ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പൊന്നാനിയില്‍ ഇ.ടി, മലപ്പുറത്ത് ഇ.അഹമ്മദ് തന്നെ

single-img
11 March 2014

Ahammedലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള രണ്ടു സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഇ.അഹമ്മദ് മലപ്പുറത്തും ഇ.ടി.മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്നു പാര്‍ട്ടിയധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. അഹമ്മദിന്റെ കാര്യത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ചു പ്രചരിച്ച വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും ദേശീയതലത്തില്‍ ഇ. അഹമ്മദിന്റെ സാന്നിധ്യം അനിവാര്യമാണെന്നും മന്ത്രി പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

മണ്ഡലം കമ്മിറ്റികളില്‍ നിന്നും മലപ്പുറത്ത് അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി വ്യാപക എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തോട് മാറിനില്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപമാനിച്ച് മാറ്റി നിര്‍ത്തരുതെന്നും ഒരു തവണ കൂടി മത്സരിക്കാന്‍ ആഗ്രഹമുണ്‌ടെന്ന് അറിയിച്ച് സീറ്റിന് വേണ്ടി അഹമ്മദ് ആവശ്യം ശക്തമാക്കിയതോടെ മലപ്പുറം സീറ്റ് അഹമ്മദിന് തന്നെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ അഹമ്മദിനു പകരം അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണെ്ടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അഹമ്മദിനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കോഴിക്കോട്ടു ചേര്‍ന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നേതാക്കള്‍ പറഞ്ഞു. അതിനിടെ ലീഗ് നേതാവ് പി.വി.അബ്ദുള്‍ വഹാബ് മലപ്പുറം കിട്ടിയില്ലെങ്കില്‍ വയനാട്ടില്‍ ഇടതു പിന്തുണയോടെ മല്‍സരിക്കുമെന്ന് ഭീഷണിമുഴക്കിരുന്നെങ്കിലും ആ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അബ്ദുള്‍ വഹാബ് തന്നെ പറഞ്ഞു.