ഖത്തര്‍ തൊഴില്‍ ചൂഷണത്തിന്റെ കേദാരം : വീട്ട് ജോലിക്കാരുടെ അവസ്ഥ അടിമകളെക്കാള്‍ മോശം

single-img
27 February 2014

ഖത്തറില്‍ വീട്ട് ജോലിക്ക് നില്‍ക്കുന്ന വിദേശികളുടെ അവസ്ഥ വളരെ പരിതാപകരമെന്ന് റിപ്പോര്‍ട്ട്‌.അടിമകളെപ്പോലെയാണ് വിദേശ തൊഴിലാളികളെ ഖത്തര്‍ സ്വദേശികള്‍ പരിഗണിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.പാസ്പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും കൃത്യമായി ശമ്പളം കൊടുക്കാതിരിക്കുകയും ചെയ്യുന്നതടക്കമുള്ള നിരവധി പരാതികളാണ് ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങളെ സംബന്ധിച്ച് ഉയരുന്നത്.

തൊഴിലിടങ്ങളിലെ സാഹചര്യങ്ങള്‍ വളരെയധികം രൂക്ഷമായതിനെത്തുടര്‍ന്ന് നിരവധി ഫിലിപ്പിനോ വനിതകളാണ് തങ്ങളുടെ എംബസിയില്‍ അഭയം പ്രാപിച്ചത്.വീട്ടുജോലിക്ക് നില്‍ക്കുന്ന സ്ത്രീകളുടെ നേര്‍ക്ക്‌ ശാരീരിക ഉപദ്രവം,ലൈംഗിക പീഡനം തുടങ്ങി നിരവധി അതിക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.ശമ്പളം നല്‍കാതിരിക്കല്‍ , മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനുള്ള വിലക്ക് തുടങ്ങിയ മനുഷ്യാവകാശലംഘനങ്ങളും ഉള്ളതായി പരാതിയുണ്ട്.

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ വേദി ഒരുക്കുന്നതിനിടെ നടക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ ആണ് ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങളിലെയ്ക്ക് ലോക മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്.യു കെ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡിയന്‍ ദിനപ്പത്രമാണ് ഈ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.വീട്ടുജോലിക്കാരായ വനിതകള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങളെക്കുറിച്ച് അവര്‍ നടത്തിയ അന്വേഷണത്തില്‍ പുറത്തു വന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നവയാണ്.

  • 2013-ല്‍ മാത്രം ഏതാണ്ട് 600 ഫിലിപ്പൈന്‍ വനിതകള്‍ തൊഴിലിടങ്ങള്‍ വിട്ടു ഓടിപ്പോരുകയും ഫിലിപ്പൈന്‍ ഓവര്‍സീസ്‌ ലേബര്‍ ഓഫിസില്‍ (POLO)അഭയം പ്രാപിക്കുകയും ചെയ്തു.
  • അതില്‍ പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല.
  • പലര്‍ക്കും അവധി ദിവസങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല.
  • തൊഴിലിടങ്ങളില്‍ എത്തുമ്പോള്‍ ജോലിയുടെ രീതിയും സ്വഭാവവും ഒന്നും നേരത്തെ കരാറില്‍ പറഞ്ഞതുപോലെയാകില്ല.
  • ലൈംഗിക പീഡനങ്ങള്‍ തുടര്‍ക്കഥയാണെങ്കിലും പരാതിപ്പെട്ടാല്‍ അസാന്മാര്‍ഗിക ബന്ധമുണ്ടെന്നാരോപിച്ച് ഇരയെ തന്നെ ശിക്ഷിക്കാറാണ് പതിവ്.

നിര്‍ബ്ബന്ധിത തൊഴില്‍ ചൂഷണവും തൊഴിലിടങ്ങളിലെ പീഡനവും എല്ലാം അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.ഇതിനെതിരെ അന്താരാഷ്‌ട്രതലത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.