ബീഹാറില്‍ മോഡിയുടെ റാലിക്കിടെ സംഘര്‍ഷം : പോലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി

single-img
28 March 2014

ഗയ: ബിഹാറിലെ ഗയയില്‍ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സംഘര്‍ഷം. മോദി വേദിയിലേയ്ക്ക് എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് വേദിക്കു മുമ്പില്‍ സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തെത്തുടര്‍ന്ന്  പൊലീസും ജനവും ഏറ്റുമുട്ടി. മോദിയെ കാണാനായി ബാരിക്കേട് മറികടന്ന് ജനം വേദിക്കരികിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. ഇതോടെ രോഷാകുലരായ ജനം പൊലീസിന് നേരെ കല്ലെറിഞ്ഞു. മോദി വേദിയിലെത്തി പ്രസംഗം ആരംഭിക്കുന്നതു വരെ ഇത് നീണ്ടു നിന്നു.

പ്രസംഗത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ കടന്നാക്രമിച്ച മോദി ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിനെയും വിമര്‍ശിച്ചു. സംസ്ഥാനം വികസനത്തില്‍ പിന്നോട്ടുപോയെന്നും ബി ജെ പിക്ക് മാത്രമേ വികസനം സാധ്യമാക്കാന്‍ കഴിയുകയുള്ളുനവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിഹാറിലെ മന്‍ജൗലി, ദുമാരിയ ബസാര്‍ എന്നിവിടങ്ങളിലെ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവറുകള്‍ റാലിക്ക് മുമ്പ് മാവോയിസ്റ്റുകള്‍ ബോംബു വച്ച് തകര്‍ത്തിരുന്നു. റാലി റദ്ദാക്കണമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അവഗണിച്ചാണ് നരേന്ദ്ര മോദി വേദിയിലെത്തിയത്.