275 കിലോ ഭാരമുള്ള കാച്ചില്‍, പത്തടി ഉയരമുള്ള ചീര, പാര്‍പ്പിള്‍ പാഷന്‍ഫ്രൂട്ട്…. തലസ്ഥാന നഗരിയിലെ കാര്‍ഷിക അത്ഭുതങ്ങള്‍

single-img
5 March 2014

Raveendran 1

അന്യം നിന്നു പോകുക എന്ന പദം യാഥാര്‍ത്ഥ്യമായ ഒരു മേഖലയാണ് ഇന്ന് കാര്‍ഷികരംഗം. തമിഴ്‌നാട്ടില്‍ നിന്നും വിഷം പുരട്ടി വിളയിച്ച ഫലങ്ങള്‍ നമ്മുടെ ശരീരത്തിന് അമൃതൂട്ടി തുടങ്ങിയിട്ട് കാലം കുറച്ചായി. കേരളമെന്നു കേട്ടാലെ തെങ്ങും വയലും വാഴയും ഇന്നും പലരുടേയും മനസ്സിലേക്ക് ഓടിയെത്തും. പക്ഷേ, ഈ സാധനങ്ങളൊന്നും കേരളത്തിന്റെ പലസ്ഥലങ്ങളിലും കാണുവാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഭൂമിയില്ല… അതുകൊണ്ട് കൃഷിയുമില്ല എന്ന പരിവേദനങ്ങള്‍ക്കിടയിലും ഉള്ള ഭൂമി വെറുതെയിട്ട് ടി.വി ക്കും കമ്പ്യൂട്ടറിനും മുന്നില്‍ ചടഞ്ഞിരിക്കുന്ന യുവത്വമാണ് സത്യത്തില്‍ ഇന്നുള്ളത്. പക്ഷേ, അധ്വാനിക്കാന്‍ തയ്യാറുണ്ടെങ്കില്‍, അതിനൊരു മനസ്സുണ്ടെങ്കില്‍ ഉള്ള ഭൂമിയിലും സ്വന്തം മനസ്സിലും പൊന്നു വിളയിക്കാമെന്ന് ഒരാള്‍ തെളിയിച്ചിരിക്കുന്നു. ഇന്നത്തെ സമൂഹത്തിന്റെ കാര്‍ഷിക രംഗത്തോടുള്ള നിലാപാടുകള്‍ക്കെതിരെ ഒരു സാധാരണക്കാരന്റെ മറുപടി പോലെ.

101

തലസ്ഥാന നഗരിയിലെ ഗവ. മെഡിക്കല്‍ കോളേജിനടുത്തുള്ള പോങ്ങുംമൂട് രജി ഭവനില്‍ രവീന്ദ്രനെന്ന കര്‍ഷകന് കാര്‍ഷിക വൃത്തി ഒരു തപസ്യയാണ്. വെറും അഞ്ചര സെന്റിലും സ്വന്തം വീടിന്റെ ടെറസിലും കാര്‍ഷിക വിപ്ലവം നടത്തി സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഇദ്ദേഹം. കയ്യിലുള്ള സ്വത്തിന്റെ ഭൂരിഭാഗവും റബ്ബറു പോലുള്ള നാണ്യവിളകള്‍ക്ക് തീറെഴുതിക്കൊടുത്ത്, അയല്‍ സംസ്ഥാനങ്ങളുടെ കാരുണ്യത്തില്‍ പച്ചക്കറി ഭക്ഷിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരുമാര്‍ഗ്ഗദീപം കൂടിയാണ് ഇദ്ദേഹത്തിന്റെ ജീവിതം.

വീടുള്‍പ്പടെയുള്ള അഞ്ചര സെന്റിലാണ് രവീന്ദ്രന്റെയും കുടുംബത്തിന്റെയും അത്താണിയായ കൃഷിയുടെ അടിസ്ഥാനം പാകിയിരിക്കുന്നത്. മണലാരണ്യത്തിന്റെ ചൂടില്‍ കുറച്ചുകാലം പ്രവാസ ജീവിതം നയിച്ച ഒരു വ്യക്തി കേരളത്തിന്റെ പച്ചപ്പിലേക്ക് കാലുകുത്തിയത് കാലം കാത്തുവച്ച ചില കരുതലുമായിട്ടായിരുന്നു. യാഥൃശ്ചികമായിരുന്നു ഈ രംഗത്തേക്കുള്ള കടന്നു വരവെങ്കിലും ഇന്ന് അല്ലലില്ലാതെ കഴിയുവാനുള്ളതെല്ലാം കാര്‍ഷിക രംഗം തരുന്നുവെന്നുള്ളത് രവീന്ദ്രന്റെ കഠിനാധ്വാനത്തെയാണ് കാണിക്കുന്നത്.
നഗരജീവിതത്തില്‍ ഒരിക്കലും സാധിക്കില്ലെന്ന് കരുതിയതൊക്കെ വെട്ടിപ്പിടിച്ച സന്തോഷത്തിലാണ് വീന്ദ്രനിന്ന്. വീടിന്റെ ടെറസ്സില്‍ കയറുന്ന ഏതൊരാളും ഏതോ വലിയ അഗികള്‍ച്ചറല്‍ഫാമില്‍ കയറിയ അനുഭവമാണുണ്ടാകുക. ഗ്രോ ബാഗുകളിലും പെയിന്റു ബക്കറ്റുകളിലും വളര്‍ന്നു നില്‍ക്കുന്ന കാര്‍ഷിക വിഭവങ്ങള്‍. പലതും പുറത്തു മണ്ണില്‍ വളരുന്നതിനേക്കാള്‍ പുഷ്ടിയോടെ.

1

ഒരു സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനു ചെന്നപ്പോള്‍ കിട്ടിയ ഒരു കഷ്ണം കാച്ചിലാണ് രവീന്ദ്രനെന്ന കര്‍ഷകന്റെ ജീവിതം തേച്ചുമിനുക്കിയെടുത്തതെന്ന് പറയാം. കുറച്ച് വര്‍ഷം മുമ്പ്, അതായത് 2004 ല്‍ ഒരു സൃഹുത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ രവീന്ദ്രന് സുഹൃത്ത് ഒരു കഷ്ണം കാച്ചില്‍ സമ്മാനിക്കുന്നു. ‘ഇതില്‍ മുക്കാല്‍ പങ്കും കറിവച്ചു ഭക്ഷിക്കുക. ബാക്കി നടുക’ എന്ന ഒരുപദേശവും. രവീന്ദ്രന്‍ അതില്‍ ഭക്ഷിക്കുക എന്നതുമാത്രം കാര്യമായെടുത്തു. ബാക്കിവന്ന ഒരു കഷ്ണം ചായ്പ്പിന്റെ മൂലയ്ക്കുപപേക്ഷിച്ചു. മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം താന്‍ അന്നുപേക്ഷിച്ച കാച്ചില്‍ കുരുപ്പു വന്ന് വള്ളിയായി, ആ വള്ളി ചായ്പ്പിന് പുറത്തേക്കു വന്നപ്പോഴാണ് രവീന്ദ്രന്‍ ഇങ്ങനെയൊരു കാര്യം തന്നെ ഓര്‍ത്തത്.

പിറ്റേന്നു തന്നെ ഈ കാച്ചിലിന് അഞ്ചര സെന്റില്‍ ഒരിടം നല്‍കി. മാസങ്ങള്‍ക്കു ശേഷം കാച്ചിലിന്റെ വിളവെടുത്തപ്പോള്‍ രവീന്ദ്രനും കുടുംബവും അമ്പരന്നു. വിളവെടുത്ത കാച്ചിലിന്റെ ഭാരം 50 കിലോയ്ക്കും മുകളില്‍. അതില്‍ നിന്നുതന്നെ അടുത്ത വിത്തും തയ്യാറാക്കി വീണ്ടും നടുകയായിരുന്നു. 2004-ല്‍ നിന്നും 2009-ല്‍ എത്തിയപ്പോള്‍ കാച്ചിലിന്റെ ഭാരം 275 കിലോ. ഇതിനിടയില്‍ നല്ലൊരു കര്‍ഷകനായി മാറിയ രവീന്ദ്രനെ തേടി ലിംക റിക്കോഡുമെത്തി.

77-2

ഒരു കാച്ചിലില്‍ മാത്രം തീരുന്നതല്ല ഈ കാര്‍ഷികവൃത്തിയുടെ കഥകള്‍. 11.5 അടി പൊക്കമുള്ള ചീര, പയര്‍, മുളക്, വെണ്ട അങ്ങിനെവേണ്ട ഒരു ഫാമിലുള്ളത്രയും വിഭവങ്ങള്‍ ഇവിടുണ്ട്. കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ‘പര്‍പ്പിള്‍ പാഷന്‍ ഫ്രൂട്ടും’ ഇവിടുത്തെ ടെറസിനുമുകളില്‍ പന്തലുയര്‍ത്തി നില്‍ക്കുന്നുണ്ട്. സന്ദര്‍ശനത്തിനെത്തുന്നവരെ അത്ഭുതം കൊള്ളിക്കുന്ന ഒരു വസ്തുത യാതൊരുവിധ രാസകീടനാശിനിയോ മറ്റോ ഉപയോഗിച്ചല്ല ഇവയുടെ പരിപാലനമെന്നതാണ്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ച് മാത്രം കാര്‍ഷിക വിളകള്‍ തയ്യാറാക്കാമോ എന്ന സംശയം ദൂരികരിക്കപ്പെടുകയാണിവിടെ. ജൈവവിദ്യകള്‍ മാത്രമേ ഇവിടെ ഉപയോഗിക്കുന്നുള്ളു. അതും സ്വന്തമായുണ്ടാക്കിയവ മാത്രം.

സ്വയം നിര്‍മ്മിച്ച മണ്ണിര കമ്പോസ്റ്റ്, അമിനോ ആസിഡ്, നാട്ടുഗവ്യം തുടങ്ങിയവയാണ് രവീന്ദ്രന്‍ തന്റെ വിളകള്‍ക്കുപയോഗിക്കുന്നത്. അതല്ലാതെ പുറത്തു നിന്നുള്ള ജൈവവളം പോലും സ്വന്തം കൃഷിക്ക് ഇദ്ദേഹം ഉപയോഗിക്കാറില്ല. വീട്ടില്‍ ഉപയോഗിച്ച ശേഷം അധികം വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും മത്സ്യമാംസ അവശിഷ്ടങ്ങളുമെല്ലാം ഇദ്ദേഹം ശാസ്ത്രീയമായ രീതിയിലൂടെ ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന വളങ്ങളും കൗടനാശിനികളുമാക്കി മാറ്റുന്നു. ഈ വിളകള്‍ സആന്തമായി ഉത്പാദിപ്പിക്കുന്നതാകയാല്‍ വിളകളില്‍ പ്രയോഗിക്കുമ്പോള്‍ ഒട്ടും പേടിവേണ്ടന്ന് ഇദ്ദേഹത്തിന്റെ പക്ഷം.

70-2

ചെറുപ്പകാലത്ത് കൃഷികാര്യങ്ങളില്‍ ഇടപെടാറുണ്ടായിരുന്നെങ്കിലും അത്രവലിയ ഒരാഭിമുഖ്യം കൃഷിയോടുണ്ടായിരുന്നില്ലെന്ന് രവീന്ദ്രന്‍ പറയുന്നു. അന്ന് വാഹനങ്ങളിലെ യന്ത്രങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളുമൊക്കെയാണ് കൗതുകമുണര്‍ത്തിയ കാര്യങ്ങള്‍. പഠിത്തം കഴിഞ്ഞ് അടുത്ത ഠൗണില്‍ ഇരുചക്രവാഹനങ്ങളുടെ വര്‍ക്ക്‌ഷോപ്പുമായാണ് രവീന്ദ്രന്‍ ജീവിതം ആരംഭിച്ചത്. അതിനിടയില്‍ വിവാഹം. വിവാഹശേഷം ജീവിതം ഒരു കരയ്ക്കടുപ്പിക്കാനുള്ള വ്യഗ്രതയില്‍ പ്രവാസവാസം. ഏകദേശം പത്തു വര്‍ഷത്തോളം മരുഭൂമിയിലെ പൊള്ളുന്ന ചൂടില്‍ ജീവിതം ചിലവഴിച്ചു. എല്ലാം മതിയാക്കി മണലാരണ്യത്തില്‍ നിന്നും കേരളത്തിന്റെ പച്ചപ്പിലേക്ക് മടങ്ങിയെത്തിയപ്പോഴും കാര്‍ഷികമെന്ന വാക്ക് മനസ്സില്‍പോലുമില്ലായിരുന്നുവെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

പ്രവാസജീവിതം കൊണ്ട് ഉരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം ചേര്‍ത്ത് ഒരു പലവ്യഞ്ജന കട ആരംഭിച്ചതായിരുന്നു അടുത്തപടി. അതിനിടയിലാണ് കാര്‍ഷികരംഗത്തേക്ക് ഒരു പുതിയ പാത വെട്ടിത്തെളിച്ചുകൊണ്ട് ആ കാച്ചിലിന്റെ കടന്നുവരവ്. കാര്‍ഷികവൃത്തിയോട് ആഭിമുഖ്യമില്ലാതിരുന്ന ഈ സാധാരണക്കാരന്‍ ഇന്ന് തലസ്ഥാന ജില്ലയിലെ എണ്ണം പറഞ്ഞ കര്‍ഷകരില്‍ ഒരാളായി മാറിയിരിക്കുന്നു.

52

വിത്തുകളും ജൈവവളങ്ങളും കീടനാശിനികളുമൊക്കെ വില്‍ക്കുന്ന ഒരുനഴ്‌സറിയും രവീന്ദ്രന് സ്വന്തമായുണ്ട്. ഇതില്‍ കീടനാശിനികള്‍ വാങ്ങാന്‍ ഇദ്ദേഹം ആരെയും പ്രോത്സാഹിപ്പിക്കാറില്ല. അത് സ്വന്തമായിതന്നെ നിര്‍മ്മിക്കണമെന്നതാണ് രവീന്ദ്രന്റെ നിലപാട്. അത്രയ്ക്കും സമയമില്ലാത്തവര്‍ക്കായി മാത്രം അതിവിടെ നിന്നും വിതരണം ചെയ്യുന്നു. ലിംക ബുക്കില്‍ ഇടം നേടിയ 275 കിലോ കാച്ചിലില്‍ നിന്നും വിത്തു മാത്രമെടുത്തിട്ട് ബാക്കിയെല്ലാം വിതരണം ചെയ്യുകയായിരുന്നു. ഏകദേശം ആയിരത്തഞ്ഞുറോളം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു.

ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ വീടിന് കോട്ടം വരാതിരിക്കുവാനുള്ള ഒരു പുതിയ രീതി വീന്ദ്രന്‍ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആ രീതി ഏറെക്കുറെ സ്വാഗതം ചെയ്തിട്ടുമുണ്ട്. വീടുകളുടെ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ ടെറസിലുള്ള കൃഷിക്ക് സാമ്പത്തിക സഹായം ചെയ്യുകയുള്ളുവെന്ന രവീന്ദ്രനെ പുതിയ രീതി പരീക്ഷിക്കുന്നതിന് പ്രേരിപ്പിച്ചത്.

76

അനന്തപുരിയുടെ കാര്‍ഷിക പൈതൃഷത്തിന്റെ കാവല്‍ക്കാരില്‍ ഒരാളായ രവീന്ദ്രനെ തേടി അവാര്‍ഡുകളും അംഗീകാരങ്ങളും ഒത്തിരി എത്തിയിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട കാര്‍ഷിക മേളകളിലെല്ലാം രവീന്ദ്രന്റെ സാന്നിദ്ധ്യം സജീവമാണ്. എസ്. സിന്ധുവാണ് രവീന്ദ്രന്റെ ഭാര്യ. ബി.ടെക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജിയും ബി.എസ്‌സി നെഴ്‌സിങ്ങ് കഴിഞ്ഞ രാഖിയുമാണ് മക്കള്‍. ഇവരുടെ വിവാഹത്തിന് 2012 ല്‍ വിളവെടുത്ത 180 കിലോഗ്രാം ഭാരമുള്ള കാച്ചിലിനെ കറിവെച്ച് സദ്യയ്ക്കിടയ്ക്ക് വിളമ്പിയത് വിവാഹത്തിനെത്തിയവര്‍ക്ക് പുതിയൊരനുഭവമായിരുന്നു.

ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2014 ലെ ഐ.എ.ആര്‍.ഐ ഇന്നൊവേറ്റ് ഫാര്‍മര്‍ അവാര്‍ഡ് തേടിയെത്തിയിരിക്കുന്നത് രവീന്ദ്രനെയാണ്. മാത്രമല്ല തിരുവനന്തപുരം കോര്‍പ്പറേഷനുമായി ചേര്‍ന്ന് ടെറസിലെ പച്ചക്കറി കൃഷി വ്യാപിപ്പിക്കുവാനുള്ള പദ്ധതിയുടെ മുന്നൊരുക്കത്തിലാണ് അദ്ദേഹമിപ്പോള്‍. രവീന്ദ്രന്റെ ഫോണ്‍: 9048282885

27

കാര്‍ഷിക രംഗം മരിച്ചിട്ടില്ല എന്നു തെളിയിക്കുവാന്‍ രവീന്ദ്രനെപ്പോലുള്ളവരുടെ സാന്നിദ്ധ്യം ഇന്നിവിടെ ആവശ്യമാണ്. കാര്‍ഷിക രംഗതത്തുനിന്നും ജീവിക്കുവാനും മിച്ചം പിടിക്കുവാനുമുള്ള ആദായം ഇന്ന് പലര്‍ക്കും ഒരു സ്വപ്നമായി അവശേഷിക്കുമ്പോള്‍ ഇദ്ദേഹം അത് കാട്ടിക്കൊടുക്കുന്നു- പുതു തലമുറയ്ക്ക്; ഒരു വെല്ലുവിളിപോലെ….