ഉമ്മന്‍ചാണ്ടി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം : DYFI നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

single-img
28 March 2014

തിരുവനന്തപുരം : സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിനു പാത്രമായ ഉമ്മൻചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ . മുഖ്യമന്ത്രിസ്ഥാനത്ത് ഇത്തരക്കാർ തുടരരുത് എന്നായിരുന്നു സുധീരൻ പറയേണ്ടിയിരുന്നത് എന്നും  അറുവഷളൻമാരെയാണ് ഓഫീസ് നോക്കാൻ മുഖ്യമന്ത്രി ഏൽപ്പിച്ചതെന്നും വി.എസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണം എന്ന് ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് അധ്യക്ഷനായ ഹൈക്കോടതി ബഞ്ച് ഇന്ന് ഉത്തരവിട്ടിരുന്നു.സലിംരാജിനെ ലാന്റ് മാഫിയുടെ ഗ്യാംഗ് ലീഡര്‍ എന്നാണ് പരാതിക്കാര്‍ വിശേഷിപ്പിച്ചതെന്നും വിധി ന്യായത്തില്‍ പറയുന്നു. ഇത്തരം തട്ടിപ്പുകാര്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് മാതൃകയാകേണ്ടതാണ്.സത്യസന്ധരെയാണ് ഇവിടെ നിയമിക്കേണ്ടത്. ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ട് ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ട്. ഇക്കാര്യം മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.

വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ  പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സംഘര്‍ഷഭരിതമായി. . പ്രതിഷേധക്കാർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു .

എന്നാല്‍ സിബിഐ അന്വേഷണത്തിനുള്ള കോടതി വിധിക്കെതിരെ സർക്കാ‍ർ അപ്പീൽ പോകേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു.

അതേസമയം തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.ഒരു സാധാരണ പൌരനു ലഭിക്കുന്ന പരിഗണന പോലും തനിക്കു ലഭിച്ചില്ല.എന്നാല്‍ കോടതി വിധി വന്നതോടെ ഇടതുമുന്നണിയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു വിഷയം കിട്ടിയെന്നു ഉമ്മന്‍‌ചാണ്ടി ആരോപിച്ചു.കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.