ഡല്‍ഹിയിലെ കഠ്പുത്ലി കോളനി നിവാസികള്‍ കുടിയൊഴിക്കല്‍ ഭീഷണിയില്‍

single-img
28 February 2014

ദില്ലിയിലെ കഠ്പുത്ലി കോളനി നിവാസികള്‍ കുടിയൊഴിക്കല്‍ ഭീഷണിയില്‍.കോളനിയുടെ സ്ഥലം ഡല്‍ഹി വികസന അതോരിറ്റി സ്വകാര്യ കെട്ടിട നിര്‍മ്മാണക്കമ്പനിയ്ക്ക് വിറ്റതോടെയാണ്‌ മൂവായിരത്തോളം കുടുംബങ്ങള്‍ വഴിയാധാരമാകാന്‍ പോകുന്നത്.എന്നാല്‍ തങ്ങളുടെ സ്ഥലം ഒഴിപ്പിക്കാന്‍ വരുന്നവര്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന കോളനി നിവാസികള്‍ രംഗത്തുണ്ട്.

കഠ്പുത്ലി എന്ന വാക്കിന്റെയര്‍ത്ഥം നൂല്‍പ്പാവ എന്നാണു.വലിയ ബൊമ്മകളും നൂല്‍പ്പാവകളും നിര്‍മ്മിക്കുന്നവരുടെയും അതുപോലെയുള്ള കരകൌശല വിദഗ്ദ്ധരുടെയും കേന്ദ്രമാണ് കഠ്പുത്ലി.തങ്ങളെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ബുള്‍ഡോസറുകള്‍ക്കു മുന്നില്‍ കോളനി നിവാസികളോടൊപ്പം അവരുണ്ടാക്കിയ വര്‍ണ്ണശബളമായ ആള്‍പ്പൊക്കമുള്ള ബൊമ്മകളുമുണ്ട്.

“ഞങ്ങളെയാരും സഹായിക്കാനില്ല.ഞങ്ങളും ഈ രാജ്യത്തെ ജനങ്ങളല്ലേ ? അബ്ദുള്‍കലാമിന്റെ കയ്യില്‍ നിന്നും അവാര്‍ഡ്‌ വാങ്ങിയ ഒരു കലാകാരനാണ് ഞാന്‍.പക്ഷെ എനിക്ക് ഈ അവാര്‍ഡ്‌ കൊണ്ട് വെയ്ക്കാന്‍ ഒരു നല്ല വീട് പോലുമില്ല.ഞങ്ങള്‍ ഇത്രയും പേരെ കുടിയൊഴിപ്പിക്കുന്നത് വെറും ഒരു വ്യക്തിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്.” ബൊമ്മ നിര്‍മ്മിക്കുന്ന കലാകാരന്‍ പുരാന്‍ ഭട്ട് പറയുന്നു.

തങ്ങള്‍ ആറു പതിറ്റാണ്ടായി താമസിക്കുന്ന സ്ഥലമാണിതെന്ന് കോളനി നിവാസികള്‍ പറയുന്നു.നാഷണല്‍ ഓഡിറ്റെഴ്സ് റിപ്പോര്‍ട്ടില്‍ 1043 കോടി രൂപാ വിലമതിച്ച സ്ഥലം വെറും ആര് കോടി രൂപയ്ക്കാണ് സര്‍ക്കാര്‍ വിറ്റത്.ഇതില്‍ വലിയ അഴിമതിയുണ്ടാകാനും സാധ്യതയുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു.

രഹേജ എന്ന ബില്‍ഡറുമായി ഡല്‍ഹി വികസന അതോരിറ്റി 2007-ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം,കോളനി നിവാസികളെ താല്‍ക്കാലിക ക്യാമ്പുകളിലെയ്ക്ക് മാറ്റിയ ശേഷം അവര്‍ക്ക് വേണ്ടി ബഹുനിലഫ്ലാറ്റുകള്‍ പണിതു അവരെ അങ്ങോട്ട് പുനരധിവസിപ്പിക്കും.

എന്നാല്‍ തങ്ങളോടു ആലോചിക്കാതെയെടുത്ത ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് കോളനി നിവാസികള്‍ പറയുന്നത്.തുറസ്സായ സ്ഥലത്ത് പ്രതിമയും വലിയ പൊയ്ക്ക്കാലില്‍ നില്‍ക്കുന്ന ബൊമ്മകളും നിര്‍മ്മിച്ച്‌ വിറ്റു ജീവിക്കുന്ന തങ്ങള്‍ക്കു ഇത്തരം ഫ്ലാറ്റുകളില്‍ ജീവിക്കാന്‍ കഴിയില്ല എന്നാണു അവരുടെ വാദം.തങ്ങളുടെ ഉപജീവനമാര്‍ഗം മുടങ്ങിയിട്ട് എങ്ങനെയാണ് തങ്ങള്‍ക്കു ജീവിക്കാന്‍ കഴിയുകയെന്നും അവര്‍ ചോദിക്കുന്നു.ഈ വിഷയം ഉന്നയിച്ചു അവര്‍ ഡല്‍ഹി ലഫ്റ്റ: ഗവര്‍ണര്‍ക്ക്‌ പരാതി അയച്ചിട്ടുണ്ട്.