എഴുന്നൂറോളം പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ

single-img
27 February 2014

സൌരയൂഥത്തിനു പുറത്തു   എഴുന്നൂറ്റിപ്പതിനഞ്ചു പുതിയ ഗ്രഹങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞതായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ അവകാശപ്പെടുന്നു.തങ്ങളുടെ കെപ്ലര്‍ ടെലസ്കോപ്പ് ഉപയോഗിച്ചാണ് നാസ ഇത്രയും ഗ്രഹങ്ങളെ കണ്ടെത്തിയത്.ക്ഷീരപഥത്തിലുള്ള 305 നക്ഷത്രങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ ആണ് കണ്ടെത്താന്‍ കഴിഞ്ഞത്.

95%-ത്തിലേറെ ഗ്രഹങ്ങളും നമ്മുടെ സൌരയൂഥത്തിലെ നെപ്ട്യൂണിനെക്കാള്‍ ചെറുതാണ്.നേപ്ട്യൂണിനു ഭൂമിയുടെ നാലിരട്ടി വ്യാസമുണ്ട്‌.ഇതില്‍ നാല് ഗ്രഹങ്ങള്‍ക്ക്‌ ഭൂമിയുടെ രണ്ടര ഇരട്ടിയോളം വ്യാസം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.ഈ ഗ്രഹങ്ങളുടെ പരിക്രമണപഥം അവയുടെ നക്ഷത്രങ്ങളില്‍ നിന്നും “ഹാബിറ്റബിള്‍ സോണ്‍” ആകാവുന്ന അകലത്തില്‍  ആണ്.ജലത്തിന് ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കാന്‍ കഴിയുന്ന അകലമാണിത്.

എന്നാല്‍ ഈ ഗ്രഹങ്ങള്‍ നൂറുകണക്കിന് പ്രകാശവര്‍ഷങ്ങള്‍ അകലെയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.നൂറു കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മാത്രമേ പ്രകാശം ഇവയില്‍ നിന്നും നമ്മുടെ അടുത്തെത്തുകയുള്ളൂ.അതായത് അത്രയും വര്‍ഷങ്ങള്‍ പുറകിലുള്ള കാഴ്ചയാണ് ഈ ടെലസ്കോപ്പ് വഴി കണ്ടതെന്നര്‍ത്ഥം.