ആറന്മുള വിമാനത്താവളം തെറ്റായ വികസനമാതൃക : വി എം സുധീരന്‍

single-img
21 February 2014

തിരുവനന്തപുരം: ആറന്മുള വിമാനത്താവളം തെറ്റായ വികസന മാതൃകയാണെന്ന് കെ.പി.സി.സി പ്രസി‌ഡന്ര് വി.എം.സുധീരൻ പറഞ്ഞു. ഇക്കാര്യത്തിൽ മുൻ എൽ.ഡി.എഫ് സർക്കാരിനാണ് ആ തെറ്റ് ആദ്യം  സംഭവിച്ചത്. പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ ആ തെറ്റ് പിന്തുടരുകയായിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വി.എസ് അച്യുതാനന്ദന് പറ്റിയ ഒരു തെറ്റാണത്. മതിയായ പഠനം നടത്താതെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയത്. എന്നാല്‍ അതിനെ പിന്‍പറ്റിയുള്ള തെറ്റുകള്‍ യു.ഡി.എഫ് സര്‍ക്കാരും ചെയ്തു. കേരളത്തില്‍ പലയിടത്തും മതിയായ അംഗീകരമില്ലാത്ത പദ്ധതികളുണ്ട്. തത്വത്തിലുള്ള അംഗീകാരം തെറ്റുകള്‍ക്ക് ഇടവരുത്തും. ആറന്മുള ആവര്‍ത്തിച്ചാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം വരുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഹൈക്കമാന്‍ഡ് നോമിനിയായാണ് കെ.പി.സി.സി പ്രസിഡന്റായതെന്ന് ചോദ്യത്തിന് മറുപടിയായി സുധീരന്‍ പറഞ്ഞു. താന്‍ രാഹുലിന്റെ നോമിനിയല്ല. എന്നാല്‍ തന്റെ നിയമനത്തില്‍ രാഹുല്‍ ഗാന്ധിക്ക് പങ്കുണ്ട്. ഹൈക്കമാന്‍ഡ് നിശ്ചയിക്കുന്ന ആളെ മുഴുവന്‍ കോണ്‍ഗ്രസുകാരും അംഗീകരിക്കും. കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും ഗ്രൂപ്പുണ്ട്. കോണ്‍ഗ്രസ് ഒറ്റഗ്രൂപ്പ് എന്ന സോണിയഗാന്ധിയുടെ പ്രസ്താവന പ്രവര്‍ത്തകര്‍ നെഞ്ചേറ്റി.

തന്റെ സ്ഥാനാരോഹണ ചടങ്ങ് അടക്കമുള്ള പരിപാടികളിൽ നിന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിട്ടുനിന്നത് തെറ്റായ സന്ദേശം നൽകി. എന്നാൽ ഇപ്പോൾ അതു സംബന്ധിച്ച ധാരണപ്പിശകുകൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. സുധീരന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വൈകിയാണ് എത്തിയത്. പിന്നീട് തിരുവനന്തപുരം ഡി.സി.സി സുധീരന് നൽകിയ സ്വീകരണ ചടങ്ങിലും ഉമ്മൻചാണ്ടി പങ്കെടുത്തിരുന്നില്ല. ഇത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.