ലോകസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നു രാജ് താക്കറെയോട് ബി ജെ പി

single-img
4 March 2014

മേയ് മാസത്തില്‍ നടക്കുന്ന ലോകസഭാ ഇലക്ഷനില്‍ മത്സരിക്കരുതെന്നു മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറെയോട് ബി ജെ പി ആവശ്യപ്പെട്ടു.കോണ്ഗ്രസ്സ് വിരുദ്ധ വോട്ടുകളെ വിഭജിക്കാന്‍ അത് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബി ജെ പി ഇങ്ങനെ ആവശ്യപ്പെട്ടത്.

തിങ്കളാഴ്ച മുംബായിലെ ഒരു ഹോട്ടലില്‍ വെച്ച് ബിജെപി നേതാവ് നിതിന്‍ ഗട്കരിയും രാജ് താക്കറെയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്‌.ഈ കൂടിക്കാഴ്ചയില്‍ ലോകസഭാ ഇലക്ഷനില്‍ നിന്നും പിന്മാറുകയോ അല്ലെങ്കില്‍ ഒന്നോ രണ്ടോ മണ്ഡലത്തില്‍ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തി ബിജെപി-ശിവസേന സഖ്യത്തെ സഹായിക്കണം എന്ന് ഗട്കരി രാജ് താക്കറെയോട് അഭ്യര്‍ഥിച്ചതായാണ് സൂചന.ഈ വ്യവസ്ഥയ്ക്ക് തയ്യാറാണെങ്കില്‍ വരുന്ന ഒക്ടോബറില്‍ നടക്കുന്ന മഹാരാഷ്ട്ര അസംബ്ലി തെരെഞ്ഞെടുപ്പില്‍ ബി ജെ പി സഖ്യത്തോടൊപ്പം മത്സരിക്കാനുള്ള അവസരം നല്‍കാമെന്നാണ് ബിജെപിയുടെ വാഗ്ദാനം.

എം എന്‍ എസിനെ ഉപയോഗിച്ച് കോണ്ഗ്രസ് നേട്ടമുണ്ടാക്കാതെയിരിക്കാനാണ് തങ്ങളുടെ ശ്രമമെന്നും എം എന്‍ എസ്,  എന്‍ ഡി എയില്‍ ചേരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഗട്കരി മാധ്യമങ്ങളോട് പറഞ്ഞു.പക്ഷെ താക്കറെ ഇപ്പോള്‍ അതിനു തയ്യാറല്ലെങ്കിലും ഇലക്ഷനില്‍ മത്സരിക്കില്ല എന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഗട്കരി പറഞ്ഞു.

2005 ഡിസംബറിലാണ് രാജ് താക്കറെ ശിവസേനയില്‍ നിന്നും പുറത്തു വന്നു മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ചത്.2009-ല്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ നേടി ബിജെപി-ശിവസേന സഖ്യത്തിന്റെ പരാജയത്തിനു കാരണമായിക്കൊണ്ടാണ് എം എന്‍ എസിന്റെ തെരഞ്ഞെടുപ്പു അരങ്ങേറ്റം.2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിലും 15 ശതമാനത്തോളം പ്രതിപക്ഷവോട്ടുകള്‍ നേടി ബിജെപി-ശിവസേനാ സഖ്യത്തിന് രാജ് താക്കറെ വലിയ ആഘാതം ഏല്‍പ്പിച്ചിരുന്നു.ഇതവന്‍ അത് ആവര്‍ത്തിക്കാതെയിരിക്കാനാണ് അനുരഞ്ജനശ്രമങ്ങളുമായി ബിജെപി രംഗത്തെത്തിയത്.