ദേശീയ ശാസ്ത്ര ദിനാഘോഷം വെള്ളിയാഴ്ച

single-img
26 February 2014
kscste (1)തിരുവനന്തപുരം: പൊതുജനങ്ങളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ശാസ്ത്ര സാങ്കേതിക  പരിസ്ഥിതി കൗണ്‍സിലില്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര ദിനാഘോഷ പരിപാടി വെള്ളിയാഴ്ച നടക്കും. രാവിലെ പത്തുമണിക്ക് പട്ടത്തെ ശാസ്ത്രഭവനില്‍  നടക്കുന്ന  പരിപാടിയുടെ  ഉദ്ഘാടനം  പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.
 കെഎസ്‌സിഎസ്ടിഇ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ്  പ്രൊഫ. ഡോ. രാജശേഖരന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തുന്ന പരിപാടിയില്‍  കെഎഎസ് പ്രെസിഡന്റ് ഡോ. ഉമ്മന്‍ വി ഉമ്മനും സംസാരിക്കും.  കെഎസ്‌സിഎസ്ടിഇ മെമ്പര്‍ സെക്രട്ടറി ഡോ. കെ.കെ. രാമചന്ദ്രന്‍, ഡയറക്ടര്‍  ഡോ .ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കെഎഎസ് ജനറല്‍ സെക്രട്ടറി ഡോ.കെ.ജി. അജിത്കുമാര്‍  സ്വാഗതവും  കെഎസ്‌സിഎസ്ടിഇ ശാസ്ത്രജ്ഞന്‍ ഡോ അനില്‍കുമാര്‍ നന്ദിയും പ്രകാശിപ്പിക്കും.
ഇതിനോടനുബന്ധിച്ച് നടക്കുന്ന ടെക്‌നിക്കല്‍ സെഷനില്‍ ഐസര്‍ (തിരുവനന്തപുരം) ഡയറക്ടര്‍ പ്രൊഫ. ഡോ.വി രാമകൃഷ്ണനും വിഎസ്എസ്‌സി എസ്പിഎല്‍ ഡയറക്ടര്‍  ഡോ. അനില്‍ ഭരദ്വാജും  ദേശീയ ശാസ്ത്ര ദിനത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തും. കഴിഞ്ഞവര്‍ഷം കെഎസ് സിഎസ്ടിഇയുടെ  യുവശാസ്ത്രജ്ഞര്‍ക്കുള്ള  പുരസ്‌കാരം നേടിയ ഡോ. രവിശങ്കര്‍ എല്‍, ഡോ. മഹേഷ് ഹരിഹരന്‍, ഡോ വിനീത് ജീ നായര്‍ എന്നിവരേയും സമ്മേളനത്തില്‍ ആദരിക്കും.
കെസ്എസിഎസ്ടിഇയുടെ നേതൃത്വത്തില്‍  കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 222 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാസ്ത്ര ദിനാഘോഷ പരിപാടികള്‍ നടക്കും.   ഇതിന്റെ ഭാഗമായി പ്രഭാഷണം, സെമിനാര്‍, ക്വിസ് പരിപാടികള്‍, ഫിലിം പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് കെഎസ്‌സിഎസ്ടിഇ 34 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.  മനുഷ്യ ജീവിതത്തിലെ ശാസ്ത്ര സ്വാധീനത്തേയും അതിന്റെ പ്രാധാന്യത്തേയും ചൂണ്ടിക്കാട്ടി ശാസ്ത്രീയ അവബോധം വ്യാപിപ്പിക്കുന്നതിനാണ്  ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.