പാര്‍ട്ണര്‍ കേരള: ആദ്യദിവസം 1863 കോടിയുടെ പദ്ധതികള്‍ക്ക് താല്‍പര്യപത്രം ഒപ്പിട്ടു

single-img
25 February 2014
PK-Tvmകൊച്ചി: സംസ്ഥാനത്തെ നഗരവികസനത്തിന് സ്വകാര്യ പങ്കാളിത്തംതേടി പാര്‍ട്ണര്‍ കേരള സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളോട് നിക്ഷേപകരുടെ മികച്ച പ്രതികരണം. ആദ്യദിവസം തന്നെ  ആകെ  1863 കോടി രൂപയുടെ വിവിധ  പദ്ധതികള്‍ക്ക്  41 താല്‍പര്യ പത്രങ്ങള്‍ ഒപ്പുവച്ചു. 
പ്രതീക്ഷിച്ചതിലുമേറെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നഗരകാര്യ- ന്യൂനപക്ഷ ക്ഷേമ മന്ത്രി ശ്രീ മഞ്ഞളാംകുഴി അലി പറഞ്ഞു. ലാഭം മാത്രം ലക്ഷ്യമിട്ടു വന്നവരല്ല പരിപാടിയില്‍ പങ്കെടുക്കുന്ന നിക്ഷേപകര്‍. വലിയ ലാഭം വന്നില്ലെങ്കിലും നഷ്ടമാകരുതെന്നു മാത്രമേ അവര്‍ കരുതുന്നുള്ളു. സ്വന്തം നാട്ടില്‍ വികസനപദ്ധതികള്‍ വേണമെന്ന താല്‍പര്യമാണ് അവരില്‍ ഏറെപ്പേരും പ്രകടിപ്പിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരേ പദ്ധതിക്ക് ഒന്നിലേറെപ്പേര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെയെല്ലാം ഒരിടത്തേക്ക് വിളിച്ച് വിശദമായ ചര്‍ച്ച നടത്തും. ഓരോരുത്തരും തയ്യാറാക്കിക്കൊണ്ടുവരുന്ന പദ്ധതികളില്‍ മികച്ചതാകും തെരഞ്ഞെടുക്കുക. കൂടുതല്‍പേര്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ സ്വിസ് ചലഞ്ച് രീതിയായിരിക്കും അവലംബിക്കുക.
പരിപാടിയില്‍ പങ്കെടക്കുന്ന നിക്ഷേപകരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച രാവിലെ 9ന് സംഗമം നടക്കുന്ന മറൈന്‍ഡ്രൈവ് ഗേറ്റ്‌വേ ഹോട്ടലില്‍ ആശയവിനിമയം നടത്തുന്നുണ്ട്.   
തിരുവനന്തപുരം നഗരസഭയുടെ ചാല ഖരമാലിന്യസംസ്‌കരണ പ്ലാന്റ് (30 കോടി), തൂശൂര്‍ കോര്‍പ്പറേഷന്റെ ശക്തന്‍ നഗര്‍ വികസന പദ്ധതി (700 കോടി), കൊച്ചി നഗരസഭയുടെ ഇടപ്പള്ളിയിലേയും കച്ചേരിപ്പടിയിലേയും വാണിജ്യ ഓഫീസ് സമുച്ചയങ്ങള്‍ (55 കോടി വീതം), ജിസിഡിഎയുടെ മുണ്ടന്‍വേലി റീജ്യണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് (50.19 കോടി), ഡോ. അംബേദ്കര്‍ സ്റ്റേഡിയത്തിലെ ഷോപ്പിംഗ് മാള്‍ (126 കോടി), പാലക്കാട് മുനിസിപ്പാലിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയം (150 കോടി), ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം (60), കല്‍മണ്ഡപം ഷോപ്പിംഗ് കോംപ്ലക്‌സ് (59), കണ്ണൂര്‍ മുനിസിപ്പാലിറ്റി മുനിസിപ്പല്‍ മാള്‍ (113 കോടി), കോര്‍പ്പറേറ്റ് ഓഫീസ് കോംപ്ലക്‌സ് ഐടി ഹബ്ബ് (38 കോടി) എന്നിവയാണ് താല്‍പര്യ പത്രിക ഒപ്പുവച്ച സുപ്രധാന പദ്ധതികളില്‍ ചിലത്. ജിസിഡിഎയുടെ തന്നെ ഹീലിയം ബലൂണ്‍ പദ്ധതി, ടണല്‍ മറൈന്‍ അക്വേറിയം വിനോദ പാര്‍ക്ക്, പാസഞ്ചര്‍ റോപ് വേ എന്നിവയ്ക്കും താല്‍പര്യ പത്രിക ഒപ്പുവച്ചിട്ടുണ്ട്.   
കോഴിക്കോട് വികസന അതോറിറ്റിയുടെ പാളയം മേഖലയുടെ പുനര്‍വികസന പദ്ധതി, കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ടം എന്നിവയും തിങ്കളാഴ്ച അവതരിപ്പിക്കപ്പെട്ട പദ്ധതികളിലുണ്ട്. ചാല പദ്ധതി കൂടാതെ തിരുവനന്തപുരം നഗരസഭ നാല് പദ്ധതികള്‍കൂടി അവതരിപ്പിച്ചു. മുട്ടത്തറയിലെ ദ്രവമാലിന്യസംസ്‌കരണ പദ്ധതി, ഇത്തരത്തില്‍ ദ്രവമാലിന്യം സംസ്‌കരിക്കുന്നതിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന വാതകം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള മറ്റൊരു പദ്ധതി, കുന്നുകുഴിയിലെ അറവുശാലയുടെ ആധുനികവല്‍ക്കരണം, 30 കോടി ചെലവില്‍ തമ്പാനൂരില്‍ ബഹുനില പാര്‍ക്കിംഗ് പ്ലാസ എന്നിവയാണ് കോര്‍പ്പറേഷന്‍ മുന്നോട്ടുവയ്ക്കുന്ന മറ്റു പദ്ധതികള്‍. 
കൊല്ലത്ത്  താമരക്കുളത്ത് 178.53 കോടി രൂപ ചെലവില്‍ വാണിജ്യസമുച്ചയവും കണ്‍വെന്‍ഷന്‍ സെന്ററും ബഹുനില കാര്‍ പാര്‍ക്കിംഗ് കേന്ദ്രവുമാണ് കൊല്ലം നഗരസഭയുടെ പ്രധാന പദ്ധതികള്‍. അതോടൊപ്പം 84.24 കോടി രൂപയുടെ മള്‍ട്ടിപ്ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ മറ്റൊരു പദ്ധതിയും അവതരിപ്പിക്കപ്പെട്ടു. 
40 കോടി രൂപ മുടക്കി നിര്‍മിക്കാനുദ്ദേശിക്കുന്ന മൊബിലിറ്റി ഹബ്ബാണ് കൊല്ലം വികസന അതോറിട്ടി മുന്നോട്ടു വയ്ക്കുന്നത്. 16 കോടി ചെലവില്‍ കൊല്ലം ബീച്ചില്‍ ഓഷനേറിയം, 80 കോടി മുടക്കി താമരക്കുളത്ത് ഷോപ്പിംഗ് മാളും ഓഫീസ് സമുച്ചയവും ചെറുകിട വ്യവസായങ്ങള്‍ക്കായി പ്രദര്‍ശന വിപണന കേന്ദ്രവുമാണ് അതോറിട്ടിയുടെ മറ്റ് പദ്ധതികള്‍.