ട്വന്റി20 ലോകകപ്പ്; ആതിഥേയരെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

single-img
29 March 2014

Rohit Sharmaട്വന്റി-20 ലോകകപ്പില്‍ ആതിഥേയരായ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ശസമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം ഒമ്പതു പന്തുകള്‍ ബാക്കിനില്‌ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറ പാകിയത്.

ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശിനെ 44 റണ്‍സെടുത്ത അനാമുള്ള ഹഖിന്റെയും 33 റണ്‍സെടുത്ത മഹ്മദുള്ളയുടെയും പ്രകടനമാണ് കൂടുതല്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. നായകന്‍ മുഷ്ഫിഖര്‍ റഹിം 24 റണ്‍സെടുത്തു. അതേസമയം ബംഗ്ലാദേശ് നിരയിലെ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്കാനായില്ല. ഓപ്പണര്‍ തമീം ഇക്ബാല്‍ അടക്കം നാലു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

ഇന്ത്യയ്ക്കു വേണ്ടി അമിത് മിശ്ര മൂന്നും ആര്‍.അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 15 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്.