വിബ്ജിയോര്‍ ചലച്ചിത്രമേള പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം : അഭിഭാഷക അടക്കമുള്ളവരെ തല്ലിച്ചതച്ചു

single-img
24 February 2014

തൃശൂരില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയുടെ പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചതായി പരാതി.റീജിയണല്‍ തിയറ്റര്‍ വളപ്പിലെ സുരാസു വേദിയില്‍ നടന്ന സംഗീത പരിപാടി കാണാന്‍ ഒത്തുകൂടിയ പ്രവര്‍ത്തകരെയാണ് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചത്.സംഘര്‍ഷത്തിനിടെ എത്തിച്ചേര്‍ന്ന അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ ആശയും അവരുടെ പ്ലസ്ടുവിന് പഠിക്കുന്ന മകളും മര്‍ദ്ദനത്തിനിരയായി.ആശയോടും മകളോടുമൊപ്പം മര്‍ദ്ദനമേറ്റ നീതു,ശ്രുതി തുടങ്ങിയ വിബ്ജിയോര്‍ പ്രവര്‍ത്തകരും ആശുപത്രിയിലാണ്.

പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചു എന്നാരോപിച്ചാണ് പെണ്‍കുട്ടികള്‍ അടക്കം അഞ്ചു യുവാക്കളെ അപ്രതീക്ഷിതമായി സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവര്‍ക്ക് നിയമസഹായം നല്‍കാന്‍ എത്തിയ അഡ്വ.ആശയെയും മകളെയും എസ് ഐ ലാല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  മര്‍ദ്ദിച്ചു.അതിനു ശേഷം ആശയുടെ മകന്‍ അടക്കമുള്ള ചെറുപ്പക്കാരെ ജീപ്പില്‍ കയറ്റി കൊണ്ട് പോകുകയും ചെയ്തു.

പിന്നാലെ സ്റ്റേഷനിലെത്തിയ അഡ്വ.ആശയെയും മകളെയും പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയും താഴെ വീണ അവരെ വലിച്ചിഴച്ച് ബൂട്ടിട്ട് ചവിട്ടി വലതു കാല്‍പാദത്തിലും ഇടതു കാല്‍ മുട്ടിലും പരിക്കേല്‍പ്പിക്കുകയും ചെയ്തു. അഡ്വ.ആശയോടൊപ്പം പോലീസ് സ്‌റ്റേഷനിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത അവരുടെ മകളെ പോലീസ് മര്‍ദ്ദിക്കുകയും ചെകിട്ടത്ത് അടിച്ച് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷം ഇവരെ നിയമപ്രകാരം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ ഇരുന്ന അഡ്വ.ആശയോടൊപ്പം പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിനിമാറ്റോഗ്രാഫറായ നീതുവിനെ അറസ്റ്റു ചെയ്തു വിട്ടയക്കുന്നു എന്ന റസീതില്‍ ഒപ്പുവെപ്പിച്ചതിനുശേഷം പറഞ്ഞുവിടുകയായിരുന്നു. മൂവരും അവരോടൊപ്പം പോലീസ് മര്‍ദ്ദമേറ്റ ശ്രുതിയോടൊപ്പം തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്വതന്ത്രചിന്താഗതിക്കാരായ ഒരു കൂട്ടം കലാകാരന്മാര്‍ സംഘടിപ്പിക്കുന്ന വിബ്ജിയോര്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച പല ചിത്രങ്ങളും യാഥാസ്ഥിതിക സംഘടനകളെയും പോലീസ് അധികാരികളെയും വിറളി പിടിപ്പിച്ചിരുന്നു.മേളയില്‍ പ്രദര്‍ശിപ്പിച്ച “ഓഷ്യന്‍ ഓഫ് ടിയെഴ്സ് ” എന്ന കാശ്മീരി സിനിമയുടെ പ്രദര്‍ശനം തടയാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിച്ചിരുന്നു.അന്ന് സംഗീത നാടക അക്കാദമിയുടെതടക്കമുള്ള വസ്തുവകകള്‍ അടിച്ചു തകര്‍ത്ത ക്രിമിനലുകള്‍ക്കെതിരെ പോലീസ് ഒരു കേസ് പോലും ചാര്‍ജ്ജ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ല. ഈവ് എന്‍സലര്‍ എന്ന് സ്ത്രീവാദ പ്രവര്‍ത്തകയുടെ ലോകപ്രശസ്തമായ ‘വജൈന മൊണോലോഗ്’ എന്ന പുസ്തകത്തിനെ അധികരിച്ചുള്ള നാടകം അവതരിപ്പിച്ച വനിതാ കലാകാരികളെ അശ്ലീല നാടകം കളിച്ചു എന്ന പേരില്‍ അറസ്റ്റ് ചെയ്യാനുംഎസ് ഐ  ലാല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ശ്രമിച്ചിരുന്നു.അതിന്റെ പേരില്‍ എസ് ഐയ്ക്കെതിരെ പരാതി നല്‍കിയതിന്റെ ദേഷ്യം തീര്‍ക്കാനാണ് ഈ പോലീസ് നടപടിയെന്നാണ് വിബ്ജിയോര്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്.

അശ്ലീല നാടകം കളിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പോലീസ് നടപടിയ്ക്ക് കാരണമെന്നാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും നല്‍കുന്ന വിശദീകരണം.എന്നാല്‍ പോലീസ് അക്രമം നടത്തിയിട്ടില്ല എന്നും അവര്‍ പറയുന്നു.പൊതുസ്ഥലത്ത് മദ്യപിച്ചു പ്രശ്നമുണ്ടാക്കിയതിനാണ് അറസ്റ്റ് എന്നാണു അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ നിന്നും നല്‍കുന്ന വിശദീകരണം.പോലീസ് നല്‍കുന്ന വിശദീകരണങ്ങള്‍ പലതും പരസ്പര വിരുദ്ധവും അവ്യക്തവുമാണ്.

വിബ്ജിയോര്‍ മേള പ്രവര്‍ത്തകരുടെ നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ സാംസ്കാരിക ലോകത്ത് ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.സാറാ ജോസഫ്, കെ.വേണു, ജെ. ദേവിക, പ്രൊഫ. കുസുമം ജോസഫ്, പ്രൊ..വി.ജി. തമ്പി, ടി.എന്‍. ജോയി, കെ.പി.ശശി, അന്‍വര്‍ അലി, പി.എന്‍. ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ സംഭവത്തെ അപലപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ചു മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇന്ന് ഐ ജി ഓഫിസ് ഉപരോധിക്കും.