ്.ഡി.പി.ഐ 7, ബി.ജെ.പി 7, ബി.എസ്.പി 2 എന്നിങ്ങനെ പോകുന്നു കേസിലുള്‍പ്പെട്ട സ്ഥാനാര്‍ത്ഥികളുടെ എണ്ണം. ഇടതുപാര്‍ട്ടികളായ സി.പി.ഐക്ക് 2 പേരും സി.പി.എമ്മിന് ഒരാളും ഈ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 2 പേരും സി.പി.ഐ(എം.എല്‍) 1, വെല്‍ഫെയര്‍പാര്‍ട്ടി 1 എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ ്രകിമിനല്‍ നില. 9 സ്വതന്ത്രന്‍മാര്‍ ക്രമിനല്‍ കേസിലുള്‍പ്പെടുമ്പോള്‍ മറ്റുള്ള പാര്‍ട്ടികളില്‍ നിന്നും 2 പേരും സ്ഥാനം പിടിച്ചിട്ടുണ്ട്.

സമ്പന്നതയുടെ കാര്യം നോക്കുകയാണെങ്കില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 23 കോടി രൂപയുടെ ആസ്തിയോടെ മുന്നില്‍ നില്‍ക്കുന്നു. സാധാരണക്കാരന്റെ പാര്‍ട്ടിയെന്ന വിശേഷണവുമായെത്തിയ ആം ആദ്മി പാര്‍ട്ടിയുടെ എറണാകുളത്തെ സ്ഥാനാര്‍ത്ഥി അനിതാ പ്രതാപും ചാലക്കുടിയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി നൂറുദ്ദീനും യഥാക്രമം 20 കോടിയും 15 കോടിയുമായി തൊട്ടുപിറകിലുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ 10 കോടിക്കു മുകളില്‍ സ്വത്തുള്ള മൂന്നു സ്ഥാനാര്‍ത്ഥികളില്‍ രണ്ടുപേര്‍ ആം ആദ്മിക്കാരാണ്.

കുറഞ്ഞ സ്വത്തുള്ളവരില്‍ ആലപ്പുഴയിലെ സ്വതന്ത്രന്‍ ടി.എസ്. ബാലകൃഷ്ണന്‍, കോട്ടയത്തെ എന്‍.കെ ബിജു, ആലത്തൂരിലെ എ.യു ആല്‍ബിന്‍ എന്നിവര്‍ പെടുന്നു. വരുമാനത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ എറണാകുളത്തെ ആം ആദ്മി സ്ഥാനാര്‍ത്ഥി അനിത പ്രതാപിന്റെയടുക്കല്‍ ആരുമെത്തില്ല. 1.07 കോടി രൂപയുടെ വരുമാനമാണ് അവര്‍ക്കുള്ളത്. ശശി തരൂര്‍ 75.40 ലക്ഷവുമായി രണ്ടാം സ്ഥാനത്തും പി.സി. ചാക്കോ 28.20 ലക്ഷവുമായി മൂന്നാം സ്ഥാനത്തുമുണ്ട്.