കുനന്‍ പുഷ്പോര കൂട്ടബലാല്‍സംഗം : അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

single-img
26 February 2014

ജമ്മു കശ്മീരിലെ കുനന്‍ പുഷ്പോരയില്‍ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നു എന്നാരോപിക്കപ്പെടുന്ന കൂട്ടബലാല്‍സംഗത്തിന്റെ റിപ്പോര്‍ട്ട്‌ തിരുത്തി എഴുതാന്‍ തനിക്കു മേല്‍ വലിയ സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.അന്നത്തെ കുപ്പ്വാര ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്ന എസ് എം യാസിന്‍ ആണ് ഇപ്പോള്‍ വിവാദ വെളിപ്പെടുത്തലുമായി രംഗത്ത്‌ വന്നത്.

1991-ഫെബ്രുവരി 23-നു കശ്മീരിലെ കുപ്പ്വാര ജില്ലയിലുള്ള കുനന്‍ ,പുഷ്പോര എന്നീ ഗ്രാമങ്ങളില്‍  ഏതാണ്ട് 53 യുവതികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.കാശ്മീര്‍ താഴ്വരയിലെ ഈ ഗ്രാമങ്ങള്‍ സൈന്യത്തിന്റെ “രജപുത്താന റൈഫിള്‍സ് ” വളയുകയും വീടുകളിലേയ്ക്ക് അതിക്രമിച്ചു കയറി പുരുഷന്മാരെ മര്‍ദ്ദിക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു എന്നായിരുന്നു ആരോപണം.ഇവര്‍ പുരുഷന്മാരെ മുഴുവന്‍ തോക്ക് ചൂണ്ടി പുറത്തിറക്കി രണ്ടു വീടുകളിലായി പൂട്ടിയിട്ട ശേഷമാണ് ഈ അതിക്രമം നടത്തിയത് എന്നാണു ഗ്രാമവാസികള്‍ ആരോപിച്ചത്.ഏതാണ്ട് നൂറു സ്ത്രീകള്‍ എങ്കിലും കൂട്ടബലാല്‍സംഗത്തിന് വിധേയരായി എന്നാണു അനൌദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ബലാല്‍സംഗം ചെയ്യപ്പെട്ടവരില്‍ വികലാംഗയായ ഒരു പതിനാലു വയസ്സുകാരി ബാലിക മുതല്‍ 70 വയസ്സുള്ള വൃദ്ധ വരെ ഉണ്ടായിരുന്നു.

സംഭവം നടന്നതിനു ശേഷം ഈ ഗ്രാമങ്ങളില്‍ ആദ്യം ഔദ്യോഗിക സന്ദര്‍ശനം നടത്തിയത് അന്നത്തെ ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്ന യാസിന്‍ ആയിരുന്നു.അവിടം സന്ദര്‍ശിച്ച അദ്ദേഹം ഇരകളായ സ്ത്രീകളുടെ പരാതികള്‍ കേട്ട ശേഷം റിപ്പോര്‍ട്ട്‌ തയ്യാറാക്കി അന്നത്തെ കാശ്മീര്‍ ഡിവിഷണല്‍ കമ്മിഷണര്‍ ആയിരുന്ന വാജഹത് ഹബീബുള്ളയ്ക്ക് അയച്ചിരുന്നു.ആ റിപ്പോര്‍ട്ടില്‍ “പട്ടാളക്കാര്‍ മൃഗങ്ങളെപ്പോലെയാണ് പെരുമാറിയതെ”ന്നും , “അവര്‍ കാട്ടിയ അതിക്രമങ്ങളുടെ തീവ്രത പച്ചയായി എഴുതാന്‍ ലജ്ജ തോന്നുന്നു” എന്നും അദ്ദേഹം പറഞ്ഞിരുന്നു.റിപ്പോര്‍ട്ട്‌ ഫയല്‍ ചെയ്തു പതിനഞ്ചു ദിവസത്തിനകം അദ്ദേഹത്തെ മുസ്ലിം വഖ്‌അഫ് ബോര്‍ഡിന്റെ സെക്രട്ടറി ആക്കി സ്ഥലം മാറ്റി.

അന്ന് ആര്‍മിയില്‍ മേജര്‍ ആയിരുന്ന കുപ്പ്വാരയിലുള്ള ഒരു സുഹൃത്ത് തന്നെ സമീപിച്ചു “നിങ്ങള്‍ ആര്‍മിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടെന്നും സൂക്ഷിക്കണം എന്നും ” പറഞ്ഞതായി യാസിന്‍ പറയുന്നു.”സര്‍ക്കാര്‍ സ്വന്തമായി നടത്തിയ അന്വേഷണത്തില്‍ ഈ ബലാത്സംഗങ്ങള്‍ നടന്നതായി അവര്‍ക്ക് മനസ്സിലായെന്നും ” ഈ മേജര്‍ പറഞ്ഞതായി യാസിന്‍ പറയുന്നു. പിന്നീട് റിപ്പോര്‍ട്ട്‌ തിരുത്താന്‍ പല സ്ഥലത്ത് നിന്നും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി.പണമടക്കം നിരവധി ഓഫറുകള്‍ ലഭിച്ചു.കാശ്മീര്‍ അഡ്മിനിസ്ട്രെറ്റിവ് സര്‍വീസില്‍ ആയിരുന്ന തനിക്ക് ഐ എ എസ് വരെ ഓഫര്‍ ചെയ്തു.എന്നിട്ടും താന്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നതായി അദ്ദേഹം പറഞ്ഞു. കുനന്‍ പുഷ്പോര സംഭവത്തിന്റെ 24-ആമത്തെ വാര്‍ഷികത്തില്‍ ആണ് അദ്ദേഹത്തിന്റെ ഈ വെളിപെടുത്തല്‍.

“ഇന്ത്യയുടെ ജനാധിപത്യ മുഖത്തില്‍ പതിഞ്ഞ ഏറ്റവും വലിയ കളങ്കം” എന്നാണു കുനന്‍ പുഷ്പോര സംഭവത്തെ യാസിന്‍ വിശേഷിപ്പിച്ചത്‌.ഈ സംഭവത്തില്‍ പട്ടാളം നിരപരാധികള്‍ ആണെന്ന് വരുത്താന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളെയും ഉപയോഗിച്ചതായി യാസിന്‍ ആരോപിക്കുന്നു.

സംഭവം നടന്നതായി വാര്‍ത്ത‍ വന്നയുടനെ തന്നെ അന്നത്തെ ജമ്മു കാശ്മീര്‍ ഗവര്‍ണ്ണര്‍ ആയിരുന്ന ജി സി സക്സേന ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് ഡിവിഷണല്‍ കമ്മിഷണര്‍ വജഹത് ഹബീബുള്ള റിപ്പോര്‍ട്ട്‌ ചെയ്തതായി അവകാശപ്പെട്ടു.റേഡിയോയില്‍ ഈ വാര്‍ത്ത‍ കേട്ട യാസിന്‍ ഉടന്‍ തന്നെ വജഹത് ഹബീബുള്ളയെ ഫോണ്‍ ചയ്തു ചോദിച്ചപ്പോള്‍ തന്റെ റിപ്പോര്‍ട്ട്‌ ഇനിയും സമര്‍പ്പിച്ചിട്ടില്ല എന്നും പിന്നെ എങ്ങനെ ആണ് അവര്‍ക്ക് ഇത്തരം ഒരു പ്രസ്താവന നടത്താന്‍ കഴിയുക എന്നുമാണ് അദ്ദേഹം ചോദിച്ചത്.

എന്നാല്‍ യാസീന്റെ വെളിപ്പെടുത്തലുകള്‍ ശ്രദ്ധയില്‍പ്പെട്ടില എന്നാണു പ്രതിരോധ വകുപ്പിന്റെ ഭാഷ്യം.ഇതു പശ്ചാത്തലത്തില്‍ ആണ് യാസിന്‍ ഇങ്ങനെ പറഞ്ഞത് എന്ന് വ്യക്തമാക്കാതെ പ്രതികരിക്കാന്‍ ആകില്ലെന്ന് കേണല്‍ ബ്രജേഷ് പാണ്ടേ പറഞ്ഞു.