രോഗികളെ മയക്കിയ ശേഷം ലൈംഗികപീഡനം: അനസ്തേഷ്യ ഡോക്ടര്‍ക്ക്‌ പത്തു വര്‍ഷം തടവ്‌

single-img
26 February 2014

ഒണ്ടേറിയോ : ശസ്ത്രക്രിയയ്ക്കെത്തുന്ന വനിതാ രോഗികളെ മയക്കിയ ശേഷം ലൈംഗിക പീഡനം നടത്തിയ അനസ്തേഷ്യ ഡോക്ടര്‍ക്ക്‌ പത്തുവര്‍ഷം കഠിനതടവ്‌.കാനഡയിലെ ഒണ്ടേറിയോ സുപ്പീരിയര്‍ കോടതിയുടെതാണ് വിധി.ടൊറന്റോയിലെ ഒരു ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ജോര്‍ജ്ജ് ഡൂനോട്ട് ആണ്  ശസ്ത്രക്രിയയ്ക്കെത്തിയ  മയക്കിക്കിടത്തിയ ശേഷം ലൈംഗിക പീഡനത്തിനിരയാക്കിയതിനു കോടതി തടവിനു വിധിച്ചത്.25 വയസ്സ് മുതല്‍ 75 വയസ്സുവരെ പ്രായമുള്ള ഇരുപത്തി ഒന്നോളം സ്ത്രീകളെയാണ് ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചത്.

അനസ്തേഷ്യ നല്‍കി കിടത്തിയ ശേഷം തങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നത് ഇരകളില്‍ പലര്‍ക്കും മയക്കത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നു.എന്നാല്‍ ശരീരം അനക്കണോ പ്രതികരിക്കാനോ കഴിയാത്ത തങ്ങളുടെ അവസ്ഥ ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു എന്ന് അവര്‍ നടുക്കത്തോടെ ഓര്‍മ്മിക്കുന്നു.

രോഗികള്‍ ഡോക്ടറുടെ മേല്‍ അര്‍പ്പിച്ച വിശ്വാസം ചൂഷണം ചെയ്ത ഡോക്ടര്‍ ഒരുതരത്തിലും മാപ്പര്‍ഹിക്കുന്നില്ല എന്ന് കോടതി പറഞ്ഞു.65 വയസ്സുള്ള ജോര്‍ജ്ജ് 1981 മുതല്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ചു വരുകയാണ്.

വിധിപ്രഖ്യാപനം കേള്‍ക്കാന്‍ ഇരകളില്‍ പലരും കോടതിയില്‍ ഉണ്ടായിരുന്നു.ഇയാളെ വിലങ്ങു വെച്ച് പുറത്തേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഒരു യുവതി സന്തോഷം കൊണ്ട് കയ്യടിക്കുകയുണ്ടായി.