അങ്ങനെ 125 ദിവസം കഴിഞ്ഞു; പാലവുമില്ല, പ്രഖ്യാപിച്ച മന്ത്രിയേയും കാണാനില്ല

single-img
18 March 2014

എരുമേലിയില്‍ നിന്നും ശബരിമലയിലേക്കുള്ള പാതയിലെ കണമല ക്രോസ്‌വേ കാണാന്‍ കഴിഞ്ഞ മണ്ഡലകാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞെത്തിയിരുന്നു. വാഹനങ്ങളുടെ തിരക്കും ക്രോസ്‌വേയുടെ വിഷമതകളും കണ്ട് മനസ്സിലാക്കിയ മന്ത്രി അവിടെവച്ചുതന്നെ ഒരു പ്രഖ്യാപനവും നടത്തി- ‘വരുന്ന 125 ദിവസത്തിനുള്ളില്‍ കണമല പാലം യാഥാര്‍ത്ഥ്യമായിരിക്കും’. പറഞ്ഞ ദിവസം ഇന്നു (മാര്‍ച്ച് 18) നു കഴിയുന്നു. പക്ഷേ ഇതുവരയ്ക്കും പാലത്തിന്റെ തൂണുകളല്ലാതെ വേറൊന്നും കണമലയിലായിട്ടില്ല. പ്രഖ്യാപനം നടത്തിയിട്ടുപോയ മന്ത്രിയേയും അതിനുശേഷം ഇങ്ങോട്ടു കാണാനില്ല.

Kanamala

പണി പൂര്‍ത്തീകരിക്കാന്‍ ഇനിയും കുറഞ്ഞത് ആറുമാസമെങ്കിലുമെടുക്കുമെന്ന കരാറുകാരന്റെ വെളിപ്പെടുത്തല്‍ കൂടി കേള്‍ക്കുമ്പോഴാണ് മന്ത്രിയുടെ അന്നത്തെ പ്രഖ്യാപനം എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ മാത്രമായിരുന്നുവെന്ന് മനസ്സിലാകുന്നത്. മന്ത്രിയുടെ പ്രഖ്യാപനവും കാതിലിട്ട് പാലത്തിനു വേണ്ടി കാത്തിരുന്ന നാട്ടുകാര്‍ക്കുമുന്നില്‍ പാലത്തിന്റെ ആദ്യഘട്ട നിര്‍മാണംപോലും ഇതുവരയ്ക്കും പൂര്‍ത്തിയാക്കാനായിട്ടില്ലെന്നത് വകുപ്പിന്റെ പാഴ്‌വാഗ്ദാനങ്ങളാണ് പുറത്തുകൊണ്ടു വന്നിരിക്കുന്നത്.

അന്ന് നാട്ടുകാരുടെ മുന്നില്‍ വച്ച് മന്ത്രിയുടെ പ്രഖ്യാപന പ്രകാരം ഉദ്യോഗസ്ഥര്‍ ഒരു കൗണ്ട് ഡൗണ്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. പക്ഷേ ഇന്ന് ആ ബോര്‍ഡും കാണാനില്ല. ബോര്‍ഡുണ്ടെങ്കിലല്ലേ കൗണ്ട്ഡൗണ്‍ ശചയ്യാന്‍ കഴിയുവെന്നതാകാം അതിന്റെ അപ്രത്യക്ഷമാകലിനു കാരണം.

എരുമേലിയില്‍ നിന്നും പമ്പയിലേക്കുള്ള പ്രധാന പാതയിലാണ് കണമല പാലം. ഇവിടെ നിലവിലുള്ള കോസ്‌വേക്ക് വീതി തീരെകുറവായതിനാല്‍ ഒരേ സമയം ഒരു ദിശയില്‍ മാത്രമേ വാഹനങ്ങള്‍ കടന്നുപോകാനാകൂ. തിരക്കേറിയ ശബരിമല സീസണില്‍ മണിക്കൂറുകളോളം ഇരു കരകളിലും വാഹനങ്ങള്‍ കാത്തുകിടക്കുന്നതിനാല്‍ നാട്ടുകാര്‍ വാഹനയാത്ര ഒഴിവാക്കി നടന്നാണ് വീടുകളിലെത്തുന്നത്. മാത്രമല്ല മഴ സമയത്ത് പാലം വെള്ളത്തില്‍ മുങ്ങി ഗതാഗതം നിലയ്ക്കുന്നതും പതിവാണ്.

കണമലക്കാരുടെയെന്നല്ല സംസ്ഥാനത്തെ മുഴുവന്‍ തീര്‍ത്ഥാടകരുടെയും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതായി അറിയിച്ചാണ് കഴിഞ്ഞ ശബരിമല സീസണില്‍ നവംബര്‍ 13ന് കണമലയില്‍വച്ചാണ് പൊതുമരാമത്ത് മന്ത്രി പുതിയ പാലം നിര്‍മ്മാണം സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. പാലം പൂര്‍ത്തിയാക്കാന്‍ 125 ദിവസം മതിയെന്നുള്ള ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച് മന്ത്രി പ്രഖ്യാപനം നടത്തുകയായിരുന്നു. നാട്ടുകാര്‍ക്ക് പൂര്‍ത്തീകരണ സമയം മനസ്സിലാക്കുവാന്‍ അന്നുമുതല്‍ കൗണ്ട്ഡൗണ്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു.

തുടര്‍ന്ന് നിര്‍മാണം പകുതിയോളമെത്തിയ നദിയിലെ രണ്ട് തൂണുകളുടെ നിര്‍മാണവും ഇരു കരകളിലെ തൂണുകളുമാണ് ഇതുവരെ പൂര്‍ത്തിയാക്കാനായത്. പ്രഖ്യാപന കാലാവധി കഴിഞ്ഞുവെന്ന കാര്യം മന്ത്രി മറന്നുപോയെങ്കിലും തങ്ങള്‍ അതു മറന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.