പ്രൊഫ ടി ജെ ജോസഫ് : മതരാഷ്ട്രീയത്തിന്റെ പാടത്ത് നിന്ന് വിളവെടുക്കുന്നവരുടെ ഇര

single-img
20 March 2014

ഒരു കൂട്ടം മതഭ്രാന്തന്മാരാല്‍ ആക്രമിക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ പ്രൊഫ.ടി ജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത വിവരം കേരളസമൂഹം ഞെട്ടലോടെയും അതിലുപരി വേദനയോടെയുമാണ് ശ്രവിച്ചത്.എന്നാല്‍ അവരുടെ മരണം പോലുമാഘോഷിക്കുന്ന മതമനോരോഗികളെയും നമുക്ക് സോഷ്യല്‍ മീഡിയായില്‍ കാണാന്‍ കഴിഞ്ഞു.പ്രവാചകനിന്ദ ആരോപിച്ചു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിയെറിഞ്ഞ കൈ തുന്നിച്ചേര്‍ക്കാന്‍ വൈദ്യശാസ്ത്രത്തിനു കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പൊട്ടിയ ചരടുകള്‍ കൂട്ടിയോജിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് വാസ്തവം.ആരാണ് ഇതിനുത്തരവാദി എന്ന് ചോദിച്ചാല്‍ മതത്തെ രാഷ്ട്രീയവല്‍ക്കരിച്ച് വിളവെടുക്കുന്ന ചില സംഘടനകള്‍ ആണെന്ന് നിസംശയം പറയാന്‍ സാധിക്കും.

പി ടി കുഞ്ഞുമുഹമ്മദ് എന്ന പ്രശസ്ത സിനിമാ സംവിധായകന്‍ തന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തില്‍ എഴുതിയ ചില ഭാഗങ്ങള്‍ ചിഹ്നം ചേര്‍ക്കുന്നതിനായി ബിരുദവിദ്യാര്‍ത്ഥികളുടെ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയെന്നതാണ് ഇത്ര ഭീകരമായി വേട്ടയാടപ്പെടാന്‍ മാത്രം അദ്ദേഹം ചെയ്ത കുറ്റം.പ്രസ്തുത ഭാഗം താഴെക്കൊടുക്കുന്നു :

— വീ­ണു­കി­ട്ടു­ന്ന ഫോം പല­പ്പോ­ഴും ജീ­വി­ത­ത്തില്‍ നി­ന്നു തന്നെ കി­ട്ടു­ന്ന­താ­ണ്. ഗര്‍­ഷോ­മില്‍ കഥാ­നാ­യ­കന്‍ ദൈ­വ­വു­മാ­യി­ട്ട് സം­സാ­രി­ക്കു­ന്ന ഒരു രം­ഗ­മു­ണ്ട്. ഈ ഫോം എനി­ക്ക് വീ­ണു­കി­ട്ടി­യ­ത് ഇങ്ങ­നെ­യാ­ണ്; എന്റെ നാ­ട്ടില്‍ ഒരു ഭ്രാ­ന്ത­നു­ണ്ട്, ഈ ഭ്രാ­ന്തന്‍ സ്ഥി­ര­മാ­യി ഒറ്റ­യ്ക്കി­രു­ന്ന് ദൈ­വ­ത്തെ വി­ളി­ക്കും. “പ­ട­ച്ചോ­നേ­”… “പ­ട­ച്ചോ­നേ­”… ദൈ­വ­ത്തി­ന്റെ മറു­പ­ടി “എ­ന്താ­ടാ നാ­യി­ന്റെ മോ­നേ­”... എന്നാ­ണ്. ഇദ്ദേ­ഹം ചോ­ദി­ക്കു­ന്നു “ഒരു അയി­ല, അത് മു­റി­ച്ചാല്‍ എത്ര കഷ­ണ­മാ­ണ്?” ദൈ­വ­ത്തി­ന്റെ മറു­പ­ടി: (ദൈ­വം ഇദ്ദേ­ഹം തന്നെ­യാ­ണ്) “3 കഷ­ണ­മാ­ണെ­ന്ന് നി­ന്നോ­ട് എത്ര തവണ പറ­ഞ്ഞി­ട്ടു­ണ്ട് നാ­യേ­”… ഈ രീ­തി­യാ­ണ് ദൈ­വ­വു­മാ­യി­ട്ട് സം­വ­ദി­ക്കാന്‍ ഞാന്‍ ഉപ­യോ­ഗി­ച്ച­ത്. ഇങ്ങ­നെ ജീ­വി­ത­ത്തില്‍ നി­ന്ന് തന്നെ­യാ­ണ് നമു­ക്ക് ഫോം കി­ട്ടു­ന്ന­ത്. ജീ­വി­ത­ത്തില്‍ നി­ന്നാ­ണ് സി­നിമ ഉണ്ടാ­വു­ന്ന­ത്. എന്റെ ജീ­വി­ത­ത്തോ­ടു­ള്ള എന്റെ സമീ­പ­ന­മാ­ണ് എന്റെ സി­നി­മ. —

ഈ സംഭാഷണത്തിലെ കഥാപാത്രത്തിന് പെട്ടെന്നു ആലോചിച്ചപ്പോള്‍ കിട്ടിയ ഒരു മുസ്ലീം പേര് മുഹമ്മദ്‌ എന്നാണു എന്നതല്ലാതെ പ്രവാചകനെ നിന്ദിക്കണം എന്ന് തനിക്കു ഒരു ഉദ്ദേശ്യവും ഇല്ലായിരുന്നു എന്ന് ഇദ്ദേഹം പിന്നീട് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.എന്നാല്‍ ഈ ചോദ്യപ്പേപ്പര്‍ പുറത്തു വന്നപ്പോള്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയുടെ ആദ്യപ്രതികരണം “ഈ അദ്ധ്യാപകന്‍ ഒരു വിഡ്ഢിയാണ് “എന്നായിരുന്നു.ഇത് തീരെ അപക്വമായ ഒരു പ്രതികരണമായിരുന്നു എന്ന് ആനന്ദ് അടക്കമുള്ള എഴുത്തുകാര്‍ പിന്നീട് വിമര്‍ശിച്ചിട്ടുണ്ട്.

മുഹമ്മദ്‌ എന്നത് മുസ്ലീം വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ക്ക് ഉള്ള ഒരു പേരാണ് എന്നിരിക്കേ ഏതെ­ങ്കി­ലും മു­ഹ­മ്മ­ദി­നെ കു­റി­ച്ച് എന്തെങ്കിലും  എഴു­തി­യാല്‍ തന്നെ, അതു മു­ഹ­മ്മ­ദ് നബി­യെ­ക്കു­റി­ച്ചാ­ണെ­ന്ന് പറ­യു­ന്ന­ത് എന്തു ന്യാ­യ­മാ­ണ്? ഇനിയഥവാ ഇദ്ദേഹം മുഹമ്മദ്‌ നബിയെത്തന്നെയാണ് ഉദ്ദേശിച്ചതെങ്കില്‍ക്കൂടി അദ്ദേഹത്തിന്റെ കൈവെട്ടാനുള്ള അധികാരം ഈ പോപ്പുലര്‍ഫ്രണ്ട്കാര്‍ക്ക് ആരാണ് നല്‍കിയത് ? മുഴുവന്‍ മുസ്ലീം സമുദായത്തിനും വേണ്ടി വാളെടുക്കാന്‍ അധികാരപ്പെട്ടവരായി സ്വയം അവരോധിക്കാനും അതുവഴി മുസ്ലീം സ്വത്വരാഷ്ട്രീയ മണ്ഡലത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്താനുമുള്ള പോപ്പുലര്‍ ഫ്രണ്ട് എന്ന മതമൌലിക സംഘടനയുടെ തന്ത്രമായിരുന്നു ഈ കൈവെട്ട്.

കൈവെട്ട് ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ പലതാണ്.പ്രവാചകനിന്ദ നടത്തിയ ആ ‘ദുഷ്ടന്’ ദൈവം ശിക്ഷ കൊടുക്കും എന്ന തരത്തില്‍ മിതവാദി മുസ്ലീം സംഘടനകള്‍ അഭിപ്രായം പറഞ്ഞപ്പോള്‍ പ്രവാചകന്‍ എന്ന ചരിത്ര കഥാപാത്രത്തെ വിമര്‍ശിക്കുന്നതില്‍ ആരും വികാരം കൊള്ളേണ്ടതില്ല എന്ന് മതേതരവാദികള്‍  അഭിപ്രായപ്പെട്ടു.ചരിത്രം പരിശോധിച്ചാല്‍ ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തി മുസ്ലീം സമൂഹത്തെ മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യരാക്കുന്നതല്ലാതെ ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനു വേണ്ടി പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന എന്ത് ചെയ്തു എന്നത് പ്രസക്തമായ ഒരു ചോദ്യം തന്നെയാണ്.ഇത്തരത്തില്‍ മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്തി ഒരു മതില്‍ക്കെട്ടിനുള്ളില്‍ അടച്ചശേഷം ആ മതിലിനുള്ളിലെ സര്‍വ്വാധികാര്യക്കാരാകാന്‍ തന്ത്രം മെനയുന്ന സംഘടനകളാണ് യഥാര്‍ത്ഥത്തില്‍ മൊത്തം മുസ്ലീം സമൂഹത്തിന്റെയും ശാപം എന്ന് പറയാം.സല്‍മാന്‍ റുഷ്ദിയുടെ തലയ്ക്കു വില പറഞ്ഞതും അദ്ദേഹത്തിന്റെ നാല് പ്രസാധകരെ കൊന്നു കളഞ്ഞതും തിയഡോര്‍ വാന്‍ഗോഗ് എന്ന സിനിമാ സംവിധായകനെ പൊതുവഴിയിലിട്ടു വെടിവെച്ചുകൊന്നശേഷം അയാളുടെ കുടല്‍മാല വലിച്ചു പുറത്തിട്ടു ഭീകരത സൃഷ്ടിച്ചതും എല്ലാം ഇക്കൂട്ടത്തില്‍പ്പെട്ടവര്‍ തന്നെ.

freedom-paradeസംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത രീതിയാണ് ഇത്തരം സംഘടനകള്‍ പിന്തുടരുന്നത്.ഇത്തരം മതക്കോടതികള്‍ ശിക്ഷ നടപ്പിലാക്കുന്നത് സംഘപരിവാരം ചെയ്യുന്ന സമാനമായ പ്രവൃത്തികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മറച്ചുവെയ്ക്കാനും ഏകീകൃത സിവില്‍കോഡ് എന്ന സംഘപരിവാര്‍ ആവശ്യത്തിനു പൊതുജനസമ്മിതി കൊടുക്കാനും മാത്രമേ സഹായിക്കൂ.ഫലത്തില്‍ സംഘപരിവാറിന്റെ ഒരു പോഷകസംഘടനയായി ഇത്തരം സംഘടനകള്‍ മാറുന്ന കാഴ്ചയാണ് നമുക്ക് കാണുവാന്‍ കഴിയുക.

വെട്ടിയെറിഞ്ഞ കൈയ്യിലെ മുറിവുകള്‍ ഉണങ്ങിയിട്ടും മതനിന്ദ കേസില്‍ നിന്നും കോടതി കുറ്റവിമുക്തനാക്കിയിട്ടും സ്വന്തം കോളേജിന്റെ മാനേജ്മെന്റ് ജോസഫിനോട് നീതികാട്ടിയില്ല.അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ തയ്യാറാകാതിരുന്ന മാനേജ്മെന്റ് തങ്ങള്‍ മതേതരര്‍ ആണെന്ന് സ്ഥാപിക്കാന്‍ ഒരു പാവം അധ്യാപകനെയും കുടുംബത്തെയും ബലിയാടാക്കുകയായിരുന്നു.ജോലിയും വരുമാനവുമില്ലാതെ കൊടിയ ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.അദ്ദേഹത്തെ മാന്യമായി ജോലിയില്‍ തിരികെ പ്രവേശിക്കാനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ അനുവദിക്കാതെ വേട്ടയാടിയ ന്യൂമാന്‍ കോളേജ് അധികൃതരുടെ ക്രൂരമായ നടപടിയില്‍ മനംനൊന്താണ് അദ്ദേഹത്തിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തിരിക്കുന്നത്.ഇത് പ്രവാചകനെ നിന്ദിച്ചത്തിനുള്ള ദൈവശിക്ഷയാണെന്ന് പറഞ്ഞു സന്തോഷം പ്രകടിപ്പിക്കാന്‍ തക്കവണ്ണം അധപതിച്ചു പോയിരിക്കുന്നു ചിലരുടെ മനസ്സ്.ഈ വാര്‍ത്തയുടെ താഴെ ചിലര്‍ ഇട്ടിരിക്കുന്ന കമന്റുകള്‍ ഇതു നീചനെയും ലജ്ജിപ്പിക്കാന്‍ തക്കവണ്ണം ക്രൂരമാണ്.കൈവെട്ടിനെ വെറും രാഷ്ട്രീയ ആക്രമണമായി വിലയിരുത്തുന്ന ചില സ്വത്വരാഷ്ട്രീയവാദികളുണ്ട്.ഇത് രാഷ്ട്രീയ ആക്രമണമാണെങ്കില്‍ ചത്ത പശുവിനെ തിന്നതിന് ദളിതന്റെ തോലുരിച്ച സംഘപരിവാറിന്റെ നടപടിയും വെറും രാഷ്ട്രീയ സംഘര്‍ഷമായി വിലയിരുത്തേണ്ടതായി വരും.അതുപോലെ മംഗലാപുരത്തെ പബ്ബ് ആക്രമണവും മതപരിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ ആദിവാസികളെ ആക്രമിച്ച സംഭവവുമെല്ലാം മതാധിഷ്ഠിത കാഴ്ചപ്പാടുകളുടെ പേരില്‍ ആസൂത്രിതമായി നടത്തുന്ന തീവ്രവാദ ആക്രമണങ്ങള്‍ മാത്രമാണ്.

വൈക്കം മുഹമ്മദ്‌ ബഷീറിനെപ്പോലെയുള്ളവര്‍  ‘ഒരു ഭഗവദ്ഗീതയും കുറെ മുലകളും ‘ പോലെയുള്ള കഥകള്‍ ധൈര്യമായി പ്രസിദ്ധീകരിച്ചിരുന്ന നാടാണ് കേരളം.ഒ വി വിജയന്‍റെ ഖസാക്കിന്റെ ഇതിഹാസത്തില്‍ ബാങ്ക് വിളിക്കുന്നതിനെ വരെ പരിഹാസ്യമായി ചിത്രീകരിച്ചിട്ടുണ്ട്.അതിനെയെല്ലാം സഹിഷ്ണുതയോടെ സ്വീകരിച്ച കേരളത്തില്‍ ഒരു ചോദ്യപ്പേപ്പറിലെ ഒരു വാക്കിന്റെ പേരില്‍ ഒരു അധ്യാപകന്റെ കുടുംബം തന്നെ നാമാവശേഷമാക്കപ്പെട്ടതില്‍ നമുക്കോരോരുത്തര്‍ക്കും പങ്കുണ്ട്.വര്‍ഗീയതയുടെ വിഷവിത്തുകളുമായി സമൂഹത്തിലേയ്ക്ക് കടന്നു വന്ന സംഘടനകള്‍ക്ക് നേരെ നമ്മുടെ സമൂഹം പാലിച്ച കുറ്റകരമായ മൌനമാണ് ഇതിനെല്ലാം കാരണം.