നഗരസഭാ മാസ്റ്റര്‍ പ്ലാനിനു പിന്നില്‍ ഭൂമാഫിയയെന്നു ജനകീയ സമരസമിതി : സമരം വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപിയുടെ ശ്രമം

single-img
10 March 2014

കുളത്തൂര്‍ : നഗരസഭാ മാസ്റ്റര്‍ പ്ലാനിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഭൂമാഫിയകളുടെ ഗൂഢതന്ത്രങ്ങളെന്നു ആറ്റിപ്രയിലെ ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.സ്വന്തം ഭൂമി ഒരു തരത്തിലും ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും മറ്റും മരവിപ്പിക്കാനും അതുവഴി ഭൂമാഫിയയ്ക്ക് അധിനിവേശം നടത്താനുള്ള വഴിയൊരുക്കാനുമാണ് സര്‍ക്കാരിന്റെ നീക്കമെന്ന് അവര്‍ പറഞ്ഞു.

സമരസമിതി ഇന്ന്നടത്തിയ ഉപരോധമടക്കം കടുത്ത സമരമുറകളിലെയ്ക്കാണ് നീങ്ങുന്നത്‌. വരാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പും ആറ്റിപ്ര വാര്‍ഡിലെ ഉപതെരെഞ്ഞെടുപ്പും സമരത്തിന്‌ ചൂടുപിടിപ്പിക്കുന്നു.സി.പി.എം കൗണ്‍സിലര്‍ എം.എസ് സംഗീതയുടെ മരണത്തെുടര്‍ന്നാണ് ആറ്റിപ്രയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കേവലം ഒരാളുടെ ഭൂരിപക്ഷത്തിലാണ് നഗരസഭ ഇടതുമുന്നണി ഭരിക്കുന്നത്. ഇതിനിടയില്‍ ആര്‍ എസ് പി കൂടി പിന്തുണ പിന്‍വലിച്ചാല്‍ ഭരണപക്ഷം ന്യൂനപക്ഷമാകും. അതിനാല്‍തന്നെ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് മുന്നില്‍ വലിയൊരു വെല്ലുവിളിയാണ്.

അതേസമയം സമരത്തെ കാവിപുതപ്പിച്ചു വര്‍ഗീയവല്ക്കരിക്കാനാണ് ബി ജെ പിയുടെ ശ്രമം. ആറ്റിപ്ര മേഖല ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെന്നും ഹിന്ദുക്കളെ കുടിയൊഴിപ്പിച്ചു വികസനം കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും ആറ്റിപ്ര വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി യമുന ആരോപിക്കുന്നത്.തങ്ങളാണ് ആറ്റിപ്രയിലെ കുടിയൊഴിപ്പിക്കലിനെതിരെ ആദ്യമായി മുന്നോട്ടു വന്നതെന്നും ബിജെപി അവകാശപ്പെടുന്നു.ആറ്റിപ്ര മേഖലയില്‍ എട്ട് ക്ഷേത്രങ്ങള്‍ ഉണ്ടെന്നും അതില്‍ പലതും പുരാതനമായ ക്ഷേത്രങ്ങള്‍ ആണെന്നും അതിനെ സംരക്ഷിക്കാന്‍ ബി ജെപി മുന്നിട്ടിറങ്ങുമെന്നും ആര്‍ എസ് എസ് ജില്ലാ കാര്യവാഹക് ജയകുമാര്‍ ഇ വാര്‍ത്തയോട് പറഞ്ഞു.

എന്നാല്‍ ബിജെപ്പിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി പി ഐ എം ആറ്റിപ്ര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിജയകുമാര്‍ പറഞ്ഞു.ടെക്നോപാര്‍ക്കിനു വേണ്ടി കുടിയൊഴിപ്പിക്കല്‍ നടത്തിയപ്പോള്‍ ടെക്നോപാര്‍ക്കിനു സമീപത്തുള്ള വല്ലത്തോട് ക്ഷേത്രം അങ്ങനെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. അതുപോലെ ടെക്നോപാര്‍ക്കിന്റെ തന്നെ മൂന്നാം ഘട്ടം വികസനം വന്നപ്പോള്‍ ആ ഭാഗത്തുള്ള കുശമുട്ടം ക്ഷേത്രവും സംരക്ഷിക്കപ്പെട്ടു.അതുകൊണ്ട് തന്നെ അത്തരം വര്‍ഗീയ ആരോപണങ്ങള്‍ ബിജെപിയുടെ കുതന്ത്രമാണെന്നും വിജയകുമാര്‍ പ്രതികരിച്ചു.എന്നാല്‍ നിലവിലെ ജനവിരുദ്ധമായ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ സിപിഎം അനുവദിക്കില്ല.

ഈ മാസ്റ്റര്‍ പ്ലാന്‍ അനുവദിച്ചതിന് പിന്നില്‍ നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ അടുത്തയാളായ റീജിയണല്‍ ടൌണ്‍ പ്ലാനര്‍ അജയകുമാര്‍ ആണെന്നാണ്‌ സി പി എമ്മിന്റെ ആരോപണം.നഗരസഭയുടെ ഭരണസമിതി മാസ്റ്റര്‍ പ്ലാനിനു ഒത്താശ ചെയ്തു എന്ന കോണ്ഗ്രസ് സ്ഥാനാര്‍ഥിയുടെ ആരോപണം സി പി എം നിരാകരിക്കുന്നു.മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയില്‍ നഗരസഭാ കൌണ്‍സിലര്‍മാര്‍ പെട്ട് പോയതാണെന്ന് സി പി എം ആരോപിക്കുന്നു.മാസ്റ്റര്‍ പ്ലാനിന്റെ കരടുരേഖ ഇംഗ്ലീഷിലാണ് നഗരസഭയ്ക്ക് സമര്‍പ്പിച്ചത്.എന്നാല്‍ സാധാരണക്കാരായ കൌണ്‍സിലര്‍മാര്‍ക്ക് ഇത് മനസ്സിലാകാന്‍ മലയാളത്തില്‍ സമര്‍പ്പിക്കാന്‍ നഗരസഭാ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല.അതുകൊണ്ട് തന്നെമുഴുവന്‍ വായിച്ചു ചര്‍ച്ച ചെയ്തു പാസാക്കാനുള്ള സമയവും സാഹചര്യവും തങ്ങള്‍ക്കു തരാതെ സര്‍ക്കാര്‍ ഇത് പാസ്സാക്കിയെടുക്കുകയായിരുന്നു എന്നാണു നഗരസഭയിലെ ഭരണകക്ഷിയായ സി പി എമ്മിന്റെ ആരോപണം.

മാസ്റ്റര്‍ പ്ലാനിലെ പ്രശ്നങ്ങള്‍ ബോദ്ധ്യപ്പെട്ടപ്പോള്‍ത്തന്നെ തങ്ങള്‍ ആര്‍ ടി പി അജയകുമാറിന്റെ ഓഫീസ് ഉപരോധിക്കുകയും പിന്നീട് ഈ മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിച്ച ശേഷം മാത്രമേ നടപ്പാക്കൂ എന്ന് വെള്ളപേപ്പറില്‍ സത്യവാങ്ങ്മൂലം എഴുതി വാങ്ങുകയും ചെയ്തു എന്നും സിപിഎം നേതൃത്വം അവകാശപ്പെടുന്നു.എന്നാല്‍ എല്ലാ പാര്‍ട്ടിക്കാരും ഈ വിഷയത്തില്‍ ഒത്തുകളിക്കുകയാണെന്നാണ് മുന്‍ സി പി എം അനുഭാവിയായ മോഹനന്‍ പറയുന്നത്.ആത്മഹത്യ ചെയ്ത മുന്‍കൌണ്‍സിലര്‍ എം എസ് സംഗീതയുടെ അച്ഛനാണ് മോഹനന്‍.സംഗീത ആത്മഹത്യ ചെയ്യേണ്ടി വന്നതിന്റെ ഒരുകാരണം ഈ വിഷയത്തിലെ മാനസിക സംഘര്‍ഷമാണെന്നും മോഹനന്‍ ആരോപിക്കുന്നു.അതുകൊണ്ട് തന്നെ താന്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ല എന്നും മോഹനന്‍ പറഞ്ഞു.

മാസ്റ്റര്‍ പാന്‍ എന്ന പേരില്‍ ഇപ്പോള്‍ തയ്യാറാക്കിയ കരടു രേഖ തീര്‍ത്തും ഭൂമാഫിയയെ സഹായിക്കാന്‍ വേണ്ടിയുള്ള ഒന്നാണെന്ന് സി പി ഐയുടെ ബ്രാഞ്ച് ഷാജി പറയുന്നു.ഷാജി സമരസമിതിയുടെ പ്രവര്‍ത്തകനാണ്.നിലവിലുള്ള കരടു രേഖയില്‍ ഒരു പദ്ധതിയ്ക്ക് വേണ്ടിയും ഭൂമി ഏറ്റെടുക്കുന്നതിനെപ്പറ്റി പറയുന്നില്ല. പക്ഷെ അതിനേക്കാള്‍ വലിയ ചതി അതില്‍ ഒളിഞ്ഞു കിടപ്പുണ്ട്.നിലവില്‍ ആറ്റിപ്ര മേഖലയിലെ 95% ഭൂമിയും സര്‍ക്കാര്‍ വിവിധ പ്രൊജക്റ്റുകള്‍ക്കായി ഏറ്റെടുത്തു കഴിഞ്ഞു .ഇനി ബാക്കിയുള്ള ഭൂമിയെ പല പേരുകളില്‍ തരം തിരിച്ചു കൊണ്ട് അവിടെ സാധാരണരീതിയില്‍ വീട് വെച്ച് താമസിക്കാനുള്ള ജനങ്ങളുടെ അവകാശം ഇല്ലാതാകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും ഷാജി ആരോപിച്ചു.

ആറ്റിപ്രയുടെ കിഴക്കുഭാഗത്തുള്ള കോട്ടൂരിനെ ഗ്രീന്‍ ബെല്‍റ്റ്‌ ആയിട്ടാണ് തരം തിരിച്ചിരിക്കുന്നത്.ഗ്രീന്‍ ബെല്‍റ്റില്‍ പുതിയതായി ഒരു നിര്‍മ്മാണപ്രവര്‍ത്തനവും പാടില്ല.ചെങ്കോടിക്കാട് പ്രദേശം ഗ്രീന്‍ ടു ഡെവലപ്പ്മെന്റ് എന്ന പട്ടികയിലാണ് വരുന്നത്.ഇവിടെ ഒരാള്‍ക്ക്‌ ഇനി വീടുവെയ്ക്കണമെങ്കില്‍ കുറഞ്ഞത്‌ രണ്ടേക്കര്‍ ഭൂമി സ്വന്തമായി വേണം.ഇനി അഥവാ രണ്ടേക്കര്‍ ഇല്ലെങ്കില്‍ ചുറ്റുവട്ടത്തുള്ള ആളുകളുടെ കൂടെ ചേര്‍ന്ന് കൊണ്ട് അപ്പാര്‍ട്ട്മെന്റ് പോലെയുള്ള വീടുകള്‍ വെയ്ക്കേണ്ടി വരും.കല്ലിങ്കല്‍,തൃപ്പാദപുരം,അരശുംമൂട് മേഖലകള്‍ പ്രൊപ്പോസ്ഡ് ഐ ടി എന്റര്‍പ്രൈസസ് ആന്‍ഡ്‌ സ്ട്രാറ്റജിക് ഏരിയ ആണ്.അടുത്ത 18 വര്‍ഷത്തെയ്ക്കാണ് ഈ നിബന്ധനകള്‍ പാലിക്കേണ്ടി വരുക.

ചുരുക്കിപ്പറഞ്ഞാല്‍ തങ്ങളുടെ  പേരിലുള്ള ഭൂമി ഉപയോഗിക്കാനോ വീട്വെയ്ക്കാനോ കഴിയാതെ ഉപയോഗശൂന്യമായിത്തീരുന്ന അവസ്ഥയാണ് ആറ്റിപ്ര നിവാസികളെ കാത്തിരിക്കുന്നത്.ഇത്തരത്തിലുള്ള വസ്തു ആരും വാങ്ങാനും തയ്യാറാവില്ല.പിന്നീട് വരുന്ന സര്‍ക്കാര്‍ പ്രോജക്ടുകള്‍ക്കായി ഈ ഭൂമി വാങ്ങി മറിച്ച് വില്‍ക്കുന്ന ഭൂമാഫിയകള്‍ക്ക്‌ കുറഞ്ഞവിലയ്ക്ക് സ്വന്തം ഭൂമി വിറ്റു കളഞ്ഞിട്ടു പോകേണ്ട ഗതികേടാണ് ഇവര്‍ക്ക് വരാന്‍ പോകുന്നത്.എന്തായാലും പിറന്നു വീണ മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി ആറ്റിപ്ര നിവാസികള്‍ തെരുവിലിറങ്ങുന്ന വലിയ സമരങ്ങളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്.