കോഴിക്കോട് എന്‍ ഐ ടിയില്‍ മതിലിടിഞ്ഞ് വീണു വിദ്യാര്‍ഥി മരിച്ചു : വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തില്‍

single-img
18 February 2014

കോഴിക്കോട് : കോഴിക്കോട് എന്‍ ഐ ടിയില്‍ സ്ക്വാഷ് കോര്‍ട്ടിലെ മതിലിടിഞ്ഞ് വീണു വിദ്യാര്‍ഥി മരിച്ചു.ആന്ധ്രാപ്രദേശ് സ്വദേശിയായ മന്നം വെങ്കിടേശ്വരലൂ ആണ് മരിച്ചത്.രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് വെങ്കിടേശ്വരലൂ.ശനിയാഴ്ച ഉച്ചയ്ക്ക് സ്ക്വാഷ് കളിക്കാന്‍ പോയ ഇയാളുടെ മുകളിലേയ്ക്ക് മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു.സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.

വെങ്കിടേശ്വരുലുവിന്റെ മരണത്തിനു കോളേജ് അധികൃതരുടെ അനാസ്ഥ ആണെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.ഈ ഇടിഞ്ഞു വീണ മതിലടക്കം അപകടകരമായി തുടരുന്ന കോളേജിലെ പല നിര്‍മിതികളെക്കുറിച്ചും വിദ്യാര്‍ഥികള്‍ നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതര്‍ വേണ്ട നടപടി എടുത്തില്ല എന്നാണു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.കോളേജിന്റെ ഡയറക്ടര്‍ എം എന്‍ ബന്ദോപാദ്ധ്യായ ഒരു ഏകാധിപതിയെപ്പോലെ ആണ് പെരുമാറുന്നത് എന്നും വിദ്യാര്‍ഥികള്‍ പറയുന്നു.സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടത്ര ഫണ്ട് കേന്ദ്ര ഗവണ്മെന്റും മറ്റും അനുവദിച്ചിട്ടും അത് വേണ്ട രീതിയില്‍ വിനിയോഗിക്കാത്ത കോളേജ് അധികൃതരുടെ അനാസ്ഥയാണ് ഒരു വിദ്യാര്‍ഥിയുടെ മരണത്തിലേയ്ക്ക് അടക്കം നയിച്ചത് എന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിനു നഷ്ടപരിഹാരം അനുവദിക്കണം എന്നും അധികൃതരുടെ അനാസ്ഥ പരിഹരിക്കണം എന്നും ആവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ തുടരുന്ന സമരം തുടരുന്നു.എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാത്ത കാമ്പസിലെ വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്താന്‍ തന്നെ ആണ് കോളേജ് അധികൃതരുടെ നീക്കം.കോളേജ് അനിശ്ചിതകാലത്തെയ്ക്ക് അടച്ചിട്ടു കൊണ്ടും ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു കൊണ്ടുമാണ് സമരത്തെ അധികൃതര്‍ നേരിടുന്നത്.

ക്ലാസ് സസ്പെന്ഡ് ചെയ്തു കൊണ്ടുള്ള കോളേജ് അധികൃതരുടെ ഉത്തരവിന്റെ കോപ്പി :