അമൃതപുരി ആശ്രമം ലൈംഗിക അതിക്രമണങ്ങളുടെ കേന്ദ്രം : അമൃതാനന്ദമയിക്ക് നേരെ ഗുരുതര ആരോപണങ്ങള്‍

single-img
18 February 2014

വള്ളിക്കാവിലെ ആള്‍ദൈവത്തിന്റെ ആശ്രമത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അവിടുത്തെ പഴയ ശിഷ്യയായ ആസ്ട്രേലിയന്‍ വനിതയുടെ പുസ്തകത്തിലുള്ളത്.ആശ്രമം ലൈംഗിക അതിക്രമണങ്ങളുടെയും അരാജകത്വത്തിന്റെയും കേന്ദ്രമായിരുന്നു എന്നും അവര്‍ ആരോപിക്കുന്നു.താന്‍ തന്നെ ആശ്രമത്തില്‍ പലതവണ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ട് എന്നും അവര്‍ വെളിപ്പെടുത്തുന്നു.

ആശ്രമത്തിലെ പ്രധാന ശിഷ്യനും അന്ന് ബാലു എന്ന് വിളിക്കപ്പെട്ടിരുന്നയാളുമായ മുടി വളര്‍ത്തിയ സ്വാമി ആണ് തന്നെ ബലാല്‍സംഗം ചെയ്തത് എന്ന് അവര്‍ വ്യക്തമായി തന്നെ  പറയുന്നുണ്ട്.അമൃതാനന്ദമയി മഠം വൈസ് പ്രസിഡണ്ട്‌ അമൃത സ്വരൂപാനന്ദയുടെ പഴയ പേരാണ് ബാലുഈ സ്വാമിയ്ക്ക് അമൃതാനന്ദമയിയുമായുണ്ടായിരുന്ന ബന്ധത്തിന്റെ വിശുദ്ധിയെയും   ഇവര്‍ പുസ്തകത്തില്‍ പലയിടത്തും ചോദ്യം ചെയ്യുന്നുണ്ട്..ഇത്തരത്തിലുള്ള പലതും തനിക്കു നേരിട്ട് കാണേണ്ടി വന്നത് വിശദമായി തന്നെ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ബാലു,റാവു തുടങ്ങിയ ശിഷ്യന്മാര്‍ക്ക് ആള്‍ദൈവവുമായുണ്ടായിരുന്ന അവിഹിതബന്ധത്തിന്റെ സാക്ഷിയായതായി മറ്റൊരു സ്വാമിനിയായ പ്രിയ  പറഞ്ഞതും പുസ്തകത്തില്‍ ഉണ്ട്.ഇതേ സ്വാമിനി തന്നെ മറ്റൊരു ആശ്രമ അന്തേവാസിയായ പൈ അയച്ച കത്തില്‍ തനിക്കു ലൈംഗിക രോഗം പകര്‍ത്തിയതിന് ആള്‍ദൈവത്തെ കുറ്റപ്പെടുത്തി എന്നും ആ കത്ത് മറ്റു പുരുഷ അന്തേവാസികള്‍ കാണാതെയിരിക്കാന്‍ അവര്‍ കത്തിച്ചു കളഞ്ഞു എന്നും പറയുന്നതും പുസ്തകം വിവരിക്കുന്നു.

അമൃതാനന്ദമയിയ്ക്ക് ശ്രീകൃഷ്ണന്‍റെ ഭാവം വന്നതില്‍പ്പിന്നെ ആര്‍ത്തവം ഉണ്ടായിട്ടില്ല എന്നാണു അവരുടെ ജീവചരിത്രത്തില്‍ പറയുന്നത്.എന്നാല്‍ ഈ വാദത്തെ പുസ്തകം പൊളിച്ചടുക്കുന്നുണ്ട്.ഡോക്ടറെ കാണാന്‍ പോയപ്പോള്‍ അടക്കമുള്ള പല സന്ദര്‍ഭങ്ങളില്‍ ഈ വാദം തെറ്റാണ് എന്ന് തനിക്കു നേരിട്ട് ബോദ്ധ്യപ്പെട്ടതായും ലേഖിക പറയുന്നു.

അമൃതാനന്ദമയിയുടെ പെരുമാറ്റം വളരെ വിചിത്രവും ക്രൂരവും ആയിരുന്നു എന്നും ഗ്രന്ഥകാരി പറയുന്നു.തന്നെ ചിലപ്പോള്‍ ഗായത്രി മോളെ എന്ന് വിളിക്കുന്ന അമ്മ ചിലപ്പോള്‍ ഗായത്രിയമ്മേ എന്നും പിന്നെ ദേഷ്യം വരുമ്പോള്‍ “പന്നപ്പട്ടീ” എന്നും വിളിക്കുമായിരുന്നു എന്നും ഗെയ്ല്‍ പറയുന്നു.പലപ്പോഴും തന്നെ അടിക്കുകയും ചവിട്ടുകയും കഴുത്തിന്‌ കുത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നുണ്ട്. ചാനലുകളിലൂടെ സ്നേഹവും തത്വചിന്തയും പഠിപ്പിക്കുന്ന ഒരു സന്യാസിനിയില്‍ നിന്നും വ്യത്യസ്തമായ ഒരു മുഖമാണ് ഈ പുസ്തകത്തില്‍ സുധാമണിക്ക് ഉള്ളത്.ബാലു എന്ന അമൃത സ്വരൂപാനന്ദയുടെ വളരെ മോശം ചിത്രമാണ് ഒരു പഴയ സഹപ്രവര്‍ത്തകയുടെ പുസ്തകം നല്‍കുന്നത്.

എന്തായാലും ഈ പുസ്തകം അമൃതാനന്ദമയിയെയും ആശ്രമത്തെയും സമൂഹത്തിനു മുന്നില്‍ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചത്. 1979 മുതല്‍ 1999 വരെയുള്ള ഇരുപതു വര്‍ഷക്കാലം അമൃതാനന്ദമയി മഠത്തില്‍ അന്തേവാസിനിയായിരുന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന ആസ്ട്രേലിയന്‍ വനിതയുടെ പുതിയ പുസ്തകമായ Holly Hell : A memoir of faith, devotion and pure madness (വിശുദ്ധ നരകം : വിശ്വാസത്തിന്റെയും ഭക്തിയുടെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പ് ) ലെ വെളിപ്പെടുത്തലുകള്‍ ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.പ്രസ്തുത പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ ചിലത് മാത്രമാണ് മുകളില്‍ പരാമര്‍ശിച്ചത്.എന്നാല്‍ ഇനിയും ഞെട്ടിക്കുന്ന അനവധി വിവരങ്ങളും വിവരണങ്ങളും നിറഞ്ഞതാണ്‌ ഈ പുസ്തകം.ആമസോണ്‍ വില്‍പ്പനയ്ക്ക് വെച്ച ഈ പുസ്തകം ഇപ്പോള്‍ തന്നെ സ്റ്റോക്ക്‌ തീര്‍ന്നതായാണ് കാണിക്കുന്നത്.