ബാംഗ്ലൂരില്‍ റാഗിംഗിന് ഇരയായ മലയാളി വിദ്യാര്‍ഥി മരിച്ചു : പ്രതികളായ ആറു മലയാളി വിദ്യാര്‍ഥികള്‍ ഒളിവില്‍

single-img
11 March 2014

Ahabബാംഗളൂരില്‍ ക്രൂരമായ റാഗിംഗിനിരയായ മലയാളി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി നോര്‍ത്ത് ചാലക്കുടി പൂപ്പറമ്പില്‍ ഇബ്രാഹിമിന്റെ മകന്‍ അഹാബ് ഇബ്രാഹിം (21) മരിച്ചു. സംഭവത്തില്‍ ആറു മലയാളി വിദ്യാര്‍ഥികളെ തെരയുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് റാഗിംഗിന് ഇരയായതിനെത്തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഹാബ് തിങ്കളാഴ്ച രാത്രിയാണ് മരണമടഞ്ഞത്.

ജാലഹള്ളി ഹെസ്‌റുകട്ട റോഡില്‍ ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒന്നാംവര്‍ഷ ആര്‍ക്കിടെക്ചര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന അഹാബിനെ കഴിഞ്ഞ സെപ്റ്റംബറില്‍ ഓണത്തിനടുത്ത ദിവസങ്ങളില്‍ കോളജിലെ ആറ് മലയാളി വിദ്യാര്‍ഥികളാണ് ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. അഹാബിനെ തലയ്ക്ക് അടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

അഹാബ് ഈ വിവരം പ്രതികളുടെ ഭീഷണിയെതുടര്‍ന്ന് പുറത്തറിയിച്ചിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം കോളജില്‍ തലകറങ്ങിവീണ് അബോധാവസ്ഥയിലായ അഹാബിനെ ബാംഗളൂരിലെ സപ്തഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അടിയെതുടര്‍ന്ന് തലയില്‍ രക്തം കട്ടപിടിച്ചിരിക്കയായിരുന്നുവെന്ന് കണ്ടെത്തിയത്. ചികിത്സയില്‍ പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്ന് അഹാബിനെ ബന്ധുക്കള്‍ കേരളത്തിലേക്ക് കൊണ്ടുവന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.

എന്നാല്‍ സംഭവത്തെക്കുറിച്ച് ബാംഗ്ലൂര്‍ പോലീസിന് പരാതി നല്‍കിയിട്ടും കേസെടുത്തിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.