ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സോണിയാ ഗാന്ധിയുടെ നിർദേശം

single-img
16 February 2014

soniaഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സോണിയാ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ ഭാവിയെയും ഗതിയെയും നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.കോണ്‍ഗ്രസുകാരെല്ലാം ഒരു ഗ്രൂപ്പാണ് എന്നാലേ തെരഞ്ഞെടുപ്പില്‍ വിജയിക്കൂ. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടിയായ ഇടതുപക്ഷത്തെ രൂക്ഷമായ ഭാഷയിലാണ് സോണിയാ ഗാന്ധി വിമര്‍ശിച്ചത്. അക്രമ രാഷ്ട്രീയത്തിന്റെ പാത സിപിഎം ഉപേക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

എതിര്‍ക്കുന്നവരെ കായികമായി നേരിടുന്ന രീതി ജനാധിപത്യ വ്യവസ്ഥിതിക്ക് ചേര്‍ന്നതല്ല. പാവപ്പെട്ടവരുടെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സിപിഎം സാധാരണക്കാര്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അവര്‍ ചോദിച്ചു. ബംഗാളിലും കേരളത്തിലും ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊച്ചാനാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്. മാറ്റത്തിന്റെ പേരില്‍ കാലഹരണപ്പെട്ട ആശയങ്ങളുമായി വരുന്നവരെ അകറ്റിനിര്‍ത്താനുള്ള വിവേകം നാം കാണിക്കണം. ഇത്തരത്തില്‍ ഭിന്നിപ്പുണ്ടാക്കി ഭരണത്തിലേറാന്‍ ശ്രമിക്കുന്നവരെ സ്വീകരിക്കണോ എന്നത് ജനം തീരുമാനിക്കണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.ഇതുവരെയുള്ള തിരഞ്ഞെടുപ്പല്ല നടക്കാന്‍ പോകുന്നത്.ഗ്രൂപ്പിന്റെ അതി പ്രസരം മനം മടുപ്പിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരു ഗ്രൂപ്പേ ഉള്ളൂ . അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്.

ഗ്രൂപ്പ് അതി പ്രസരത്തില്‍ മനം മടുത്ത് പാര്‍ട്ടിക്ക് പുറത്തു പോയവര്‍ക്കോ നിഷ്‌ക്രിയരായവര്‍ക്കോ ഇനി നിരാശപ്പെടേണ്ടി വരില്ല. അവര്‍ക്കൊക്കെ പാര്‍ട്ടിയിലേക്ക് വീണ്ടും സ്വാഗതമെന്നും വിഎം സുധീരന്‍ കൊച്ചിയില്‍ പറഞ്ഞു.