കേജരിവാള്‍ ഏകാധിപതി; വസതിക്കു മുന്നില്‍ ആം ആദ്മി പ്രവര്‍ത്തകരുടെ പ്രകടനം

single-img
10 March 2014

aravindസ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ ഏകാധിപത്യ നടപടികളാണു കേജരിവാളും ഒപ്പമുള്ള കുറേ ആളുകളും ചെയ്യുന്നതെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ വസതിക്കു മുന്നില്‍ ആം ആദ്മി പാര്‍ട്ടിയിലെ തന്നെ പ്രവര്‍ത്തകരുടെ പ്രതിഷേധം. അരവിന്ദ് കേജരിവാളിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് അനുവദിക്കാത്തതാണു പ്രതിഷേധ പ്രകടനം നടത്താന്‍ ഇടയാക്കിയതെന്നു പ്രകടനത്തില്‍ പങ്കെടുത്ത എഎപി ദേശീയ കൗണ്‍സില്‍ അംഗം അശ്വിനി ഉപാധ്യായ് പറഞ്ഞു.

പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയ രീതികള്‍ ശരിയല്ലെന്ന് അശ്വിനി ഉപാധ്യായ് പറഞ്ഞു. നാലഞ്ചു പേരുടെ താത്പര്യത്തിന് അനുസരിച്ചാണ് പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുകയും എന്നാല്‍ സ്വന്തം സംഘടനയില്‍ പോലും പ്രാവര്‍ത്തികമാക്കാതിരിക്കുന്ന അവസ്ഥയാണുള്ളതെന്നും അശ്വിനി ഉപാധ്യായ് ആരോപിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരേ രാജ്യത്തു പലയിടത്തും കേജരിവാള്‍ റാലികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് എഎപി പ്രവര്‍ത്തകര്‍ തന്നെ കേജരിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.