മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം കൂട്ടി

single-img
16 February 2014

national rമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 212 രൂപ വേതനം കിട്ടും. ഇപ്പോള്‍ 180 രൂപയാണ് വേതനം നൽകുന്നത്.. ഇത് 32 രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 154 രൂപമുതല്‍ 236 രൂപവരെയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്.

വിലക്കയറ്റവും കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വിലസൂചികയിലെ വര്‍ദ്ധനവും ബന്ധിപ്പിച്ചാണ് കൂലി പുതുക്കാന്‍ മാനദണ്ഡമുണ്ടാക്കിയത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു. വര്‍ഷത്തില്‍ നൂറ് ദിവസമാണ് ഒരു കുടുംബത്തിന് ഈ പദ്ധതിയില്‍ ജോലി ലഭിക്കുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ അവരുടെ ഫണ്ടുകൂടി വിനിയോഗിച്ച് 150 ദിവസം തൊഴില്‍ നല്‍കുന്നുണ്ട്.

പുതിയ വിജ്ഞാപന പ്രകാരം ഹിമാചല്‍ പ്രദേശിലാണ് ഏറ്റവും കുറഞ്ഞ കൂലി. ഇവിടെ പ്രത്യേക പട്ടികയില്‍പ്പെടാത്ത സ്ഥലങ്ങളില്‍ 154 രൂപയാണ് നല്‍കേണ്ടത്. 155 രൂപയുള്ള അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ത്രിപുര എന്നിവയാണ് തൊട്ടുമുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ ഹരിയാനയിലാണ്-236 രൂപ. ആന്‍ഡമാന്‍ നിക്കോബാറിലെ നിക്കോബാര്‍ ജില്ലയില്‍ 235 രൂപയാണ് കൂലി നിശ്ചയിച്ചിട്ടുള്ളത്. തെക്കെയിന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂലിയുള്ളത് കേരളത്തിലാണ്.

നിലവില്‍ 156. 4 രൂപയായിരുന്നു തൊഴിലുറപ്പില്‍ ഇന്ത്യയിലെ ശരാശരി കൂലി. പുതിയ വര്‍ദ്ധനയോടെ ഇത് 174. 3 രൂപയായി. കേരളത്തില്‍ തുടക്കത്തിലെ 125 രൂപയില്‍ നിന്നാണ് ഇപ്പോഴത്തെ 212 ലേക്ക് എത്തിയത്. ഈ സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാര്‍ 33,000 കോടിയാണ് തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെച്ചത്. കൂലി കൂടിയതോടെ അടുത്ത സാമ്പത്തികവര്‍ഷം ആയിരംകോടി രൂപ അധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.