ടി.പി വധം: പ്രതികളുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

single-img
25 February 2014

tp-big-copyടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

കേസിലെ 31-മത് പ്രതി ലംബു പ്രദീപിന്റെ അപ്പീല്‍ ബുധനാഴ്ച പരിഗണിക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റീസുമാരായ കെ.ടി. ശങ്കരന്‍, പി. ഉബൈദ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കേസിലെ പ്രതികളുടെ ശിക്ഷ കൂട്ടണമെന്നാണു സര്‍ക്കാരിന്റെ അഭിപ്രായമെന്നും ഇതു സംബന്ധിച്ച് അപ്പീല്‍ നല്‍കുമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി പറഞ്ഞു.

കേസില്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, അണ്ണന്‍ സുജിത്, കെ. ഷിനോദ്, എട്ടാം പ്രതിയും സിപിഎം നേതാവുമായ കെ.സി. രാമചന്ദ്രന്‍, 11-ാം പ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ട്രൗസര്‍ മനോജ്, 13-ാം പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പി.കെ. കുഞ്ഞനന്തന്‍, 18-ാം പ്രതി പി.വി. റഫീഖ്, 31-ാം പ്രതി ലംബു പ്രദീപ് എന്നിവരാണു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.