തിരുവനന്തപുരം നഗരസഭാ മാസ്റ്റര്‍പ്ലാനിനെതിരെ ആറ്റിപ്രയില്‍ വന്‍ പ്രതിഷേധം : ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു

single-img
10 March 2014

കുളത്തൂര്‍:തിരുവനന്തപുരം നഗരസഭാ മാസ്റ്റര്‍ പ്ലാന്‍ ആറ്റിപ്ര നിവാസികളുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന രേഖയാണ് എന്നാരോപിച്ച് ആറ്റിപ്ര നിവാസികള്‍ ജനകീയസമരസമിതിയുടെ നേതൃത്വത്തില്‍ കുളത്തൂരില്‍ റോഡും നഗരസഭയുടെ സോണല്‍ ഓഫിസും ഉപരോധിച്ചു.നഗരസഭാ മാസ്റ്റര്‍ പ്ലാന്‍ തെരഞ്ഞെടുപ്പു പ്രമാണിച്ച് താല്‍ക്കാലികമായി മരവിപ്പിച്ചെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആറ്റിപ്രയിലെ സാധാരണക്കാരെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢാലോചന പിന്നില്‍ നടക്കുന്നതായി സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ആറ്റിപ്ര വാര്‍ഡിനെ ഗ്രീന്‍ ബെല്‍റ്റ്‌ ,ഗ്രീന്‍ ടു ഡെവലപ്പ്മെന്റ് , എന്നിങ്ങനെ പ്രത്യേക മേഖലകളായി തരം തിരിക്കുന്നതിലൂടെ ആറ്റിപ്ര നിവാസികള്‍ക്ക് സ്വന്തം വസ്തുവില്‍ വീട് വെയ്ക്കാനോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ ഉള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് എന്നും ഇത് ഭൂമാഫിയയെ സഹായിക്കാനാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.കേരള യൂണിവേഴ്സിറ്റി , വി എസ് എസ് സി, ടെക്നോപാര്‍ക്ക്,മണ്‍വിള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്‌ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്കു വേണ്ടി സ്വന്തം കിടപ്പാടം വിട്ടുകൊടുത്തവരാണ് ആറ്റിപ്രയിലും പരിസരപ്രദേശങ്ങളിലും ഉള്ളവരെന്നും ഇനി ഒരു തുണ്ട് ഭൂമിപോലും വിട്ടുകൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും സമരസമിതി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.ഉപരോധത്തിന് ശേഷം ഇവര്‍ തൃപ്പാദപുരം വരെ പ്രകടനവും നടത്തി.

വന്‍ജനാവലിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം എല്ലാ ജനവിഭാഗങ്ങളും പങ്കെടുത്തു.എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സമുദായനേതാക്കളും ഈ സമരത്തിന്‌ പിന്തുണ നല്‍കുന്നുണ്ട്.