മലേഷ്യന്‍ വിമാനം റാഞ്ചിയതെന്നു റിപ്പോര്‍ട്ട്‌ : ആന്‍ഡമാന്‍ ഭാഗത്തേയ്ക്ക് കൊണ്ടുപോയതായി സൂചനകള്‍

single-img
15 March 2014

ക്വാലാലംപൂര്‍ : കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയാതാകാമെന്ന് ഔദ്യോഗിക നിഗമനം.വിമാനം കാണാതായ സമയത്ത് ലഭിച്ച ചില റഡാര്‍ സിഗ്നലുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇത്തരം ഒരു നിഗമനത്തിലേയ്ക്ക് അന്വേഷണസംഘം എത്തിച്ചേരുന്നത്.വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയ ഒന്നോ രണ്ടോ വിമാനം പറത്തുന്നതില്‍ വൈദഗ്ദ്ധ്യം സിദ്ധിച്ച ആളുകള്‍ ചേര്‍ന്ന് വിമാനം റാഞ്ചിയ ശേഷം വിമാനത്തിലെ വാര്‍ത്താവിനിമയമാധ്യമങ്ങളെല്ലാം ഓഫ് ചെയ്തതാകാം എന്നാണു അനുമാനം.

എന്നാല്‍ വിമാനം ഏതെങ്കിലും ഒരു സംഘം റാഞ്ചാന്‍ ഉള്ള കാരണം എന്താണെന്നോ അവരുടെ പിന്നില്‍ ആരൊക്കെയാണ് ഉള്ളതെന്നോ യാതൊരു സൂചനയും ലഭ്യമല്ല.എന്നാല്‍ വിമാനം റാഞ്ചി എന്നത് ഉറപ്പാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.ഏതെങ്കിലും സംഘടന തന്നെയാകണം റാഞ്ചലിന് പിന്നില്‍ എന്നുറപ്പില്ലാത്തതിനാല്‍ കൊള്ളക്കാരുടെ പങ്കും സംശയിക്കുന്നുണ്ട്.

അമേരിക്കയുടെ മിലിട്ടറി റഡാര്‍ സിസ്റ്റം അവസാനം സ്വീകരിച്ച ദുര്‍ബ്ബലമായ സന്ദേശങ്ങളും ഉപഗ്രഹങ്ങള്‍ക്ക് കിട്ടിയ വിവരങ്ങളും പരിശോധിച്ചതില്‍ നിന്നും വിമാനം ക്വാലാലംപൂരില്‍ നിന്നും പറന്നുയര്‍ന്നു ഒരു മണിക്കൂറിനകം പടിഞ്ഞാറേയ്ക്ക്‌ തിരിഞ്ഞിട്ടുണ്ട്  എന്നും ആ സമയത്ത് തന്നെ വിമാനത്തിലെ വാര്‍ത്താവിനിമയ ഉപാധികള്‍ എല്ലാം ഓഫ് ചെയ്തിട്ടുണ്ട് എന്നുമാണ് അനുമാനിക്കാന്‍ കഴിയുക.മലേഷ്യയ്ക്കും വിയറ്റ്നാമിനും ഇടയിലുള്ള വ്യോമപാതയിലെ ‘ഇഗാരി’  പോയിന്റില്‍ നിന്നും പടിഞ്ഞാറേയ്ക്ക് തിരിഞ്ഞ വിമാനത്തെ പിന്നീട് മലാക്കാ കടലിടുക്കില്‍ നിന്നും ആന്‍ഡമാന്‍ ദ്വീപുകള്‍ ഉള്‍പ്പെടുന്ന സമുദ്രഭാഗത്തേയ്ക്ക് പ്രവേശിക്കുന്ന ഫുക്കെറ്റ് പോയിന്റിനടുത്തായി റഡാറില്‍ കണ്ടതായി അമേരിക്കന്‍ മിലിട്ടറി വൃത്തങ്ങള്‍ അറിയിച്ചു.റോയിട്ടേഴ്സാണ് ഈ വിവരങ്ങള്‍ പുറത്തുവിടുന്നത്.

അവിടെ നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ പറക്കുമ്പോള്‍ ഇന്ധനം തീര്‍ന്നു വിമാനം കടലില്‍ വീണിട്ടുണ്ടാകാമെന്നാണ് ചിലരുടെ അനുമാനം.എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ കടലില്‍ അതിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടാകേണ്ടതാണ്.അത് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.ഇതുവരെയുള്ള വിമാന അപകടങ്ങളില്‍ വിമാനവുമായുള്ള വാര്‍ത്താവിനിമയ ബന്ധം നഷ്ടപ്പെട്ട സ്ഥലത്തിന് ഇരുപതു മൈല്‍ ചുറ്റളവിനുള്ളില്‍ ഈ അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടുണ്ട്.എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിശാലതയും 7 കിലോമീറ്റര്‍ വരെ ആഴമുള്ള പ്രദേശങ്ങളും ഈ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കുന്നു.ഈ സമുദ്രത്തിലെ ജലപ്രവാഹങ്ങളും കാറ്റും വെള്ളത്തിന്‌ മുകളില്‍ പൊങ്ങിക്കിടക്കാനിടയുള്ള അവശിഷ്ടങ്ങളെ മണിക്കൂറുകള്‍ക്കുള്ളില്‍ മൈലുകള്‍ ദൂരേയ്ക്ക് എത്തിക്കാം എന്നതും വസ്തുതയാണ്.

ആന്‍ഡമാനിലെ മനുഷ്യര്‍ക്ക്‌ എത്തിപ്പെടാന്‍ കഴിയാത്ത ഏതെങ്കിലും വനനിബിഡമായ ദ്വീപുകളില്‍ വിമാനം തകര്‍ന്നു വീണിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.അതിനാല്‍ ഇന്നലെ ഇന്ത്യന്‍ നാവികസേനയുടെ വിമാനങ്ങള്‍  ആന്‍ഡമാനിലെ ഏതാണ്ട് അഞ്ഞൂറോളം ദ്വീപുകളില്‍ തിരച്ചില്‍ നടത്തിയിരുന്നു.720 കിലോമീറ്റര്‍ ചുറ്റളവില്‍ പറന്നു കിടക്കുന്ന ദ്വീപസമൂഹങ്ങളില്‍ ഈ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തിരയുന്നത് വയ്ക്കോല്‍ത്തുറുവിനുള്ളില്‍ സൂചി തിരയുന്നതുപോലെയാണെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ പറയുന്നു.