ലോക് സഭാ തിരഞ്ഞെടുപ്പിൽ വി .മുരളീധരനും പി.കെ. കൃഷ്ണദാസും മത്സരിക്കില്ല

single-img
25 February 2014

vസ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പി.യില്‍ ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വി. മുരളീധരനും പാര്‍ട്ടി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസും ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചുമതല ഏറ്റെടുക്കാനാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.

മുരളീധരന്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും പി.കെ.കൃഷ്ണദാസ് തൃശ്ശൂരില്‍ നിന്നും ജനവിധി തേടാനാണ് നേരത്തേ പാര്‍ട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍, പാര്‍ട്ടിയില്‍ മുമ്പില്ലാത്ത വിധം നേതൃത്വത്തിനെതിരായി പരസ്യപ്രസ്താവനകളും വിഭാഗീയതയും ശക്തമായതോടെ മത്സരിക്കേണ്ടെന്ന് ഇരുവിഭാഗങ്ങളുടേയും നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ സംസ്ഥാന ഘടകത്തിലെ വിഭാഗീയത എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വവും അന്ത്യശാസനം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈ മാസമാദ്യം തിരുവനന്തപുരത്തെത്തിയ പാര്‍ട്ടി പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോദിയും ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് താക്കീത് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവാന്‍ ഇരുനേതാക്കളും തീരുമാനിച്ചത്.