അമൃതാനന്ദമയി മഠത്തിനെതിരെ സുപ്രീംകോടതി അഭിഭാഷകന്റെ പരാതി

single-img
24 February 2014

അമൃതാനന്ദമയി മഠത്തിലെ പഴയ അന്തേവാസി ആയിരുന്ന ഗെയ്ല്‍ ട്രേഡ്വെല്‍ എന്ന ആസ്ട്രേലിയന്‍ യുവതിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ  അടിസ്ഥാനത്തില്‍ അമൃതാനന്ദമയിയുടെ മുഖ്യശിഷ്യനായ അമൃതസ്വരൂപാനന്ദയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു.സുപ്രീം കോടതി അഭിഭാഷകനായ  ദീപക്‌ പ്രകാശാണ്‌ കരുനാഗപള്ളി പോലീസിന് ഇ-മെയില്‍ ആയി പരാതി നല്‍കിയത്.ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

അമൃതാനന്ദമയിയുടെ സന്തതസഹചാരിയായിരുന്ന വിദേശവനിത ഗെയ്ല്‍ ട്രെഡ്വല്ലിന്റെ വിശുദ്ധ നരകം വിശ്വാസത്തിന്റേയും ശുദ്ധ ഭ്രാന്തിന്റേയും ഓര്‍മ്മപ്പെടുത്തല്‍ എന്ന പുസ്തകത്തില്‍ അമൃതാനന്ദമയിമഠത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ബലാത്സംഗം, കള്ളപ്പണനിക്ഷേപം തുടങ്ങിയ ആരോപണങ്ങള്‍ പുസ്തകത്തില്‍ ഉണ്ടായിരുന്നെങ്കിലും നടപടി എടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.പുസ്തകത്തിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കാതിരുന്ന പോലീസ് ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു.

ബലാത്സംഗം, വഞ്ചന, വിദേശനാണയ വിനിമയ ചട്ടലംഘനം, ദേശസുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളെ ചുമത്തി കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.മഠത്തിനെതിരെ കേസെടുക്കാത്തത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും പരാതിയിലുണ്ട്.സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള പുതിയ ലൈംഗികാതിക്രമ നിയമങ്ങളില്‍ കേസടെുക്കുന്നതിന് വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് 6 മാസം വരെ തടവ് ശിക്ഷ നല്‍കാമെന്നും കേസ് എടുത്തില്ലെങ്കില്‍ കോടതീയലക്ഷ്യ കാര്യം സുപ്രീംകോടതിയില്‍ ഉന്നയിക്കുമെന്നും അഭിഭാഷകന്റെ പരാതിയില്‍ ഉണ്ട്.

അഭിഭാഷകന്‍ ദീപക് പ്രകാശ് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.പ്രാഥമികാന്വേഷണം നടക്കുകയാണെന്നും അവര്‍ പറഞ്ഞു.