അല്‍ഫോന്‍സാമ്മയുടെ നാണയത്തിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം; സര്‍ക്കാര്‍ ചിലവില്‍ അടിച്ച നാണയങ്ങള്‍ പാലാ രൂപതയ്ക്ക് കൈമാറാന്‍ റിസര്‍വ്വ് ബാങ്കിന് മുന്‍ എം പിയുടെ ശുപാര്‍ശക്കത്ത്

single-img
27 March 2014

വിശുദ്ധ അല്‍ഫോന്‍സാ മാതാവിന്റെ ബഹുമാനാര്‍ത്ഥം സര്‍ക്കാര്‍ അടിച്ച നാണയങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ഒരു ലോബി ശ്രമിച്ചതായി റിപ്പോര്‍ട്ട്‌.രണ്ടു കോടി രൂപയോളം വിലവരുന്ന 1500 ബാഗ് അഞ്ചുരൂപാ നാണയങ്ങള്‍ പാലാ രൂപതയുടെ കീഴിലുള്ള ഒരു വൈദികന് കൈമാറണം എന്നാവശ്യപ്പെട്ട് ഒരു പ്രാദേശിക പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുന്‍ എം പിയുമായ വ്യക്തി റിസര്‍വ്വ് ബാങ്കിന് കത്തു നല്‍കിയിരുന്നു.എന്നാല്‍ മുംബൈയിലെ റിസര്‍വ്വ് ബാങ്കിന്റെ കാര്യാലയം ഈ ആവശ്യം നിഷേധിച്ചതായാണ് ഇ വാര്‍ത്തയ്ക്കു ലഭിച്ച വിവരം.

Support Evartha to Save Independent journalism

എന്നാല്‍ ഇതേ എം പി തന്നെ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യമൊട്ടാകെ വിതരണം ചെയ്യേണ്ട നാണയം ഇപ്പോള്‍ കോട്ടയം ജില്ലയിലെ 13 നാണയവിതരണകേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യാന്‍ റിസര്‍വ്വ് ബാങ്ക് സമ്മതിച്ചു.കേരളത്തില്‍ത്തന്നെ മൊത്തത്തില്‍ 220 നാണയവിതരണ കേന്ദ്രങ്ങള്‍ ഉണ്ടെന്നിരിക്കെ ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത് ആത്മീയ വ്യാപാരലോബിയ്ക്ക് വേണ്ടിയാണെന്ന ആരോപണം ശക്തമാണ്.

2009-ലാണ് ആദ്യമായി അല്‍ഫോന്‍സാമ്മയുടെ പേരില്‍ നാണയങ്ങള്‍ പുറത്തിറക്കിയത്.ഈ നാണയങ്ങള്‍ ഇപ്പോഴും പലരും ഓണ്‍ലൈന്‍ ക്ളാസ്സിഫൈഡ് സൈറ്റുകളില്‍ പത്തു നാണയത്തിനു 25000 രൂപാ വരെ വിലയ്ക്ക് വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്.രാജ്യത്തിന്റെ അഞ്ചുരൂപാ മൂല്യമുള്ള നാണയം ഇത്തരത്തില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നത് നിയമവിരുദ്ധമാണ്.എന്നിട്ടും olx, ebay പോലെയുള്ള സൈറ്റുകളില്‍ പരസ്യമായി ഈ നാണയങ്ങള്‍ തീവില പറഞ്ഞു വില്‍ക്കാന്‍ വെച്ചിട്ടുണ്ട്.ഇത്തരത്തില്‍ വലിയ കച്ചവടമാണ് ഈ വര്‍ഷം ഇറക്കിയ നാണയങ്ങള്‍ കോട്ടയം ജില്ലയ്ക്കുള്ളില്‍ വിതരണം ചെയ്യിച്ചവര്‍ ലക്ഷ്യമിട്ടത് എന്ന് വ്യക്തമാണ്.

ഇപ്പോള്‍ 1500 ബാഗ് (ഒരു ബാഗില്‍ 2500 അഞ്ചു രൂപാ നാണയങ്ങള്‍ ) നാണയങ്ങളാണ് കോട്ടയം ജില്ലയ്ക്കുള്ളില്‍ വിതരണം ചെയ്തത്.ഒരുമിച്ചു ശേഖരിക്കാന്‍ തീരുമാനിച്ച ലോബിയ്ക്ക് നിഷ്പ്രയാസം ഒരു തെളിവും അവശേഷിപ്പിക്കാതെ തന്നെ ഈ നാണയങ്ങള്‍ പലരെ ഉപയോഗിച്ച് ഈ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിക്കാന്‍ സാധിക്കും.അല്‍ഫോന്‍സാമ്മയുടെ വിശ്വാസികള്‍ തീര്‍ത്ഥാടനവേളയില്‍ ഇത്തരം വസ്തുക്കള്‍ക്ക് എത്ര വില വേണമെങ്കിലും നല്‍കാന്‍ തയ്യാറാകും.രണ്ടുകോടി രൂപയോളം വില വരുന്ന നാണയങ്ങള്‍ ഒന്നിച്ചു ശേഖരിക്കാന്‍ അവര്‍ തയ്യാറായി എന്നത് തന്നെ കച്ചവടത്തിന്റെ സൂചനകളാണ് നല്‍കുന്നത്.അല്ലെങ്കില്‍ ഇത്രയും പൈസ മുടക്കി ഒന്നിച്ചു വാങ്ങേണ്ട കാര്യമില്ല.കുറഞ്ഞത്‌ ഒരു നൂറുകോടി രൂപയെങ്കിലും ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രണമാണിതെന്നു വേണം കരുതാന്‍.

സര്‍ക്കാര്‍ ഏതെങ്കിലും വ്യക്തിയുടെ പേരില്‍ നാണയം അടിച്ചിറക്കുന്നത് അയാളുടെ പേരില്‍ കച്ചവടം നടത്താനല്ല മറിച്ചു അയാളോടുള്ള ആദരസൂചകമായിട്ടാണ്.ഈ നാണയങ്ങള്‍ രാജ്യം മുഴുവന്‍ വിതരണം ചെയ്താലേ ഈ വ്യക്തിയെക്കുറിച്ച് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം സംജാതമാകുകയുള്ളൂ.എന്നാല്‍ ചില മതസ്ഥാപനങ്ങളും അവരുടെ നോമിനികളായ പ്രാദേശികപ്പാര്‍ട്ടികളും ചേര്‍ന്ന് ഇത്തരം വിശുദ്ധരെ വിറ്റു കാശാക്കാന്‍ ശ്രമിക്കുന്നത് ദയനീയമായ കാഴ്ചയാണ്.മതവും വിശ്വാസവും ഇത്തരം തട്ടിപ്പുകള്‍ക്ക്‌ പരിശുദ്ധിയുടെയും അന്തസ്സിന്റെയും മുഖംമൂടി കൂടി നല്‍കുന്നു.

1500 ബാഗ് നാണയങ്ങള്‍ കോട്ടയം ജില്ലയിലെ 13 കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്തു കഴിഞ്ഞു എന്നാണു ഞങ്ങള്‍ക്ക് ലഭിച്ച വിവരം.ഇനി വൈകാതെ തന്നെ ക്ളാസ്സിഫൈഡ് സൈറ്റുകള്‍ വഴിയും തീര്‍ത്ഥാടനകേന്ദ്രത്തിലെ കടകള്‍ വഴിയും കച്ചവടം ആരംഭിക്കും എന്ന് പ്രതീക്ഷിക്കാം.