കേരളത്തിൽ ഇന്ന് ഒരു മണിക്കൂര്‍ ചാനൽ ഓപ്പറേറ്റർമാർ ചാനലുകള്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കും

single-img
2 April 2014

cableകേബിൾ ടി വി ശൃംഖലകള്‍ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന പോസ്റ്റുകളുടെ വാടക മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ഒരു മണിക്കൂര്‍ ചാനലുകള്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ചെയ്ത് പ്രതിഷേധിക്കും. നേരത്തെ കേബിള്‍ ടിവി ശൃംഖലകള്‍ക്കായി വൈദ്യുതി പോസ്റ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള വാടക 98 ല്‍ ഒരു പോസ്റ്റിന് 17 രൂപയായാണ് നിശ്ചയിച്ചിരുന്നത്.

2003 ല്‍ നിരക്ക് 108 രൂപയായും 2012 ല്‍ 311 രൂപയായും വര്‍ദ്ധിപ്പിച്ചു. ഒപ്പം ഓരോ വര്‍ഷവും 12 ശതമാനം നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അമിതമായ ഈ നിരക്കു വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മന്ത്രിമാരുള്‍പ്പെടെയുള്ളവക്ക് നിരവധി നിവേദനങ്ങള്‍ നല്‍കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അനുകൂലമായി ഇതുവരെ തീരുമാനമൊന്നുമുണ്ടായില്ല. ഇതേത്തുടര്‍ന്ന് സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഒരു മണിക്കൂര്‍ ചാനലുകള്‍ ഓഫ് ചെയ്യുന്നത് എന്ന് അസോസിയേഷൻ അറിയിച്ചു .

ഇപ്പോൾ നടത്തുന്ന സമരം കൊണ്ടു ഫലമുണ്ടായില്ലെങ്കില്‍ ഏപ്രില്‍ അവസാന ആഴ്ച മുതല്‍ കേബിള്‍ ടിവി അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തില്‍ വൈദ്യുതി മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കും.