കോടതിവിധികളില്‍ മതമൌലികവാദം കലരുമ്പോള്‍

single-img
4 March 2014

reena philipഇന്ത്യയിലെ മതേതരത്വം എന്നാല്‍ മതത്തെ ഒഴിവാക്കൽ അല്ല എല്ലാ മതങ്ങളെയും ഉൾകൊള്ളലാണ് എന്നാണു പറയുന്നത് .ഉള്‍കൊള്ളലിൽ നിന്നും ഇപ്പോൾ അത് അടിച്ചെല്‍പ്പിക്കലായി മാറിയിരിക്കുകയാണ് .ഓരോ ദിവസവും നിയമം വഴി മതം മനുഷ്യന്റെ സാമൂഹിക ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും പിടിമുറുക്കാൻ കോടതി നേരിട്ട് തന്നെ മുന്‍കൈയെടുക്കുകയാണ് .

ഈയടുത്ത് കോടതി പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിയാണ് സ്വവർഗ രതി ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചത് .ഡൽഹി കോടതി അതിനെ നിയമവിധേയം ആക്കിയതിന്റെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ ആയിരുന്നു വിധി .പ്രണയത്തെ കുറ്റമായി പ്രഖ്യാപിച്ച വിധി മനുഷ്യാവകാശങ്ങളെ മതത്തിന്റെ പേരിൽ പിന്നോട്ടടിക്കുന്ന ഒന്നാണ് .സ്വവർഗ രതി പ്രകൃതി വിരുദ്ധവും സദാചാര വിരുദ്ധവും എന്നാണ് കോടതി പറഞ്ഞത് .പ്രകൃതി ആണ് അവരെ സൃഷ്ടിച്ചതെങ്കിൽ അതെങ്ങിനെ പ്രകൃതി വിരുദ്ധം ആകും .ഫ്യൂഡൽ സദാചാര നിയമങ്ങൾക്ക് അനുസൃതമായാണോ രാജ്യത്തെ പരമോന്നത കോടതി ഒരു കൂട്ടം പൌരന്മാരുടെ വിധി തീരുമാനിക്കേണ്ടത് ? കുറേ മത മേധാവികളുടെ ആവശ്യത്തിനു വഴങ്ങി ഡല്ഹി കോടതിയുടെ വിധി തിരുത്തുക വഴി കോടതി ‘മതേതര ‘ ഭാരതത്തിൽ മതത്തിനുള്ള സ്വാധീനം ഒന്ന് കൂടി ഉറപ്പാക്കിയിരിക്കുകയാണ്.

മറ്റൊരു പ്രധാന വിധിയായിരുന്നു വിവാഹ പൂർവ ലൈംഗികതയെ കുറിച്ചു പുറപ്പെടുവിച്ചത് .വിവാഹത്തിനു മുന്‍പുള്ള ലൈംഗിക ബന്ധം സ്വവർഗ രതിയുടെ കാര്യത്തിൽ എന്ന പോലെ തന്നെ സദാചാര വിരുദ്ധവും മതങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരുമെന്നാണ് ഡൽഹി കോടതി പറഞ്ഞത് .ലോകത്തിലെ ഒരു മതവും അത് അനുവദിക്കുന്നില്ലാത്രേ ! ‘വിവാഹിതയായ ഒരു സ്ത്രീ സീതാദേവിയെപ്പോലെയാവണം. സീത ചെയ്തതുപോലെ തന്റെ ഭര്‍ത്താവിനെ പരിസേവിക്കുന്നതിനായി എല്ലാം അവര്‍ ത്യജിക്കണം. അതാണ് കരണീയം.’ മാർച്ചു 2012 ഇല പോര്‍ട്ട്‌ ബ്ലയറില്‍ ജോലി കിട്ടിയ ഭര്‍ത്താവിനോടൊപ്പം പോകാന്‍ വിസമ്മതിച്ച മുംബൈ നിവാസിയായ യുവതിയുമായുള്ള വിവാഹമോചന കേസില്‍ കോടതി പുറപ്പെടുവിച്ച അഭിപ്രായം ആയിരുന്നു ഇത് . അതായത് സീതാദേവിയെ പോലെ എല്ലാം ഉപേക്ഷിച്ചു ഭര്‍ത്താവിന്റെ കാലടികളെ പിന്തുടരുക എന്നതാണ് ഉത്തമസ്ത്രീയുടെ കടമ .

വൃദ്ധയായ ഷബാനുവിനെ മൊഴിചൊല്ലിയ മുന്‍ഭര്‍ത്താവിനെതിരെ , ഉപജീവനത്തിനുവേണ്ടി അവര്‍ നല്കിയ കേസില്‍ മുസ്ലീം മതപൌരോഹിത്യത്തെ തൃപ്തിപ്പെടുത്താൻ അവർക്ക് കോടതി നീതി നിഷേധിച്ചപ്പോൾ ഭൂരിപക്ഷ മതസംഘടനകളെ ബാബറി മസ്ജിദ് ആരാധനയ്ക്ക് തുറന്നു കൊടുക്കുക വഴി സന്തോഷിപ്പിച്ചു . ബാബറി മസ്ജിദ് കോടതി വിധി പോലും ഭഗവത് ഗീതയും മഹാഭാരതവും അത് പടി പകർത്തി വെക്കുന്ന ഒന്നായിരുന്നു .

ഏറ്റവും അവസാനമായി ഫത്‌വകളില്‍ ഇടപെടാനാവില്ലെന്നും ബുദ്ധിപരവും പൊതുനന്മ ഉദ്ദേശിക്കുന്നതുമായ ഫത്വകളുണ്ടെന്നും അതൊക്കെ മതപരം ആണു എന്നും കോടതി സുപ്രീംകോടതി വിധി വന്നിട്ടുണ്ട് .മുസ്‌ലിങ്ങള്‍ക്കിടയിലെ വൈവാഹിക,കുടുംബ, സ്വത്ത് തര്‍ക്കങ്ങള്‍ കോടതികള്‍ക്ക് പുറത്ത് ഒത്തുതീര്‍ക്കുന്നതിനു സ്ഥാപിച്ചിട്ടുള്ള ദാറുല്‍ ഖദ എന്ന പേരിൽ ഉള്ള തർക്ക പരിഹാര സംഘടനകൾ പുറപ്പെടുവിക്കുന്ന വിധികളെ ആണ് ഫത്വ എന്ന് കോടതി വിശേഷിപ്പിച്ചത്‌ . സമാന്തര കോടതികളുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തു വിശ്വലോചന്‍ മദന്‍ നല്കിയ ഹരജിയിൽ ആണ് ഈ വിധി .ഈ പറയുന്ന സമാന്തര കോടതിയിൽ ഫത്വകൾ മാത്രമല്ല ഖാപ് പഞ്ചായത്തും ഉൾപ്പെടും . അതും ഇനി നിയമപരം ആക്കുമോ ? മതപരമായ കാര്യം എന്ന പേരിൽ കോടതി പൊതുസമൂഹത്തിന്റെ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെല്ലാം . മതം പറയുന്നത് അനുസരിച്ചു തീരുമാനം എടുക്കാൻ എന്തിനു കോടതി ,എന്തിനു ഭരണഖടന ,എന്തിനു നീയമങ്ങള്‍ ? എല്ലാത്തിനും മതത്തിന് പിന്നാലെ പോകുന്ന സ്ഥിതിക്ക് കോടതിയിൽ പാതിരിമാരെയും മൊല്ലാക്കമാരെയും സാമിമാരെയും ഇരുത്തി ഓരോ വിഷയത്തിലും മനുസ്മ്രിതി ,ബൈബിൾ ,ഖുറാൻ തുടങ്ങിയ മതഗ്രന്ഥങ്ങൾ വെച്ചു ഒരു സമവായത്തിൽ എത്തി വിധി പറയുന്നതല്ലേ ഇനി നല്ലത് ?