അമ്രപാലി ഗ്രൂപ്പ് നല്‍കിയ 75 കോടിരൂപയുടെ ചെക്ക് : ധോണിയ്‌ക്കെതിരെ ആദായ നികുതി വകുപ്പ്‌ അന്വേഷണം

single-img
31 March 2014

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ്‌ ധോണിയ്‌ക്കെതിരെ ആദായ നികുതി യൂണിറ്റിന്റെ അന്വേഷണം. വന്‍കിട റിയല്‍ എസ്‌റ്റേറ്റ്‌ ഗ്രൂപ്പായ അമ്രപാലി ഗ്രൂപ്പ്‌ നല്‍കിയ 75 കോടിയുടെ ചെക്കുകള്‍ നല്‍കിയത്‌ സംബന്ധിച്ചാണ്‌ റാഞ്ചി ആദായ നികുതി വകുപ്പ്‌ അന്വേഷണം നടത്തുന്നത്‌. ഇതുസംബന്ധിച്ച്‌ വകുപ്പ്‌ ധോണിയോട്‌ വിശദീകരണം തേടും.

അമ്രപാലി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മഹേന്ദ്രധോണിക്ക് കമ്പനി ചെയര്‍മാന്‍ അനില്‍ ശര്‍മ്മയാണ് 75 കോടി രൂപയുടെ ചെക്ക് നല്‍കിയത്. 2011-2012 കാലയളവിലാണ്‌ മൊത്തം 75 കോടി രൂപ വരുന്ന നാലു ചെക്കുകള്‍ ധോണിയ്‌ക്ക് നല്‍കിയിരിക്കുന്നത്‌. ചെക്കുകള്‍ 2014 വര്‍ഷത്തിലാണ്‌ ധോണി പണമാക്കിയത്‌. അമ്രപാലി ഗ്രൂപ്പിന്റെ ബ്രാന്‍ഡ്‌ അമ്പാസഡറാണ്‌ ധോണി. ധോണിയുടെ ഭാര്യ സാക്ഷിയ്‌ക്ക് ഗ്രൂപ്പില്‍ 25 ശതമാനത്തിന്റെ ഷെയറുകളുമുണ്ട്‌. ധോണിയും അമ്രപാലി ഗ്രൂപ്പും സംയുക്തമായി തുടങ്ങിയതാണ് അമ്രപാലി മഹി ഡെവലപ്പേഴ്‌സ്.

അമ്രപാലി ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നടത്തിയ റെയ്‌ഡുകളെ തുടര്‍ന്ന്‌ ലഭിച്ച രേഖകളില്‍ നടത്തിയ പരിശോധനയിലാണ്‌ ചെക്കുകളെ കുറിച്ചുള്ള വിവരം ആദായ നികുതി വകുപ്പിന്‌ ലഭിച്ചത്‌. എന്നാല്‍ ചെക്കിനെ സംബന്ധിച്ച്‌ ധോണിയുടെ ഓഫീസും അമ്രപാലി ഗ്രൂപ്പും നല്‍കിയ വിശദീകരണങ്ങള്‍ വ്യത്യസ്‌തമാണ്‌. റാഞ്ചിയില്‍ ക്രിക്കറ്റ്‌ അക്കാദമി തുടങ്ങുന്നതിനായാണ്‌ പണം നല്‍കിയതെന്നാണ്‌ കമ്പനി നല്‍കിയ വിശദീകരണം. എന്നാല്‍ ഓഹരി പങ്കാളിത്തത്തിന് സെക്യൂരിറ്റിയായി നല്‍കിയതാണ് 75 കോടിയുടെ ചെക്കെന്നാണ് ധോനിയുടെ വക്താവ് നല്‍കിയ വിശദീകരണം.

ഐപിഎല്‍ സ്‌പോട്ട്‌ ഫിക്‌സിങ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന വിവാദത്തില്‍ ധോണിയ്‌ക്കും പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ്‌ ആദായ നികുതി വകുപ്പിന്റെ അന്വേഷണം വരുന്നത്‌. സംഭവത്തില്‍ അന്വേഷണം നടത്തിയ മുദ്‌ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും ധോണിയുടെ പേരുണ്ടെന്ന്‌ സൂചനയുണ്ട്‌. വിവാദ കമ്പനിയായ ഇന്ത്യാ സിമെന്റ്‌സിന്റെ ഉടമസ്‌ഥതയിലുള്ള ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്‌റ്റനാണ്‌ ധോണി. ഇന്ത്യാ സിമെന്റ്‌സിന്റെ വൈസ്‌ പ്രസിഡന്‍ഡാണ്‌ ധോണി.