ആന്ധ്രപ്രദേശില്‍ നൂറു കണക്കിന് ഒലിവ് റിഡ്ലി കടലാമകള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു

single-img
27 February 2014

നെല്ലൂര്‍: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ കടല്‍ത്തീരത്ത് ഏതാണ്ട് 900-ത്തോളം ഒലീവ് റിഡ്ലി കടലാമകള്‍ ചത്ത്‌ കരയ്ക്കടിഞ്ഞു.വളരെ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഈ ആമകള്‍ ഇത്രയധികം എണ്ണം ഒരുമിച്ചു ചാവുന്നത് ഇത് ആദ്യമായാണ് ആന്ധ്രാ തീരത്ത്  റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്.

ഒലിവെ റിഡ്ലി കടലാമകള്‍ കൂട്ടത്തോടെ മുട്ടയിടാന്‍ എത്തുന്ന തീരമാണ് നെല്ലൂര്‍.സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന ആമകളായതിനാല്‍ ഇവയ്ക്കു ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.തീരത്ത് നിന്നും എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ട്രോളിംഗ് പാടില്ല എന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും മീന്‍പിടുത്തക്കാര്‍ ഇത് അവഗണിച്ചതാണ് ഈ ദുരന്തം ഉണ്ടാകാന്‍ കാരണമെന്ന് കരുതപ്പെടുന്നു.സാധാരണ വള്ളവും വളയും ഉപയോഗിക്കുന്നത് ഇവയ്ക്കു ദോഷകരമല്ല.എന്നാല്‍ വലിയ ബ്ബോട്ടുകള്‍ ഉപയോഗിച്ചുള്ള ട്രോളിംഗ് ആണ് ആമകളുടെ ജീവനാശത്തിനു വഴിയൊരുക്കുന്നത്.

ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ പതിനായിരക്കണക്കിനു ഒലിവ് റിഡ്ലി കടലാമകള്‍ ആണ് ജനുവരി-ഏപ്രില്‍ കാലയളവില്‍ മുട്ടയിടാന്‍ എത്തുന്നത്‌.2003-ല്‍ ഒറീസ്സ തീരത്ത് ഏകദേശം 3000 ഒലിവെ റിഡ്ലി കടലാമകള്‍ കൂട്ടത്തോടെ ചത്ത്‌ കരയ്ക്കടിഞ്ഞിരുന്നു.