മോഡിയുടെ റാലിക്ക് മുന്നേ ബീഹാറിലെ ഗയയില്‍ മാവോയിസ്റ്റ് ആക്രമണം

single-img
27 March 2014

ഗയ: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തുന്നതിന് തൊട്ടുമുന്‍പ് ബിഹാറിലെ ഗയയില്‍ മാവോയിസ്റ്റ് ആക്രമണം. ഒരു സ്വകാര്യ മൊബൈൽ കന്പനിയുടെ സിഗ്നൽ ടവറുകൾ മാവോയിസ്റ്റുകൾ ബോംബ് വച്ചു തകർത്തു.

നൂറോളം പേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച രാത്രി രണ്ട് സ്വകാര്യ മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ തകര്‍ത്തത്. മഞ്ജൗലിയിലും ദുമറൈ ബസാറിലുമായിരുന്നു ആക്രമണമെന്ന് പോലീസ് സൂപ്രണ്ട് നിഷാന്ത് തിവാരി അറിയിച്ചു.ഛത്രയിൽ അടുത്തിടെ പത്തു മാവോയിസ്റ്റുകളെ സൈന്യം കൊലപ്പെടുത്തിയതിനെ തുടർന്ന് ബിഹാറിലെ നക്സൽ സ്വാധീന മേഖലകളിൽ മാവോയിസ്റ്റുകൾ ബന്ദ് നടത്തുകയാണ്.

എല്ലാതരത്തിലുമുള്ള ആക്രമണം ചെറുക്കാന്‍ പോലീസ് സജ്ജമാണെന്ന് ഡിജിപി അഭയാനന്ദ് അറിയിച്ചു. മാവോയിസ്റ്റ്, തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യത പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പട്നയില്‍​ മോഡി പങ്കെടുത്ത റാലിയ്ക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഝാര്‍ഖണ്ഡിലെ ചത്രയിലും ലൊഹര്‍ഗദ്ദയിലും മോഡി പ്രചരണത്തിനു എത്തുന്നുണ്ട്. മോഡിയുടെ സന്ദര്‍ശനം പരിഗണിക്ക് ഝാര്‍ഖണ്ഡില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചകഴിഞ്ഞാണ് മോഡി ഗയയില്‍ എത്തുന്നത്.