സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ തുടക്കക്കാരായ മോബ് മി ഓഹരിവിപണിയിലേക്ക്

single-img
3 March 2014

mobme-Logoകേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ തുടക്കക്കാരെന്നു വിശേഷിപ്പിക്കാവുന്ന മോബ്മി വയര്‍ലെസ് സൊല്യൂഷന്‍സ് ലിമിറ്റഡ് ഐപിഒയിലൂടെ ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചു. നേരത്തേ, സ്വകാര്യ എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സില്‍ നിന്നു സമാഹരിച്ച 16 കോടി രൂപയിലൂടെയാണ് മോബ്മി വളര്‍ച്ച സുഗമമാക്കിയത്. ഒരു കമ്പനി ഓഹരിവിപണിയിലേക്ക് കടന്നുവരുന്നതിനെയാണ് ഐപിഒ എന്നു പറയുന്നത്. 

ഐപിഒ വഴി 25 കോടി രൂപ സമാഹരിക്കാനുള്ള മോബ്മിയുടെ പദ്ധതിക്ക് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) കഴിഞ്ഞ ഏപ്രിലില്‍ അംഗീകാരം നല്‍കിയിരുന്നു. ഇക്വിറ്റി ഓഹരികള്‍ പുറത്തിറക്കാന്‍ ഒരു വര്‍ഷത്തെ സമയവും ഇവര്‍ക്ക് അനുവദിച്ചിരുന്നു. ഇപ്പോഴത്തെ ഐപിഒയ്ക്ക് ക്രിസിലിന്റെ 3/5 ഗ്രേഡിംഗ് ലഭിച്ചത് ഇതിന്റെ മികച്ച അടിത്തറക്കു ലഭിച്ച അംഗീകാരമാണ്. 

ആഗ്നസ് ക്യാപ്പിറ്റല്‍ ഉള്‍പ്പെടെ ഒരു വിഭാഗം നിക്ഷേപകരില്‍ നിന്നാണ് 16 കോടി രൂപ സമാഹരിക്കാനായതെന്ന് മോബ്മി സിഇഒ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. കാത്തലിക് സിറിയന്‍ ബാങ്ക് ഡയറക്ടറും ലിയോ ഫാര്‍മ ഗ്രൂപ്പ് വൈസ് ചെയര്‍മാനുമായ ടി.എസ്.അനന്തരാമന്‍ കഴിഞ്ഞവര്‍ഷം നല്‍കിയ മൂന്ന് ദശലക്ഷം ഡോളറും ഇതില്‍പെടും. 

ചട്ടപ്രകാരമുള്ള റെഡ് ഹെറിംഗ് ഫയല്‍ ചെയ്തുകൊണ്ട് മോബ് മിയ്ക്ക് സാങ്കേതികമായി ഐപിഒയുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്ന് സഞ്ജയ് ചൂണ്ടിക്കാട്ടി. ഐപിഒയുടെ ഒപ്പം പുറത്തിറക്കേണ്ട കമ്പനിയുടെ ലാഭനഷ്ടസാധ്യതകളെപ്പറ്റിയുള്ള വിശദമായ രേഖയാണ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്. മോബ് മിയുടെ റെഡ് ഹെറിംഗ് പ്രകാരം ഡിജിറ്റല്‍ സിഗ്നേച്ചര്‍ ബിസിനസ്സിന്റെ ആദ്യരൂപത്തിനായിട്ടാണ് ഈ തുക ചെലവഴിക്കുക. ഇതിന്റെ ഫലമറിഞ്ഞശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് സമാഹരണം തുടങ്ങുമെന്ന് സഞ്ജയ് പറഞ്ഞു. 

ആഗോളതലത്തില്‍ വളരെ സാധ്യതകളുള്ള ഒന്നാണ് ഡിജിറ്റല്‍ ഐഡന്റിറ്റി സ്‌പേസ്. മൊബൈല്‍ തന്ത്ര സംരംഭകത്വത്തില്‍ ഏറ്റവും വലിയ പ്രവണതകളില്‍ ആറാമത്തേതാണിത്. അതുകൊണ്ടുതന്നെ പ്രവര്‍ത്തനം വിലപുലീകരിക്കുന്നതിനുള്ള വലിയ സാധ്യതകളാണ് ഇതു തുറന്നിടുന്നതെന്ന് സഞ്ജയ് പറഞ്ഞു. മോബ്മി ഈ മേഖലയില്‍ ചുവടുറപ്പിച്ചു വരുന്നതേയുള്ളുവെന്നതിനാല്‍ പൈലറ്റ് പദ്ധതിയെ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതുപോലുള്ള ആവശ്യഘട്ടങ്ങളില്‍ മാത്രമേ തുക സമാഹരിക്കുകയുള്ളുവെന്നും അടുത്ത ആറു മുതല്‍ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ അത് സാധ്യമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു. 

എസ്എംഇ എക്‌സ്‌ചേഞ്ച് നടപടികള്‍ക്ക് സെബിയില്‍ നിന്നല്ല ഓഹരിവിപണിയുടെ അംഗീകാരമാണ് ലഭിക്കേണ്ടത്. ഇതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്‍ഡിയാഗോഗോ പോലുള്ള ക്രൗഡ് ഫണ്ടിംഗ് മാതൃകകളാണ് നമുക്കാവശ്യമെന്ന് സഞ്ജയ് പറഞ്ഞു. ഇപ്പോഴുള്ള ഐപിഒ മാതൃകകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുക സമാഹരിക്കാന്‍ സഹായകമല്ല. 2013-14ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിനുശേഷം സെബിയില്‍ നിന്നു വന്നിട്ടുള്ള മാതൃകകള്‍ സ്റ്റാര്‍ട്ടപ് സമൂഹത്തെ ആകമാനം സഹായിക്കുന്നതരത്തിലുള്ളവയാണ്. ഇതിനനുസൃതമായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമം സ്റ്റാര്‍ട്ടപ് വില്ലേജില്‍ തുടങ്ങിക്കഴിഞ്ഞതായി സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍കൂടിയായ സഞ്ജയ് പറഞ്ഞു. 

പ്രധാന നിക്ഷേപകരെന്ന നിലയില്‍ ആഗ്നസ് ക്യാപിറ്റല്‍ പകര്‍ന്നു നല്‍കിയ അനുഭവങ്ങളില്‍ നിന്നാണ് അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ലോകനിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പായി മോബ്മിയെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക. ആഗ്നസ് ഉള്‍പ്പെടെയുള്ള മികച്ച ട്രാക്ക് റെക്കോഡ് ഉള്ള നിക്ഷേപകരുടെ വൈദഗ്ദ്ധ്യം സ്വീകരിച്ച് ഓഹരി ഉടമകള്‍ക്ക് മികച്ച സാമ്പത്തികശേഷിയുണ്ടാക്കാനും ഇക്വിറ്റി വഴിയും മറ്റും ഭാവിയില്‍ തുക സമാഹരിക്കാനുള്ള മികച്ച മാര്‍ഗങ്ങള്‍ മനസ്സിലാക്കാനും ശ്രമിക്കുകയാണെന്ന് സഞ്ജയ് ചൂണ്ടിക്കാട്ടി. 

വോഡാഫോണ്‍, ഭാരതി എയര്‍ടെല്‍, എയര്‍സെല്‍ തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികളെല്ലാം മൂല്യവര്‍ധിത സേവനങ്ങള്‍ക്കും മറ്റുമായി മോബ്മിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. കേരളം, നാഗാലാന്‍ഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ മൊബൈല്‍ അനുബന്ധ ഭരണസേവനങ്ങളില്‍ മോബ്മിയുടെ അനേകം പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡ്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ പുരസ്‌കാരത്തിന് അര്‍ഹമായ ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ പാസ് ബുക്കായ ഫെഡ്ബുക്ക് പോലുള്ള മൊബൈല്‍ ബാങ്കിംഗ് ഉല്‍പന്നങ്ങളിലൂടെ ബാങ്കിംഗ് മേഖലയിലേക്കും സേവനം വ്യാപിപ്പിക്കുകയാണ്. 

 

സുരക്ഷിതമായ ഇടപാടുകള്‍ക്ക് പികെഐ അധിഷ്ഠിത മൊബൈല്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഏര്‍പ്പെടുത്തുന്നതിന് ഇന്ത്യയില്‍ സാങ്കേതികാവകാശം ലഭിച്ച ഏക സ്ഥാപനവും മോബ്മിയാണ്. സെല്‍ ഫോണുകള്‍ വഴി തട്ടിപ്പില്‍ നിന്നു മുക്തമായ ഇടപാടുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയില്‍ ആദ്യമായി ഏര്‍പ്പെടുത്തുന്ന ഈ പദ്ധതിക്ക് നെതര്‍ലാന്‍ഡ്‌സിലെ ജെമാള്‍ട്ടോയുടേയും ഫിന്‍ലാന്‍ഡിലെ വാലിമോ വയര്‍ലെസ് ഒവൈയുടെയും പങ്കാളിത്തമുണ്ട്.