പാർട്ടി ഓഫീസിൽ നടത്തുന്ന വിവാഹത്തിന് നിയമ സാധുതയില്ലെന്ന് ഹൈക്കോടതി

single-img
24 February 2014

keralaപാർട്ടി  ഓഫീസിൽ നടത്തുന്ന  വിവാഹത്തിന്  നിയമ സാധുതയില്ലെന്ന് ഹൈക്കോടതി. കോട്ടയം പമ്പാടി സ്വദേശി സാബു കെ. ഏലിയാസ്‌ നൽകിയ ഹേബിയസ്‌ കോർപ്പസ്‌ ഹർജിയിലാണ്‌ ജസ്റ്റിസുമാരായ ആന്റണി ഡൊമനിക്ക്‌, അനിൽ കെ. നരേന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്‌.പ്ലസ് ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ കഴിഞ്ഞ ഫെബ്രുവരി 10 മുതൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ പെൺകുട്ടിയും യുവാവും  ഹാജരായി.  തങ്ങൾ നെടുമുടി സി.പി.എം ഓഫീസിൽ വച്ച് വിവാഹം കഴിച്ചെന്നും ബന്ധപ്പെട്ട പഞ്ചായത്തിൽ രജിസ്റ്റർ ചെയ്‌തെന്നും കോടതിയെ അറിയിച്ചു.  ഈ സമയത്താണ് പാർട്ടി ഓഫീസിൽ നടന്ന വിവാഹത്തിന് നിയമ സാധുതയില്ലെന്ന്  കോടതി വ്യക്തമാക്കിയത്‌.

കേരള രജിസ്‌ട്രേഷൻ ഒഫ്‌ മാര്യേജ്‌ കോമൺ റൂൾ 2008   (11-ാം റൂൾ ) അനുസരിച്ച് വിവാഹം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണം. സ്‌പെഷ്യൽ മാര്യേജ്‌ ആക്ട്‌ പ്രകാരമോ,   മതാചാരപ്രകാരമോ നടത്തിയ വിവാഹങ്ങൾ മാത്രമേ ഇപ്രകാരം രജിസ്റ്റർ ചെയ്യാനാകൂ. ഇതിന് രേഖകൾ ഹാജരാക്കണം.  പാർട്ടി  ഓഫീസിൽ വച്ച് വിവാഹം കഴിച്ചെന്ന രേഖ ഹാജരാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതു ശരിയല്ല.സ്‌പെഷ്യൽ മാര്യേജ്‌ ആക്ട്‌ പ്രകാരം വീണ്ടും രജിസ്റ്റർ ചെയ്യാമെന്ന് ഇരുവരും വ്യക്തമാക്കിയ സാഹചര്യത്തിൽ പെൺകുട്ടിയെ യുവാവിനോടൊപ്പം വിട്ടു.