ടി പി വധഗൂഢാലോചന സി ബി ഐ അന്വേഷിക്കില്ല

single-img
31 March 2014

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധഗൂഢാലോചനക്കേസ് അന്വേഷിക്കില്ലെന്ന് സിബിഐ അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കേണ്ടത്ര പ്രധാന്യം കേസിനില്ലെന്ന് സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദ് അറിയിച്ചു.സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് ദേശീയ ഏജൻസി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യം ഉടൻ കേരളത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിപി വധഗൂഢാലോചനക്കേസില്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നേരത്തെ സിബിഐയോട് അഭിപ്രായം തേടിയിരുന്നു. എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം പ്രസക്തമാണോ എന്ന് അറിയിക്കണമെന്നായിരുന്നു നിര്‍ദേശം.നിലവില്‍ ടിപി വധഗൂഢാലോചനയില്‍ എടച്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണം പ്രസക്തമാണോ എന്നാണ് പേഴ്‌സണല്‍ മന്ത്രാലയം പരിശോധിക്കുന്നത്.

ടി പി വധഗൂഢാലോചനയില്‍ ഇതിന് മുമ്പും അന്വേഷണം നടന്നിട്ടുണ്ട്. കോടതി ഇതിനോടകം തന്നെ രണ്ടുപേരെ ശിക്ഷിച്ചിട്ടുമുണ്ട്. മാത്രമല്ല പ്രത്യേക കോടതി വിധി വന്നിട്ടും കേസില്‍ സിബിഐ അന്വേഷണം നടത്താമെന്ന സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചുള്ള പരാതിയും പേഴ്‌സണല്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടിണ്ട്. ഇത് കൂടി പരിഗണിച്ചാണ് സിബിഐ അന്വേഷണം പ്രസക്തമാണോ എന്ന വിഷയത്തില്‍ പേഴ്‌സണല്‍ മന്ത്രാലയം സിബിഐയോട് അഭിപ്രായം തേടിയത്.

എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടിപി വധ ഗൂഢാലോചന സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ആറ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടിപി വധ ഗൂഢാലോചന സിബിഐക്ക് വിടാന്‍ പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. കൊലപാതകത്തിനു ശേഷം പ്രതികളില്‍ ചിലര്‍ക്ക് ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ക്കഴിയാനുള്ള സൗകര്യങ്ങളും വാഹനവും ഏര്‍പ്പെടുത്തിയത് സിപിഐഎമ്മാണ്. പ്രതികളുടെ അറസ്റ്റ് നടന്നതിനു ശേഷം ഉന്നത നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ അസഹിഷ്ണുത, എതിര്‍പ്പ്, ഭീഷണി കലര്‍ന്ന പ്രസംഗങ്ങള്‍ എന്നിവ ഗൂഢാലോചനയുടെ സൂചന നല്‍കുന്നു.

ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജയിലിനകത്ത് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചതും ഉന്നതല രാഷ്ട്രീയ ഗുഢാലോചനയുടെ സൂചനയാണ്. ജയിലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ കോള്‍ റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ നിന്ന് കോഫെ പോസ കേസില്‍ കരുതല്‍ തടങ്കലിലുള്ള ഫയാസുമായി മോഹനന്‍ മാസ്റ്റര്‍ക്കും കൊലയാളിസംഘത്തിനുമുള്ള ബന്ധം തെളിഞ്ഞു. കൊലപാതകത്തിനായി സിപിഐഎം ഉന്നതനേതാക്കള്‍ ഫയാസില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതായും സംശയമുണ്ട്. അതിനാല്‍ കേരളത്തിനു പുറത്തുള്ള മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കണം.

ടിപിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുപാട് സാമ്പത്തിക ഇടപെടലുകള്‍ നടന്നിട്ടുണ്ട്. ഈ പണത്തിന്റെ സ്രോതസ് കണ്ടെത്താനും സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഇതേസമയം സിബിഐ തീരുമാനം പ്രയാസമുണ്ടാക്കുന്നതാണെന്ന് കെകെ രമ പ്രതികരിച്ചു. സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് വേണ്ട ചെയ്ത കാര്യങ്ങളില്‍ സംശയമുണ്ടെന്നും രമ  പറഞ്ഞു.സിബിഐ തീരുമാനത്തിനെതിരെ നിയമപരമായി പോരാടുമെന്ന് ആ‍ർഎംപി നേതാവ് എൻ വേണു അറിയിച്ചു.