ഓര്‍ഗാസ്മട്രോണ്‍ : ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ രതിമൂര്‍ച്ഛ പ്രദാനം ചെയ്യുന്ന ഇംപ്ലാന്റ് ഉപകരണത്തിന്റെ കഥ

single-img
26 March 2014

ലൈംഗിക സംതൃപ്തി കിട്ടാന്‍ പുതുമാര്‍ഗങ്ങള്‍ തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നും ഇന്നലെയും തുടങ്ങിയതല്ല.വാത്സ്യായനന്റെ കാമസൂത്ര മുതലിങ്ങോട്ടുള്ള പുസ്തകങ്ങളും പലരുടെയും പഠനങ്ങളും എല്ലാം തന്നെ ലൈംഗികതയെ ശാസ്ത്രീയമായി മനസ്സിലാക്കാനും അതുവഴി ലൈംഗികസംതൃപ്തി വര്‍ദ്ധിപ്പിക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ തനെയാണ്‌ തേടിക്കൊണ്ടിരുന്നത്‌.ഒരു സ്വിച്ച് അമര്‍ത്തിയാല്‍ രതിമൂര്‍ച്ഛ തരാന്‍ കഴിവുള്ള ‘ഓര്‍ഗാസ്മട്രോണ്‍’ പക്ഷെ അത്തരം ഒരന്വേഷണത്തിന്റെ ബാക്കിപത്രമല്ല.നട്ടെല്ലില്‍ ഇംപ്ലാന്റ് ചെയ്യുന്ന ഈ ഉപകരണം കണ്ടുപിടിച്ചതിനു പിന്നില്‍ ഒരു വലിയ കഥയുണ്ട്.

പതിമൂന്നു വര്‍ഷം മുന്‍പ് തന്നെ ഡോ.സ്റ്റ്യുവര്‍ട്ട് മിലോയ് കണ്ടെത്തിയ ഈ ഉപകരണം പക്ഷെ വാര്‍ത്തകളില്‍ നിറഞ്ഞത്‌ ഈയിടെയാണ്.ഒരു ചെറിയ പെട്ടിയും അതിനെ നട്ടെല്ലിലേയ്ക്ക് ഘടിപ്പിക്കുന്ന ഒരു വയറും ചേര്‍ന്ന ഈ ഉപകരണത്തിന് ലൈംഗിക സംതൃപ്തി തരുന്ന സിഗ്നലുകള്‍ സുഷുമ്നാ നാഡിയിലേയ്ക്കയയ്ക്കാന്‍ കഴിയും.ഇത് നിമിഷനേരത്തിനുള്ളില്‍ രതിമൂര്‍ച്ഛ പ്രദാനം ചെയ്യുകയും ചെയ്യും.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഫലപ്രദമായ ഈ ഉപകരണം ലൈംഗിക ശേഷിക്കുറവോ മറ്റു വൈകല്യങ്ങളോ ഉള്ളവര്‍ക്കും പ്രയോജനപ്പെടും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. (ഈയടുത്ത് റിലീസ് ആയ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ നായകനെപ്പോലെ ലൈംഗികാവയവം ഛേദിക്കപ്പെട്ടവര്‍ക്കും ഈ ഉപകരണം ഒരു ആശ്വാസമാകും എന്നര്‍ത്ഥം ).

അതികഠിനമായ വേദന കൊണ്ട് കഷ്ടപ്പെടുന്ന രോഗികള്‍ക്ക് വേദനയില്‍ നിന്നും ആശ്വാസം കൊടുക്കുന്ന ‘അഡ്വാന്‍സ്‌ഡ് ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മാനേജ്‌മന്റ്‌’  എന്ന പെയിന്‍ ക്ലിനിക്കിന്റെ സ്ഥാപകരില്‍ ഒരാളാണ് ഡോ.സ്റ്റ്യുവര്‍ട്ട് മിലോയ്.അമേരിക്ക ആസ്ഥാനമായുള്ള സ്ഥാപനമാണിത്.രോഗികള്‍ക്ക് വേദനയില്‍ നിന്നുമാശ്വാസം കണ്ടെത്താന്‍ അദ്ദേഹം കണ്ടുപിടിച്ച ഒരു ഉപകരണമാണ് പിന്നീട് ഓര്‍ഗാസ്മട്രോണിന്റെ കണ്ടുപിടുത്തത്തിലേയ്ക്ക് നയിച്ചത്.സുഷുമ്നയിലേയ്ക്കയയ്ക്കുന്ന ചില സിഗ്നലുകള്‍ ഉപയോഗിച്ച് വേദനകളെ അമര്‍ത്തി രോഗികള്‍ക്ക് ആശ്വാസമേകുന്ന ഈ ഇംപ്ലാന്റ് ഉപകരണം വലിയ വിജയമായിരുന്നു.എന്നാല്‍ ചില രോഗികള്‍ ഈ ഉപകരണത്തിന്റെ ഉപയോഗം തങ്ങള്‍ക്കു രതിമൂര്‍ച്ഛയ്ക്ക് സമാനമായ സംതൃപ്തി പ്രദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്‌ ചെയ്തതോടെയാണ് ഡോ. മിലോയ് അതിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിച്ചത്.

വേദനസംഹാരി എന്നാ നിലയില്‍ നിരവധിപേര്‍ക്ക് മിലോയ് ഈ ഉപകരണം വെച്ച് കൊടുത്തിട്ടുണ്ട്‌.അവരില്‍ പലരും ഇതിന്റെ ‘പോസിറ്റീവ്’ ആയ ഈ സൈഡ് എഫക്റ്റ് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുമുണ്ട്.എന്നാല്‍ മേല്‍പ്പറഞ്ഞ ലൈംഗിക സംതൃപ്തി കിട്ടുക എന്ന ഉപയോഗത്തിനായി ഈ ഉപകരണം വിപണിയിലിറക്കാന്‍ മിലോയിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.സുരക്ഷിതമായ രീതിയില്‍ ഈ ഉപയോഗത്തിനുവേണ്ടി ഈ ഉപകരണം ഡിസൈന്‍ ചെയ്യാനുള്ള ചെലവും സാങ്കേതികബുദ്ധിമുട്ടുകളും അതിലേറെ നിയമതടസ്സങ്ങളുമാണ് അതിനു കാരണമെന്ന് മിലോയ് പറയുന്നു.ഏതെങ്കിലും മരുന്ന് കമ്പനികളെ ഇത് മനസ്സിലാക്കി ഇതില്‍ പൈസ മുടക്കിക്കാന്‍ മിലോയിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല  ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രെഷന്റെ അംഗീകാരം ഈ പ്രോജക്ടിന് കിട്ടണമെങ്കില്‍ കുറഞ്ഞത്‌ ആറു മില്ല്യന്‍ യു എസ് ഡോളര്‍ ( മുപ്പതു കോടി രൂപ) എങ്കിലും വേണം.എന്നാല്‍ ഇത്രയും പണം തന്റെ കയ്യിലില്ല എന്നാണു മിലോയ് പറയുന്നത്.

1950-കളില്‍ ത്തന്നെ റോബര്‍ട്ട്‌ ഗബ്രിയേല്‍ ഹീത്ത് എന്ന അമേരിക്കന്‍ ഡോക്ടര്‍ തലച്ചോറിലെ “സംതൃപ്തി കേന്ദ്രങ്ങളെ ( pleasure centers)ക്കുറിച്ച് പഠനം നടത്തിയിരുന്നു.ഈ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാന്‍ സാധിച്ചാല്‍ രതിമൂര്‍ച്ഛ കൃത്രിമമായി സാധ്യമാകുമെന്ന് അദ്ദേഹം പഠനങ്ങളിലൂടെ തെളിയിച്ചിരുന്നു.1973-ല്‍ പുറത്തിറങ്ങിയ ‘സ്ലീപ്പര്‍’ എന്ന സിനിമയിലാണ്  ‘ഓര്‍ഗാസ്മട്രോണ്‍’ എന്ന വാക്കും ആശയവും ആദ്യമായി ഉപയോഗിക്കുന്നത്.എന്തായാലും ഇത് പ്രാവര്‍ത്തികമാക്കപ്പെടുന്ന കാലം വിദൂരമല്ലെന്നാണ് വിവരം.ലൈംഗിക സംതൃപ്തി ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ലഭ്യമാകുന്ന കാലത്തെ മനുഷ്യന്റെ ഇണജീവിതവും പ്രണയവും ഒക്കെ എങ്ങനെയാകും എന്ന് കണ്ടു തന്നെ മനസ്സിലാക്കേണ്ടിവരും.മഴവില്ലിന്റെ ശാസ്ത്രീയത വിശദീകരിച്ചതിലൂടെ “ന്യൂട്ടൻ മഴവില്ലിന്റെ സൗന്ദര്യം നശിപ്പിച്ചു”  എന്ന മഹാകവി കീറ്റ്സിന്റെ വാക്കുകള്‍ ഈയവസരത്തില്‍ ഓര്‍മ്മിക്കാം.