ടി.ആര്‍.എസ്‌. നേതാവ്‌ ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി

single-img
24 February 2014

chandraകോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ലയിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ ടി.ആര്‍.എസ്‌. നേതാവ്‌ ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി.എന്നാൽ രാഷ്‌ട്രീയകാര്യങ്ങള്‍ ചര്‍ച്ചചെയ്‌തില്ലെന്നു കൂടിക്കാഴ്‌ചയ്‌ക്കുശേഷം റാവു പ്രതികരിച്ചു. തെലുങ്കാന സംസ്‌ഥാനം രൂപീകരിച്ചതിനു പിന്നാലെ റാവുവിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന്‌ നേരത്തെ തന്നെ  അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇതിനിടെയാണു ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസ്‌ അധ്യക്ഷയെ സന്ദര്‍ശിക്കാനെത്തിയത്‌. രാഷ്‌ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തില്ലെന്നും തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുത്തതിന്‌ അഭിനന്ദനം അറിയിക്കുക മാത്രമാണു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും റാവു പറഞ്ഞു.
തെലുങ്കാന മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസ്‌ പ്രതിനിധിസംഘം കഴിഞ്ഞദിവസം സോണിയാ ഗാന്ധിയെ കണ്ടിരുന്നു. ടി.ആര്‍.എസ്‌. കോണ്‍ഗ്രസില്‍ ചേരുമെന്നാണു പ്രതീക്ഷയെന്നു സംഘത്തിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സത്യനാരായണ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.

തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്ര നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറുമായിരുന്ന റാവു ടി.ആര്‍.എസ്‌. രൂപീകരിച്ച്‌ തെലുങ്കാനയ്‌ക്കായി സമരരംഗത്തായിരുന്നു.പത്തുവര്‍ഷമായി തെലുങ്കാന പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള റാവു, ആദ്യ യു.പി.എ. സര്‍ക്കാര്‍ പ്രത്യേക സംസ്‌ഥാനമെന്ന ആവശ്യം സഫലമാക്കാത്തതിനെത്തുടര്‍ന്ന്‌ 2009-ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ സഖ്യമുണ്ടാക്കി. എന്നാല്‍, പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാത്തത്‌ റാവുവിന്‌ തിരിച്ചടിയായി.