സലിം രാജ് ഉള്‍പ്പെട്ട കേസില്‍ സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നെന്നു സുധീരന്‍ : മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് പിണറായി

single-img
28 March 2014

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍  സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി വിധിയെ  സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍. കേസിലെ സത്യാവസ്ഥ പുറത്തുവരട്ടെയെന്നും സുധീരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങളില്‍ അദ്ദേഹം തന്നെ മറുപടി പറയും. ഭൂമി തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലാത്തത് കൊണ്ടാണ് സലീം രാജിനെ സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ സര്‍ക്കാരിന് ഒന്നും തന്നെ മറച്ചുവെക്കാനില്ലെന്നും സിബിഐ അന്വേഷണത്തെ അനുകൂലിച്ച് കൊണ്ട് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഇതിന് തെളിവാണെന്നും സുധീരന്‍ പറഞ്ഞു.

ഇതേസമയം മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കള്ളക്കളി വെളിച്ചത്ത് വന്നിരിക്കുന്നു. കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും പിണറായി പറഞ്ഞു.

തന്റെ ഗൺമാനെ കോടതി കൈകാര്യം ചെയ്യുന്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു യാതൊരു കുറ്റബോധവുമില്ലെന്ന് പ്രതിപക്ഷനേതാവ്  വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.കോടതിവിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജും സിബി ഐ അന്വേഷണത്തെ സ്വാഗതം ചെയ്തു.സലിംരാജ് ഉള്‍പ്പെട്ട ഭൂമി ഇടപാടില്‍ വലിയ തട്ടിപ്പുകള്‍ നടന്നുവെന്നും സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് സലിം രാജ് പ്രതികരിച്ചു.തന്റെ  നിരപരാധിത്വം തെളിയുമെന്നു സലിം പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ അറിവോടെയല്ല എജി തനിക്കുവേണ്ടി കോടതിയിൽ ഹാജരായതെന്നും സലീം രാജ് പറഞ്ഞു.