കടുവാക്കൂട്ടില്‍ കയറി കടുവകളെ വെല്ലുവിളിച്ച യുവാവിനെ സെക്യൂരിറ്റിജീവനക്കാര്‍ പുറത്തിറക്കി : ആത്മഹത്യാശ്രമമെന്ന് പോലീസ്

single-img
27 March 2014

ഗ്വാളിയോര്‍ : മൃഗശാലയിലെ കടുവാക്കൂട്ടില്‍ കയറി കടുവകളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ സെക്യൂരിറ്റിജീവനക്കാര്‍ ചേര്‍ന്ന് പുറത്തിറക്കി.മധ്യപ്രദേശിലെ ഗ്വാളിയോർ മൃഗശാലയിലാണ് സംഭവം. ആത്മഹത്യാ ശ്രമമാണെന്ന് പൊലീസ് പറഞ്ഞു.ഭോപ്പാലിൽ നിന്ന് 430 കിലോമീറ്റർ അകലെയുള്ള മൃഗശാല സന്ദർശിക്കാനെത്തിയ എൻജനീയറിംഗ് വിദ്യാർത്ഥി യശോനന്ദൻ കൗശിക്കാണ് (23) ഈ സാഹസം കാട്ടിയത്.

മൃഗശാല സന്ദർശിക്കാനെത്തിയ ജനങ്ങളുടെ മുന്നിൽ വച്ച് രണ്ട് വെള്ളക്കടുവകളുള്ള കൂട്ടിലേക്ക് വേലിക്ക് മുകളിലൂടെയാണ് കൗശിക് ഇറങ്ങിയത്. 20 അടി ഉയരത്തിലുള്ളതാണ്  വേലികൾ. കടുവാക്കൂട്ടിൽ കയറിയ ഇയാള്‍ അരമണിക്കൂർ ആട്ടവും പാട്ടുമായി ആഘോഷിച്ചു. കടുവകളെ ഇയാള്‍ വെല്ലുവിളിക്കുകയും പ്രകോപിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും പാവം കടുവകള്‍ ഭയന്ന് മാറിനില്‍ക്കുക മാത്രമാണ് ചെയ്തത്.കൂട്ടിലെ കുളത്തിൽ പോയി മുഖം കഴുകാനും കൗശിക്ക് ശ്രമിച്ചു. കാഴ്ചക്കാർ  ഇതെല്ലാം കണ്ട് നിലവിളിക്കുകയായിരുന്നു.

tigerഅരമണിക്കൂറോളം കാഴ്ചക്കാരെ കൗശിക് മുൾമുനയിൽ നിറുത്തി. പിന്നീട് സെക്യൂരിറ്റി ജീവനക്കാരും കടുവയെ പരിപാലിക്കുന്നവരും  ചേർന്ന് കൗശിക്കിനെ നിർബന്ധപൂർവ്വം പുറത്തിറക്കുകയായിരുന്നു. കൗശിക്കിനെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്തു.

ഇൻഡോറിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിദ്യാർത്ഥിയാണ് കൗശിക്.  മാനസിക പ്രശ്നങ്ങളില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസമായി ഇയാൾ അസ്വസ്ഥനായിരുന്നുവെന്നുമാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്.

കഴി‌ഞ്ഞ ഒക്ടോബറിൽ ഭുവനേശ്വർ സുവോളജിക്കൽ പാർക്കിലെ കടുവാക്കൂട്ടിൽ ചാടിയ മധ്യവയസ്കന് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.