തെരഞ്ഞെടുപ്പോടെ പിണറായിയുടെ സെക്രട്ടറിസ്ഥാനം നഷ്ടപ്പെടുമെന്ന് കെ.സി. ജോസഫ്

single-img
18 March 2014

K.C.-Joseph-Minister-for-Non-Resident-Keralite-Affairsപിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പുറത്താകുമെന്ന് മന്ത്രി കെ.സി. ജോസഫ്. പിണറായി സെക്രട്ടറിയായിരുന്ന കാലയളവില്‍ സിപിഎമ്മിനു തകര്‍ച്ചയല്ലാതെ നേട്ടങ്ങളുണ്ടായിട്ടില്ല. ഒരു നയം പരാജയപ്പെട്ടാല്‍ അതിനു നേതൃത്വം നല്കിയ വ്യക്തി പരാജയപ്പെട്ടുവെന്നാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ ജനവിധി-2014 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനസമ്മതിയുള്ള ആളുകള്‍ സിപിഎമ്മിലും എല്‍ഡിഎഫിലും ഇല്ലാത്തതിനാലാണു യുഡിഎഫ് നേതാവടക്കം അഞ്ചു സ്വതന്ത്രര്‍ക്കു സിപിഎം സീറ്റ് നല്കിയത്. സിപിഎമ്മിനില്ലാത്ത ജനസമ്മതിയുള്ള മുഖം കോണ്‍ഗ്രസുകാര്‍ക്കുള്ളതുകൊണ്ടല്ലെ ഇങ്ങനെ ചെയ്യുന്നതെന്നു മന്ത്രി ചോദിച്ചു. ചാലക്കുടിയില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്ന സിനിമാ നടന്‍ ഇന്നസെന്റിനു കിലുക്കം സിനിമയില്‍ ലോട്ടറി അടിച്ച അവസ്ഥയായിരിക്കും തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.